online-logo

കാലം മറക്കാത്ത ദൃശ്യചാരുത

അജയ് പി. മങ്ങാട്ട്

article-image

രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലെ ജൂറിത്തലവന്‍ അടക്കം മൂന്നു വിഖ്യാത സംവിധായകരുടെ പടങ്ങളാണു ജൂറിമൂവീസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ചൈനീസ് സിനിമയിലെ തലമുറസംവിധായകന്‍ ഷിയാ ഫൈ ആണ് ഇത്തവണ ഐഐഎഫ്കെയുടെ ജൂറിത്തലവന്‍. ചൈനയിലെ നാലാം തലമുറ സംവിധായകരിലൊരാളായ ഷിയാ ഫൈയ്ക്കു പ്രായം 72. മര്‍ദകസംസ്കാരത്തിനും സമൂഹത്തിനും മുന്നില്‍ ദുര്‍ബലരായിത്തീരുന്ന വ്യക്തിയുടെ ദുഖപൂര്‍ണമായ വിധിയാണു ഷിയാ ഫൈയുടെ സിനിമയുടെ പൊതുപ്രമേയം. ബെയ്ജിങ് ഫിലിം അക്കാദമിയുടെ ഫാക്കല്‍ട്ടിയിലുള്ള അദ്ദേഹം ഇതാദ്യമായിട്ടാണ് ഇന്ത്യയില്‍ ഒരു ചലച്ചിത്രോല്‍സവത്തില്‍ ജൂറിയായി എത്തുന്നത്.

ഷിയാ ഫൈയുടെ മൂന്നു പടങ്ങളാണു ജൂറിവിഭാഗത്തില്‍ ശ്രദ്ധാകേന്ദ്രമാകുക. എ ഗേള്‍ ഫ്രം ഹുനാന്‍ (1986), ബ്ളാക്ക് സ്നോ (1990), വുമന്‍ ഫ്രം ദ് ലേക്ക് ഓഫ് സെന്റഡ് ഗേള്‍സ് (1993) സുമിത്ര ഭാവെയുടെ മറാത്തിപ്പടം വാസ്തുപുരുഷ് (2003), തുര്‍ക്കി സംവിധായകന്‍ റെയ്സ് ജെലിക്കിന്റെ നൈറ്റ് ഓഫ് സൈലന്‍സ് (2012) എന്നിവയും ജൂറിവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. പാരമ്പര്യം, വ്യക്തിയുടെയും സമൂഹത്തിന്റെയും വിധി നിര്‍ണയിക്കുന്ന ഗ്രാമജീവിതമാണ് ഈ സിനിമയുടെ പൊതുവായ അന്തരീഷം. തുര്‍ക്കിയായാലും ഇന്ത്യയായാലും ചൈനയായാലും ഗ്രാമീണത ഗോത്രസ്വഭാവങ്ങളെയും കാലഹരണപ്പെട്ട ശീലങ്ങളെയും ഉപേക്ഷിക്കുന്നില്ല. ഷിയാ ഫൈയുടെ എ ഗേള്‍ ഫ്രം ഹുനാന്‍, 1920കളിലെ ചൈനീസ് പര്‍വതഗ്രാമത്തിലാണു നടക്കുന്നത്. പന്ത്രണ്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഗ്രാമാചാരപ്രകാരം കല്യാണം കഴിപ്പിക്കുകയാണ്. അതും രണ്ടുവയസുള്ള ആണ്‍കുട്ടിയുമായി. നിര്‍ദയമായ ബാലവിവാഹത്തിന്റെ റിയലിസ്റ്റ് ആയ ആവിഷ്കാരം നടത്തുന്നതിനൊപ്പം മര്‍ദിതരായവര്‍, പിന്നീട് അതേസമൂഹത്തിന്റെ മര്‍ദകരായി പരിണമിക്കുന്നതിന്റെ വൈരുദ്ധ്യം കൂടി ചലച്ചിത്രകാരന്‍ ആവിഷ്കരിക്കുന്നുണ്ട്.

തനിക്കൊരു കുഞ്ഞു പിറന്നുകഴിയുമ്പോള്‍ അവനു വേണ്ടി മറ്റൊരു ബാലികയെ കല്യാണം കഴിച്ചുകൊണ്ടുവരാന്‍ അവള്‍ തന്നെയാണു മുന്‍കൈ എടുക്കുന്നത്. ടിയാനന്‍മെന്‍ സ്ക്വയര്‍ സമരത്തിനുശേഷമുള്ള ചൈനീസ് നഗരജീവിതം ആവിഷ്കരിക്കുന്ന പടമാണ് ബ്ളാക്ക് സ്നോ(1990). മുഴുകുടിയനും കൂലിത്തല്ലുകാരനുമായി നടന്ന ഒരു ചെറുപ്പക്കാരന്‍ ഒരു കൊലക്കുറ്റത്തിന്റെ ശിക്ഷ കഴിഞ്ഞ് സ്വന്തം നാട്ടില്‍ തിരിച്ചെത്തുകയാണ്. ആ പട്ടണത്തില്‍ അപ്പോഴേക്കും അയാളുടെ പഴയ സംഘത്തിലെ ആളുകളെല്ലാം ഒന്നുകില്‍ ജയിലിലാകുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ അയാളെ അകറ്റിനിര്‍ത്തി. പഴയ തല്ലിപ്പൊളിജീവിതം വിട്ട് അയാള്‍ പട്ടണത്തില്‍ ഒരു തുണിക്കച്ചവടമൊക്കെ തുടങ്ങി സ്വസ്ഥമാകാനുള്ള ശ്രമമാണ്. എന്നാല്‍ അപ്പോഴേക്കും ക്രിമിനല്‍ബന്ധങ്ങള്‍വീണ്ടും തല പൊക്കുന്നു. ഒരു നിശാക്ളബിലെ പാട്ടുകാരിയുമായി ഇതിനിടെ ഒരു പ്രേമം തളിരിടുന്നുവെങ്കിലും അവിടെയും പ്രശ്നങ്ങളാണ്.

ഷിയാ ഫൈയുടെ ഏറ്റവും പ്രശസ്തമായ സിനിമകളിലൊന്നായ വുമന്‍ ഫ്രം ദ് ലേക്ക് ഓഫ് സെന്റഡ് സോള്‍സ് (1993) പ്രദര്‍ശിപ്പിക്കുന്നുണ്ട്. (ഡിവിഡി എഡിഷന്‍ തലക്കെട്ട് വുമന്‍ സീസെം ഓയില്‍ മേക്കര്‍ എന്നാണ്). ഒരു എണ്ണ മില്‍ സ്വന്തമായി നടത്തുന്ന സ്ത്രീ, കാലക്രമേണ ധനികയായി മാറി. മാനസികാസ്വാസ്ഥ്യമുള്ള മകന് അവള്‍ ഒരു വധുവിനെ അന്വേഷിക്കുകയാണ്. ഏതെങ്കിലും ദരിദ്രകുടുംബത്തില്‍നിന്ന് ഒരു പെണ്‍കുട്ടിയായിരുന്നു ലക്ഷ്യം. ഗ്രാമജീവിതത്തിലെ നിശ്ചലതയും കാപട്യവും മോഹഭംഗങ്ങളും ആവിഷ്കരിക്കുന്നു ഈ സിനിമ. സാംസ്കാരിക വിപ്ളവത്തിന്റെ ഇരുണ്ടകാലത്തിന്റെ നിഴലില്‍നിന്ന് ചൈനയുടെ സിനിമയെ മോചിച്ചത് ഷിയാ ഫൈയുടെ പടങ്ങളാണെന്നു വിലയിരുത്തപ്പെടുന്നു. സുമിത്ര ഭാവെയുടെ വാസ്തുപുരുഷ് ആണ് ജൂറിവിഭാഗത്തിലെ മറ്റൊരു ചിത്രം.

സുനില്‍ ശുക്താങ്കറിനൊപ്പം ചേര്‍ന്നു സംവിധാനം ചെയ്ത ഈ പടത്തില്‍ മുംബൈയില്‍ 40 വര്‍ഷം നീണ്ട ജീവിതത്തിനുശേഷം സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിയെത്തുന്ന മഗ്സാസെ അവാര്‍ഡ് ജേതാവായ ഡോ. ഭാസ്കര്‍ നാരായണ്‍ ദേശ്പാണ്ഡെയുടെ കഥ പറയുന്നു. കഴിഞ്ഞ ദശകത്തിലെ മികച്ച മറാത്തി സിനിമകളിലൊന്നാണിത്. തുര്‍ക്കിയില്‍നിന്നുള്ള നൈറ്റ് ഓഫ് സൈലന്‍സ് (2012) ആണ് ഈ വിഭാഗത്തിലെ അവസാനചിത്രം. തുര്‍ക്കിയിലെ വിദൂരമായൊരു ഗ്രാമത്തില്‍, രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പക തീര്‍ക്കാനായി അവര്‍ തമ്മില്‍ ഒരു വിവാഹബന്ധമുണ്ടാക്കുന്നു. അങ്ങനെ മധ്യവയസ്കനായ ഒരാളുടെ വധുവായിത്തീരാന്‍ നിര്‍ബന്ധിതയായിത്തീരുകയാണ് ഒരു പെണ്‍കുട്ടി. വിവാഹരാത്രിയിലെ ആഘോഷങ്ങളും ചടങ്ങും ശ്വാസംമുട്ടിക്കുന്ന അന്തരീഷമാണ് സിനിമയില്‍ സൃഷ്ടിക്കുന്നത്.

open-forum