online-logo

നിശാഗന്ധി നീയെത്ര ധന്യ

പ്രമോദ് ഗോപാലകൃഷ്ണന്‍

article-image

ബുധിയുടെ മുഖം പ്രകാശമാനമായത് പുതുതായി വാങ്ങുന്ന സാരിയെക്കുറിച്ചു പറഞ്ഞപ്പോഴല്ല. മകനു പുതിയ ഷര്‍ട്ടും മരുമകള്‍ക്കു പുതിയ സാരിയും കൊച്ചുമകനു കളിപ്പാട്ടങ്ങളും വാങ്ങുന്നതിനെക്കുറിച്ചു പറഞ്ഞപ്പോഴാണ്. സുദാമാ അപ്പോള്‍ പേടിച്ചു: ബുധിക്കു സമനില നഷടപ്പെട്ടോ? അവരുടെ മകന്‍ ആത്മഹത്യ ചെയ്തതാണ്. മരുമകള്‍ സ്വന്തം വീട്ടിലേക്കു തിരിച്ചുപോയിരുന്നു. കൊച്ചുമക്കളുമില്ല. കണ്ണീര്‍ കലരാത്ത ചിരിയുമായി ബുധി പറഞ്ഞു: എനിക്കു പ്രാന്തായില്ലാട്ടോ. ഞാന്‍ പറഞ്ഞതു നിന്നെപ്പറ്റിയാണ്. നിന്റ കുടുംബത്തെപ്പറ്റിയും.നമുക്കു തമ്മില്‍ രക്തബന്ധമില്ലെങ്കിലും നീയെനിക്കു മകനെപ്പോലെയാണെടാ. നമുക്കു നഗരത്തിലേക്കു പോകാം. വേണ്ടതെല്ലാം വാങ്ങിക്കാം.ഒന്നും വേണ്ടെന്നു സുദാമാ ആവര്‍ത്തിച്ചുപറഞ്ഞതാണ്. ബുധിയുണ്ടോ കേള്‍ക്കുന്നു. സ്നേഹത്തിന്റെ സൂര്യന്‍ കെട്ടുപോയ അവരുടെ ജീവിതം വിദര്‍ഭയുടെ കൃഷിസ്ഥലങ്ങള്‍പോലെ വരണ്ടുണങ്ങിക്കിടക്കുകയായിരുന്നു.

അവിടെ സന്തോഷത്തിന്റെയും സായൂജ്യത്തിന്റെയും മഴ പെയ്യുന്നതായി അവര്‍ കരുതിപ്പോയി. മഴ പെയ്തില്ലെന്നതോ പോട്ടെ, ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തത്തിലേക്കാണ് അവരുടെ ജീവിതം പതൃിച്ചത്. ഏക് ഹസാര്‍ച്ചി നോട്ട് എന്ന ഇന്ത്യന്‍ സിനിമ പറയുന്നത് ആ കഥയാണ്. രാഷ്ട്രീയക്കാരും പൊലീസുകാരും കൂടി കെടുത്തുന്ന ജീവിതാഹ്ളാദത്തെക്കുറിച്ച്. ശ്രീഹരി സാഥേയുടെ ആദ്യചിത്രം കാണാന്‍ കലാഭവനില്‍ നിറയെ പ്രേക്ഷകരുണ്ടായിരുന്നു. പക്ഷേ, ശ്രീ തീയറ്ററില്‍ സിദ്ധാര്‍ഥ ശിവയുടെ സാഹിര്‍ കാണാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ആദ്യ പ്രദര്‍ശനങ്ങളില്‍ സാഹിര്‍ കാണാന്‍ ആളുണ്ടായിരുന്നെങ്കിലും ഓരോ ഷോ കഴിയുന്നതനുസരിച്ച് പ്രേക്ഷകര്‍ കുറഞ്ഞുവന്നു.

ചിത്രം കഴിഞ്ഞപ്പോള്‍ കൈയ്യടിക്കാന്‍ ആരും മുതിര്‍ന്നില്ല. പലരും തിയറ്ററിലെ സുഖകരമായ തണുപ്പില്‍ മയങ്ങിപ്പോയിരുന്നു. കോപ്പിയടി വിവാദത്തിന്റെ ഇരുണ്ടനിഴലും ചിത്രത്തിന്റെ നിറം കെടുത്തി. പ്രതിനിധികളില്‍ ഒരാള്‍ പറഞ്ഞു: ഏയ്. ഇതു കോപ്പിയടിയൊന്നുമല്ല. കോപ്പിയടി ഒരു കലയാണ്. നന്നായി കോപ്പിയടിച്ചിട്ടും നല്ല മാര്‍ക്ക് വാങ്ങാത്ത കുട്ടിയെ എന്തിനു കൊള്ളാം ? സിദ്ധാര്‍ത്ഥ് ശിവ ഇത്തരമൊരു ക്രൂരമായ പരിഹാസത്തിനര്‍ഹനല്ല. നൂറ്റിയൊന്നുചോദ്യങ്ങളിലൂടെ പ്രതിഭയുടെ വാഗ്ദാനം നല്‍കിയ കലാകാരനാണ്. പക്ഷേ സഹീര്‍ അദ്ദേഹത്തിന്റെ പ്രതിഭയോടു നീതി പുലര്‍ത്തുന്ന ചിത്രമല്ല. അനുഭവത്തില്‍നിന്നും പാഠം പഠിച്ച് സിദ്ധാര്‍ഥ് തിരിച്ചുവരുമെന്നു പ്രതീക്ഷിക്കാം. ഉച്ചയ്ക്കു തിരക്ക് ശ്രീകുമാറിലായിരുന്നു. നട്ടുച്ചവെയില്‍ പുറത്തു കത്തിക്കാളുമ്പോള്‍ അകത്ത് കിം കി ഡൂക്ക് വെടിക്കെട്ടിനു തീപിടിപ്പിച്ചുകഴിഞ്ഞിരുന്നു. പ്രതികാരത്തിന്റെ മറ്റൊരു ചുടലച്ചാരം പൂശിയ ദൃശ്യഭീകരത. അക്രമം, പീഡനം, അസൂയ, രതി, അവിഹിതം....എല്ലാം പൃതിവുപോലെ.

ഒരു വ്യത്യാസം മാത്രമേ കണ്ടുള്ളൂ: പീഡനം തകര്‍ക്കുമ്പോള്‍ ചില കഥാപാത്രങ്ങള്‍ പീഡകരോടു ചോദിക്കുന്നുണ്ടായിരുന്നു: ഇത്രയൊക്കെ വേണോ? പ്രേക്ഷകര്‍ ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യമാണത്. ഒരുപക്ഷേ കിം കി ഡൂക്കിന്റെ മനസാക്ഷിയുടെ ചോദ്യമായിരിക്കാം അത്. അങ്ങനെയെങ്കില്‍ പ്രതീക്ഷയ്ക്കു വകയുണ്ട്. ആദ്യകാല ചിത്രങ്ങളെപ്പോലെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളുമായി അദ്ദേഹത്തിനു തിരിച്ചുവരാം. മലയാളികള്‍ കാത്തിരിക്കുന്നതതാണ്. സന്ധ്യയുടെ സുവര്‍ണവെളിച്ചം പൊന്നുപൂശിയ വീഥികള്‍ വൈകിട്ട് നിശാഗന്ധിയിലേക്കായിരുന്നു.

റഷ്യന്‍ സിനിമ ദ് പോസ്റ്റ്മാന്‍സ് വൈറ്റ് നൈറ്റ്സ് കാണാന്‍. ഇരച്ചെത്തിയ കാണികളെ നിരാശപ്പെടുത്തിക്കൊണ്ട് അവതാരകയുടെ അറിയിപ്പു വkന്നു. സാങ്കേതിക കാരണങ്ങളാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവാതെവന്നതില്‍ ഖേദിക്കുന്നു. പകരം ഓവര്‍ യുവര്‍ വോയ്സ്. മത-രാഷ്ട്ര ഭീകരതയുടെ ബലിയാടുകളുടെ നിശ്ശബ്ദ വേദനകളായിരുന്നു വിഷയം. പൃതുക്കെപ്പതുക്കെ പ്രേക്ഷകര്‍ എഴുന്നേറ്റുതുടങ്ങി. ആയിരക്കണക്കിനു വര്‍ണവിളക്കുകള്‍ പ്രഭ ചൊരിയുന്ന രാജവീഥിയിലേക്ക്. അപ്പോഴും സ്വാഗതകവാടത്തില്‍ ചെണ്ടമേളം തകര്‍ക്കുന്നുണ്ടായിരുന്നു. ജ്ഞാനപീഠമേറിയ കവി ഒഎന്‍വിയുടെ വരികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നതുപോലെ തോന്നി: നിശാഗന്ധി നീയെത്ര ധന്യ.

open-forum