'ലെവിയാത'ന് സുവര്‍ണമയൂരം, 'എക് ഹസാര്‍ച്ചി നോട്ടി'ന് ഇരട്ട രജതമയൂരം

കെ.രമേഷ്

ഇന്ത്യയുടെ നാല്‍പത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം ആന്ദ്രേ സ്വഗ്നിസ്തേവ് സംവിധാനം ചെയ്ത റഷ്യന്‍ ചിത്രം 'ലെവിയാത'ന്. നാല്‍പതുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അഴിമതി ഗ്രസിച്ച റഷ്യയുടെ സാമൂഹികയാഥാര്‍ഥ്യം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരമായ രജതമയൂരവും ഇന്ത്യന്‍ സിനിമയുടെ ശതാബ്ദിയോട് അനുബന്ധിച്ച് മുന്‍ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ മികച്ച ചിത്രത്തിനുള്ള രജതമയൂരവും ശ്രീഹരി സാത്തെ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'ഏക് ഹസാര്‍ച്ചി നോട്ട്' നേടി.

യഥാക്രമം 15 ലക്ഷം, പത്തു ലക്ഷം എന്നിവയടങ്ങുന്നതാണ് ഈ പുരസ്കാരങ്ങള്‍. ഇസ്രയേലില്‍ നിന്നുള്ള 'ദ് കിന്റര്‍ഗാര്‍ട്ടന്‍ ടീച്ചര്‍' എന്ന ചിത്രത്തിലൂടെ നദാവ് ലാപിഡ് മികച്ച സംവിധായകനുള്ള രജതമയൂരം നേടി. 15 ലക്ഷം രൂപയാണ് സമ്മാനത്തുക. മല്‍സരവിഭാഗത്തിലെത്തിയ 'ലെവിയാത'നില്‍ പ്രധാന വേഷമിട്ട അലക്സി സെറúബ്രയാക്കോവും ബംഗാളി ചിത്രമായ ചോട്ടോദര്‍ ചോംബിയില്‍ ഉയരം കുറഞ്ഞവരുടെ ജീവിതനൊമ്പരങ്ങള്‍ അവസ്മരണീയമാക്കിയ ദുലാല്‍ സര്‍ക്കാരും മികച്ച നടന് ഏര്‍പ്പെടുത്തിയ പത്തു ലക്ഷം രൂപ സമ്മാനത്തുകയുള്ള രജതമയൂരം പങ്കിട്ടു. ദ് കിന്റര്‍ഗാര്‍ട്ടന്‍ ടീച്ചറിലെ നായിക സരിത് ലാറിയും ക്യൂബന്‍ ചിത്രമായ കോണ്‍ടക്ടയിലെ നായിക അലീന ക്രൂസും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. പത്തു ലക്ഷം രൂപയും രജതമയൂരവുമാണ് സമ്മാനം. 15 ചിത്രങ്ങളാണു മല്‍സര വിഭാഗത്തില്‍ ഉണ്ടായിരുന്നത്. മേളയുടെ സമാപന സമ്മേളനത്തില്‍ ജൂറി അധ്യക്ഷന്‍ പോളണ്ടിലെ ചലച്ചിത്രപ്രതിഭ സ്ളാവോമിര്‍ ഇത്സിയാക്കാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വര്‍ണശബളമായ ചടങ്ങില്‍ ഹോങ്കോങ് ചലച്ചിത്രകാരനായ വോങ് കര്‍വായ് ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനക്കുളള പുരസ്കാരം കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡില്‍ നിന്ന് ഏറ്റുവാങ്ങി. ബോളിവുഡ് താരം വഹീദാ റഹ്മാനും മലയാളിതാരം ജയറാമും സമാപനച്ചടങ്ങില്‍ മുഖ്യാതിഥികളായി. ബോളിവുഡ് താരം നാനാപടേക്കറും ചടങ്ങിനെത്തി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരത്തിനായി ഹോങ്കോങ്ങില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വോങ് കര്‍വായിന്റെ ദ് ഗ്രാന്‍ഡ്മാസ്റ്ററായിരുന്നു സമാപന ചിത്രം. പതിനൊന്നു നാള്‍ നീണ്ട ചലച്ചിത്ര മേളയില്‍ 78 രാജ്യങ്ങളില്‍ നിന്നുള്ള 180 വിദേശചിത്രങ്ങളടക്കം 350 ല്‍ ഏറെ സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ മിറാഷ്, നബാത്ത്, തിംബക്തു, ഷിവാസ്, ദ് ട്രൈബ്, ഇദാ, മോമി, എ ഹാര്‍ഡ് ഡേ തുടങ്ങിയവ പ്രതിനിധികളുടെ ശ്രദ്ധ നേടി.

© Copyright 2014 Manoramaonline. All rights reserved.