നൂര്‍ജഹാനെപ്പോലെ മൊഞ്ചത്തി നസ്റിയ

സൂര്യ വി.

ആഗസ്ത് 21, ഫഹദ്- നസ്റിയ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവാഹത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ സിനിമാപ്രേമികള്‍ ഓരോരുത്തരും കണ്ണുനട്ട് കാത്തിരിക്കുന്ന വേള. ഇന്നലെ ആരംഭിച്ച ഹല്‍ദി സെറിമണിയുള്‍പ്പെടെ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഗംഭീര സെറ്റപ്പിലാണ് താരവിവാഹത്തിന്റെ ഒരുക്കങ്ങള്‍. നടി മീര നന്ദന്‍ ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്ത ഹല്‍ദി സെറിമണി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞതോടെ പലരും മൂക്കത്ത് വിരല്‍വെച്ച് ചോദിക്കാന്‍ തുടങ്ങി. എന്താ ഈ ചടങ്ങ്? നസ്രിയയുടെ കൈയ്യിലെന്താ മൈലാഞ്ചിയല്ലേ ഇടേണ്ടത്? ഇതെന്താ മഞ്ഞള്‍ തേച്ചിരിക്കുന്നത് എന്നൊക്കെ? എന്നാല്‍ കേട്ടോളൂ വമ്പന്‍ ആഘോഷങ്ങളുടെ മുന്നോടിയാണ് ഈ ഹല്‍ദി ചടങ്ങ്. പണ്ടു കാലത്ത് മുഗള്‍ സമ്രാട്ടുകളുടെ ഇടയില്‍ പ്രാചരത്തിലുള്ള ചടങ്ങുകളിലൊന്നാണ് ഹല്‍ദി.

മുന്‍പൊക്കെ വിവാഹത്തിന് ഏഴു ദിവസം മുമ്പ് തന്നെ ഹല്‍ദി ചടങ്ങ് ആരംഭിക്കും. ഇത് തുടങ്ങുന്നതോടെ മണവാട്ടിയെ അടുത്തബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും മാത്രമെ സന്ദര്‍ശിക്കാന്‍ അനുവാദമൊള്ളൂ. പ്രത്യേകം തയ്യാറാക്കിയ മഞ്ഞള്‍ ചേര്‍ത്ത ഔഷധക്കൂട്ട് വധുവിന്റെ ശരീരത്ത് തേയ്ക്കും. സൌന്ദര്യവര്‍ദ്ധനയ്ക്കുള്ള പൊടിയാണ് ഇത്. സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ആട്ടവും പാട്ടുമായിട്ടാണ് ചടങ്ങ് നടത്തുന്നത്. ഹല്‍ദി ചടങ്ങിന് സാധാരണയായി മഞ്ഞ നിറത്തിലുള്ള വേഷമാണ് പെണ്‍കുട്ടി ധരിക്കുക. പരാമ്പരാഗത മുസ്ളീം വിവാഹങ്ങള്‍ക്കാണ് ഹല്‍ദി നടത്തുക. കുടുംബത്തിന്റെ പ്രൌഡി വിളിച്ചോതുന്ന ചടങ്ങുകളില്‍ പ്രധാനമാണ് ഹല്‍ദി. ആലപ്പുഴയിലെ സേട്ടുമാരുടെ ഇടയില്‍ ഇന്നും പ്രചാരത്തിലുള്ള ചടങ്ങാണിത്.

ഇത്തരം വിവാഹങ്ങളില്‍ വധു അണിഞ്ഞൊരുങ്ങി ഇറങ്ങുന്ന വേഷത്തിനും പ്രത്യേകയുണ്ടാവും മുഖം മുഴുവന്‍ മൂടി വിശുദ്ധ ഖുര്‍ആന്‍ കൈയ്യില്‍ പിടിച്ചാകും വേദിയിലെത്തുക. തലമുടിയുടെ ഒരു വശത്ത് ധരിക്കുന്ന പെന്‍ഡന്റിനും പ്രത്യേകതകളുണ്ട്. മുസ്ളീം വധുവിനെ സംബന്ധിച്ച് വളരെ വിശിഷ്ടമായ ഒരു ആഭരണമാണത്.

സുറുമ എഴുതുക മുസ്ളീം വിവാഹത്തിന്റെ മറ്റൊരു സവിശേഷതായാണ്. സുറുമ എഴുതിയ നസ്റിയയുടെ മൊഞ്ച് വിവാഹനിശ്ചയത്തിനും കണ്ടതാണ്. അതുകൊണ്ട് നിക്കാഹിനും കണ്ണുകളുടെ സൌന്ദര്യത്തിന് പ്രത്യേകം പ്രധാന്യം നല്‍കുമെന്ന് ഉറപ്പാണ്. പേര്‍ഷ്യന്‍, മുഗള്‍ രീതി അനുസരിച്ച് തൂവെള്ള വസ്ത്രമാണ് വധു അണിയുക. നവതരംഗം അനുസരിച്ച് അറബിക്ക് ലാച്ചയും ലെഹന്‍ഗയും കാഞ്ചീപുരം സാരിയും ചോളിയുമൊക്കെ മുസ്ളീം പെണ്‍കുട്ടികള്‍ അണിയാറുണ്ട്.

വരന്റെ വേഷത്തിനുമുണ്ടാകും പ്രത്യേകത. നീളന്‍ കുര്‍ത്തയും തൊപ്പിയും അണിഞ്ഞാണ് വരന്‍ എത്തുന്നത്. ഫഹദ്- നസ്റിയ വിവാഹം പരമ്പാഗത രീതിയിലാകുമെന്നാണ് പ്രതീക്ഷ. തട്ടത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തുമെന്ന് സംശയം വേണ്ട. നസ്റിയയുടെ വസ്ത്രം മുംബൈയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും കേള്‍ക്കുന്നു. ഏതായാലും ഫഹദ്-നസ്റിയ വിവാഹം പാരമ്പര്യത്തിന്റെ എല്ലാ പകിട്ടേടും കൂടിയാകുമോയെന്ന് കണ്ടറിഞ്ഞ് തന്നെ കാണാം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഗായത്രി അജിത്ത്, മയൂരീസ് ബ്യൂട്ടിപാര്‍ലര്‍, കായംകുളം, ആലപ്പുഴ
(പ്രമുഖ സിനിമാതാരം നവ്യാനായരുടെ ബ്യൂട്ടിഷനാണ് ഗായത്രി)