മികച്ച മലയാള ചിത്രങ്ങള്‍ക്ക് മേളയില്‍ അവഗണന: ബുദ്ധദേബ് ദാസ് ഗുപ്ത

രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മികച്ച മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായെന്ന് പ്രമുഖ ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത. മേളയുടെ ഭാഗമായി ചലച്ചിത്രവിദ്യാര്‍ഥികള്‍ക്കായി നടത്തിയ മാസ്റ്റേഴ്സ് ക്ളാസില്‍ സംസാരിക്കവേയാണ് മേള അധികൃതരെ പോലും ഞെട്ടിച്ച് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

മികച്ച ചലച്ചിത്രങ്ങളുടെ നാടാണ് കേരളം. കേരളത്തെ താന്‍ ജന്മനാട്ടിനെ പോലെയാണ് കാണുന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ പനോരമയില്‍ പല മികച്ച മലയാള ചിത്രങ്ങളും ഇടം നേടിയില്ല. പനോരമയിലേക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നവരുടെ പോരായ്മയാണിതെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിനൊപ്പം ബംഗാളി, മറാത്തി ഭാഷകളിലെ മികച്ച ചിത്രങ്ങള്‍ കണ്ടെത്തി ഉള്‍പ്പെടുത്താനുള്ള ഉള്‍ക്കാഴ്ച ഇതിന്റെ ജൂറി കാട്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പനോരമയില്‍ ചില മലയാള ചിത്രങ്ങള്‍ ഒഴിവാക്കിയെന്ന് കാട്ടി സംവിധായകന്‍ ഡോ.കെ.ബിജുവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള ചില ചലച്ചിത്രപ്രവര്‍ത്തകര്‍ മേളയില്‍ പ്രതിഷേധക്കൂട്ടായ്മ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബുദ്ധദേബ് ദാസ് ഗുപ്തയുടെ പ്രതികരണം.

© Copyright 2014 Manoramaonline. All rights reserved.