online-logo

മേള ആര്‍ട്ട് ഫിലിമുകളില്‍  ഒതുക്കരുത്

കെ സൂരജ് (തിരക്കഥാകൃത്ത് )

article-image

തികച്ചും  അച്ചടക്കമില്ലാത്ത മേളയെന്ന് കഴിഞ്ഞ തവണത്തെ മേളയെ വിശേഷിപ്പിക്കാം. പക്ഷെ അതിനൊരു സുഖമുണ്ടായിരുന്നു. ഉല്‍സവപ്പറമ്പില്‍  പോയി സിനിമ കാണുന്നതിന്റെ സുഖമായിരുന്നുവത്. അതപേക്ഷിച്ച് നോക്കുമ്പോള്‍  ഇത്തവണ മേളയില്‍  നിരവധി നവീകരണങ്ങളും  നിയന്ത്രണങ്ങളും  വന്നിട്ടുണ്ട്. അതില്‍  ഒരു ദിവസം  മൂന്ന് സിനിമകള്‍  മാത്രമേ കാണാന്‍  അനുവദിക്കുകയുള്ളൂവെന്നത് ഒരു ദുഃഖകരമായ കാര്യം. കഴിഞ്ഞ മേളകളില്‍  ഒരു ദിവസം  അഞ്ച് സിനിമകള്‍  പോലും  ഞാന്‍  കണ്ടിട്ടുണ്ട്.

എന്നാല്‍  ഈ മേളയില്‍  അത് നടക്കില്ലെന്ന് ഉറപ്പായി. റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍  എന്നിവിടങ്ങളില്‍  നിന്നാണ് നമ്മുടെ മേളയില്‍  ഏറ്റവുമധികം  ചിത്രങ്ങള്‍  എത്തുന്നത്. ഇതില്‍ നിന്നും  വ്യത്യസ്തമായി കഴിഞ്ഞ തവണ ചില ആഫ്രിക്കന്‍  സിനിമകള്‍  പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍  നിലവാരം  കുറഞ്ഞവയുണ്ടായിരുന്നെങ്കിലും  മേളയില്‍  പുതിയൊരു ട്രെന്‍ഡ് ഉണ്ടാക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിരുന്നുവത്.

ഇതുപോലെ നോര്‍ത്ത് അമേരിക്കന്‍  ചിത്രങ്ങളും  ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ ചിത്രങ്ങളും  കൂടി പാക്കേജുകളായി മേളയില്‍  ഉള്‍പ്പെടുത്തിയാല്‍  നന്നായിരുന്നു. പരമ്പരാഗതമായി മേളയില്‍  തുടര്‍ന്ന് പോരുന്ന മാനദണ്ഡങ്ങളില്‍  നിന്നും  മാറിചിന്തിക്കേണ്ട സമയമായിരിക്കുന്നുവെന്ന അഭിപ്രായവും  എനിക്കുണ്ട്. ഹോളിവുഡിന് നേരെ മേള കണ്ണടയ്ക്കേണ്ട കാര്യമുണ്ടോയെന്നതും  ചിന്തിക്കേണ്ടതാണ്. കലാമൂല്യമുള്ളതും  ഒപ്പം  കോമേഴ്ഷ്യല്‍  ആയിട്ടുള്ളതുമായ ചിത്രങ്ങളും  മേളയില്‍  പ്രദര്‍ശിപ്പിക്കാവുന്നതാണ്.

ആര്‍ട്ട് ഫിലിമിന് വേണ്ടി മാത്രമായുള്ള മേളയായി ഇതിനെ ഒതുക്കേണ്ട കാര്യമില്ല. പ്രത്യേക വിഷയങ്ങള്‍  കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ചില സിനിമകള്‍  മേളയില്‍  വരാറുണ്ട്. വ്യത്യസ്തമായ വിഷയങ്ങള്‍  ചര്‍ച്ച ചെയ്യുന്ന സിനിമകള്‍  കൂടുതല്‍  ഉള്‍പ്പെടുത്തുന്നത് വഴി മേളയെ കൂടുതല്‍  പൊലിമയുള്ളതാക്കാം. മേള കേരളത്തിന്റെ സിനിമാ ഉത്സവമാണ്. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും  ഒരു സിനിമാ വിദ്യാര്‍ത്ഥിയായി ഞാന്‍  എല്ലാ മേളയിലും  ഉണ്ടാകും.

open-forum