online-logo

മേളയില്‍  എല്ലാവരും  പങ്കെടുക്കട്ടെ; പുതു സംസ്കാരം വളരട്ടെ

ഗിരീഷ് പുലിയൂര്‍ (കവി, മാധ്യമപ്രവര്‍ത്തകന്‍)

article-image

ഇത്തവണ ഫിലിം ഫെസ്റ്റിവല്‍  പൊതുവേ തൃപ്തിപ്പെടുത്തുന്നതായിരിക്കുമെന്ന് പ്രതീക്ഷ എനിക്കുണ്ട്. സംഘാടനവും  സിനിമകളുടെ നിലവാരവും  മെച്ചപ്പെടുമെന്ന സൂചനകളും  ലഭിച്ചിരുന്നു. അതിനാല്‍ തന്നെ മേളയ്ക്കായി ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞാന്‍  ഒരുങ്ങിയതും. എന്നാല്‍  മേള തുടങ്ങുന്നതിന് മുമ്പ് തന്നെ വളരെയേറെ പരാതികള്‍  ഉയര്‍ന്നു കഴിഞ്ഞു. അതിലൊന്ന് മേളയില്‍  പങ്കെടുക്കുന്നതിനുള്ള യോഗ്യതയെ സംബന്ധിച്ചുള്ളതായിരുന്നു. ഇംഗ്ലീഷ് പരിജ്ഞാനമുള്ളവര്‍ക്ക് മാത്രമുള്ളതാണ് മേളയെന്ന നിലപാട് വാര്‍ത്താ പ്രാധാന്യം  നേടിയതോടെ ഇതിനകം  മേളപ്പൂരം  ആരംഭിച്ചു കഴിഞ്ഞുവെന്നും പറയാം. ഓരോ വര്‍ഷം  കഴിയുന്തോറും  മേളയില്‍  സിനിമാ സാക്ഷരതയില്ലാത്തവരുടെ എണ്ണം  വര്‍ധിക്കുകയാണ്.

അത്തരത്തിലുള്ളവര്‍  സിനിമ കാണാന്‍, പഠിക്കാന്‍, ആസ്വദിക്കാന്‍  ഇരച്ചു കയറുന്ന കാഴ്ചകളാണ് ഓരോ മേളകളും  നല്‍കുന്നത്. ചിത്രകലയുടെ ചരിത്രവും  ഇതുപോലെയായിരുന്നു. ഒരു ചിത്രകലാ പ്രദര്‍ശനം  നടക്കുന്നുവെന്ന് അറിഞ്ഞാല്‍  പണ്ട് ആരും തന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കില്ലായിരുന്നു. എന്നാല്‍  ഇന്ന് ചിത്രകലാ പ്രദര്‍ശനം  കാണാനും  അതിന്റെ കലാകാരന്‍മാരെ അംഗീകരിക്കാനും  എല്ലാവരും  തയ്യാറാണ്. ഞാന്‍  സിനിമ സാക്ഷരത കുറഞ്ഞ ആളാണ്. എന്നാല്‍  എല്ലാ മേളയിലും  പങ്കെടുക്കാന്‍   ശ്രമിക്കാറുണ്ട്. പുതിയ സിനിമകളെ അറിയാനും  നല്ല സിനിമകള്‍  കാണാനുമാണ് ഞാന്‍  മേളയില്‍ എത്തുന്നത്. മേളയില്‍  കൂടുതല്‍  ചെറുപ്പക്കാര്‍  സിനിമ കാണാന്‍  കയറട്ടെ അതിന് യോഗ്യതയോ, ഭാഷാ പരിജ്ഞാനമോ കാര്യമാക്കേണ്ടതില്ല.

കാരണം  സിനിമകള്‍  സംവേദനം ചെയ്യുന്നത് ലോക സംസ്കാരങ്ങളെയാണ്. ഈ സംസ്കാര സംവേദനം  പുതിയൊരു മികച്ച സംസ്കാര രൂപീകരണത്തിന് കാരണമാകുമെന്നതിന് സംശയമില്ല. സിനിമകള്‍  പൂക്കള്‍ പോലെ മനസിന് സന്തോഷം  നല്‍കുകയോ മുള്ളുകള്‍ പോലെ മനസില്‍  തറയ്ക്കുകയോ ചെയ്യുന്നതാണ്. ഇത്തരത്തില്‍  സുഖ-ദുഃഖസമിശ്ര വികാരങ്ങള്‍  ദാനം ചെയ്യുന്ന മേളയിലേക്ക് യുവാക്കള്‍  ഇരച്ചു കയറട്ടെ സിനിമയെകുറിച്ച് അജ്ഞരായവര്‍  കൂടുതല്‍  പങ്കാളികളാകട്ടെ. എല്ലാ പോരായ്മകളും  പരിഹരിച്ച് ഇത്തവണത്തെ മേള വന്‍വിജയമാകട്ടെയെന്നും  ആശംസിക്കുന്നു.

open-forum