മെയ്ഡ് ഫോര്‍ ഈച്ച് അദര്‍

സൂര്യ വി.

ആളും തരവും നോക്കി സിനിമ കാണുന്നവരാണ് മലയാളി പ്രേക്ഷകര്‍. പ്രണയസിനിമകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഇഷ്ടമില്ലാത്ത ജോഡിയാണെങ്കില്‍ പടം പൊട്ടിച്ച് കൈയ്യില്‍ കൊടുക്കുമെന്നത് നൂറുതരം. ഇത്തരം ജോഡികള്‍ ഉള്ളത് കൊണ്ട് മാത്രം ജയിച്ച മലയാള സിനിമകളും നിരവധിയാണ്. ശങ്കര്‍- മേനക, മോഹന്‍ലാല്‍-ശോഭന, ജയറാം-പാര്‍വതി, മമ്മൂട്ടി-സുഹാസിനി, ബിജുമേനോന്‍- സംയുക്ത, കുഞ്ചാക്കോ ബോബന്‍-ശാലിനി തുടങ്ങിയവര്‍ മലയാളിയുടെ 100ല്‍ 100 മാര്‍ക്ക് കിട്ടിയ ജോഡികളായിരുന്നു. ന്യൂജനറേഷനിലേക്ക് വരുമ്പോഴും ഇതേ പോലെ കൈയ്യടി നേടിയ ജോഡിയായിരുന്നു നസ്രിയയും-നിവിന്‍ പോളിയും. ബാംഗൂര്‍ ഡെയ്സിലേക്ക് വന്നപ്പോള്‍ ഇതിനൊരു ചെറിയ മാറ്റം. നസ്രിയയുടെ ജോഡിയാകുന്നത് ജീവിതത്തിലെ തന്നെ ജോഡിയാകാന്‍ പോകുന്ന ഫഹദ് ഫാസിലും.

ആദ്യമായി ഈ റിയല്‍ ലൈഫ് ജോഡികള്‍ ഒന്നിച്ച് അഭിനയിക്കുന്ന സിനിമ, എന്നിട്ടും മലയാളിയ്ക്ക് അത് അംഗീകരിക്കാന്‍ ഒരു പ്രയാസം. ഫഹദ്-നസ്രിയ വിവാഹ വാര്‍ത്തവന്നപ്പോള്‍ തന്നെ പ്രായത്തിന്റെ പേരില്‍ നെറ്റി ചുളിച്ചവരായിരുന്നു മലയാളികള്‍. പിന്നെ എന്തെങ്കിലും ആകട്ടെ അഞ്ജലിമോനോന്റെ സിനിമയല്ലേ, കണ്ടു കളയാം. പോരാത്തതിന് നസ്രിയയുടെ സൂപ്പര്‍ ജോഡികളായിരുന്ന ദുല്‍ഖറും, നിവിനും ചേട്ടന്മാരുടെ റോളില്ലെങ്കിലും ഉണ്ടല്ലോ എന്ന സമാധാനത്തിലായിരുന്നു മലയാളി ബാംഗൂര്‍ ഡെയ്സ് കാണാനിറങ്ങിയത്. എന്നാല്‍ മലയാളിയുടെ സ്ഥിരം അയ്യേ, ബോറ് എന്ന മുന്‍വിധിയെ അപ്പാടെ തകര്‍ക്കുന്നതായിരുന്നു ഫഹദ്-നസ്രിയ ജോഡി.

ഇവരുടെ ജീവിതത്തിലെ ഓഫ്സ്ക്രീന്‍ കെമിസ്ട്രി ആദ്യമായി മികവുറ്റതാക്കി സ്ക്രീനിലെത്തിച്ചതിന്റെ മുഴുവന്‍ കൈയ്യടിയും അഞ്ജലീമേനോനു സ്വന്തം. ലിപ് ലോക്കുകളില്ല, ഇഴുകിചേര്‍ന്നുള്ള രംഗങ്ങളില്ല എന്നിട്ടും ഫഹദിന്റെ റൊമാന്റിക്ക് നോട്ടങ്ങളിലൂടെ, നസ്രിയയുടെ കുട്ടിതത്തിലൂടെ ഈ ജോഡിയുടെ കെമിസ്ട്രി കൃത്യമായി മനസ്സിലാക്കി തരാന്‍ സാധിച്ചു. അതോടെ ഫഹദ്-നസ്രിയ ജോഡി നൂറുവട്ടം കൊള്ളില്ല എന്ന് പറഞ്ഞവര്‍ പോലും എവിടെയോ ഒരു കെമിസ്ട്രി ഉണ്ടെന്ന് പറയുന്നു. ഈ കെമിസ്ട്രി സിനിമ തീരുന്നതോടെ ഫഹദ്-നസ്രിയ ജോഡി മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ ആണെന്ന് തന്നെ പറയിപ്പിക്കുന്നു. പ്രായത്തിലും കാഴ്ച്ചയിലുമല്ല, ജീവിച്ചു കാണിക്കുന്നതിലാണ് മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന് ഫഹദ്- നസ്രിയ ജോഡിയിലൂടെ ബാംഗൂര്‍ ഡെയ്സും പറഞ്ഞു തരുന്നു.