online-logo

ഇത്രയും സ്വതന്ത്രമായ മേള ലോകത്ത് മറ്റെങ്ങുമില്ല

ടാല ഹാലിദ് (മൊറോക്കെ സംവിധായിക)

article-image

ലോകത്തെ നിരവധി മേളകളില്‍ പങ്കെടുത്ത് അവസാനം ദുബായ് ഫിലിം ഫെസ്റ്റിവലിലും പങ്കെടുത്താണ് ഞാന്‍ കഴിഞ്ഞ ദിവസം ഐഎഫ്എഫ്കെയ്ക്ക് എത്തിയത്. ഇന്റര്‍നാഷണല്‍ മത്സര വിഭാഗത്തില്‍ എന്റെ ചിത്രമായ ദ നാര ഫ്രെയിം ഓഫ് നൈറ്റ് പ്രദര്‍ശിപ്പിച്ചു. ഇവിടുത്തെ ജനകീയ മേള സത്യത്തില്‍ എനിക്ക് നല്‍കുന്നത് അത്ഭുതം മാത്രമാണ്.

ഇത്രയും ഒാപ്പണായി, സ്വതന്ത്രമായി ഒരു ഫെസ്റ്റിവല്‍ ലോകത്തെങ്ങും നടക്കുന്നതായി എനിക്ക് അറിയില്ല. വ്യത്യസ്ത കാഴ്ചപ്പാടുള്ള ആളുകള്‍, വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ആളുകള്‍ വ്യത്യസ്ത വിഷയങ്ങളെ കാണുന്ന ഒരു മേള അതാണ് ഐ എഫ് എഫ് കെ. ലോക സിനിമയെ വളരെയധികം ഉള്‍ക്കൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് കേരളീയരും ഇൌ ഫെസ്റ്റിനെത്തുന്നവരുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.

അതിന്റെ പള്‍സ് അറിയാന്‍ കഴിഞ്ഞത് ഇവിടെ എത്തിച്ചേര്‍ന്നപ്പോള്‍ തന്നെയാണ്. സാധാരണ മേളകള്‍ വളരെ ക്ലോസ്ഡ് ആണ്. അവിടെ ചലച്ചിത്ര പ്രവര്‍ത്തകരായ ചിലരും മാധ്യമപ്രവര്‍ത്തകരും ക്ഷണിക്കപ്പെട്ട ചില അതിഥികളും മാത്രമേയുണ്ടാകൂ. എന്നാല്‍ ഇവിടെയോ? ആര്‍ക്കും പ്രവേശനം ലോകത്ത് ഒരിടത്തും ഇത്തരത്തില്‍ ഒരു അനുമതിയുണ്ടാകില്ലെന്നത് തന്നെയാണ് സിനിമയെ, ഫെസ്റ്റിനെ കേരളത്തില്‍ ഇത്രയും ജനകീയമാക്കുന്നത്. ഒരു മേള എന്നുപറയുമ്പോള്‍ അത് ഇങ്ങനെയൊക്കെ തന്നെയായിരിക്കണം.

ലോകത്തെ വിവിധ ദേശങ്ങളില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍ ഇവിടെ വരണം ഇൌ ഫെസ്റ്റിന്റെ ഭാഗമാകുകയും ഇത് കാണുകയും ചെയ്യണമെന്നൊരു അഭിപ്രായം കൂടി എനിക്കുണ്ട്. സംവിധായകന്റെ പോയിന്റ് ഒാഫ് വ്യൂവില്‍ പറയുകയാണെങ്കില്‍ സിനിമകളുടെ സ്വര്‍ഗമാണ് ഐ എഫ് എഫ് കെ. .

open-forum