നക്ഷത്രങ്ങള്‍ വിവാഹിതരായി

നസ്രിയ ഇനി ഫഹദിനു സ്വന്തം. തിരുവനന്തപുരം കഴക്കൂട്ടത്ത് സ്വകാര്യ ഹാളില്‍11.30 നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിnലായിരുന്നു ഫഹദ് ഫാസില്‍, നസ്രിയ വിവാഹം. മൈലാഞ്ചി ചോപ്പണിഞ്ഞ് ഫഹദ് ഫാസിലിന്റെ മണവാട്ടിയായി മലയാളത്തിലെ സിനിമാകുടുബത്തിന്റെ മരുമകളായി. സിനിമയില്‍നിന്ന് തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കാനാണ് നസ്രിയയുടെ തീരുമാനം. ഇരുവരും ദമ്പതികളായെത്തിയ അഞ്ജലി മേനോന്റെ ബാംഗൂര്‍ ഡേയ്സാണ് നസ്രിയ മലയാളത്തില്‍ അഭിനയിച്ച അവസാനചിത്രം. ചലച്ചിത്ര സാംസ്കാരിക മേഖലകളില്‍ നിന്ന് ഒട്ടേറെപ്പേര്‍ വിവാഹത്തില്‍ പങ്കെടുത്തു.

ആരാധകര്‍ക്ക് അത്ഭുതംസമ്മാനിച്ചാണ് ഫഹദ് നസ്രിയ വിവാഹവാര്‍ത്ത പോയവര്‍ഷം പുറത്തുവന്നത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണം ഫഹദിന്റെ അച്ഛനും സംവിധായകനുമായ ഫാസില്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പിന്നീട് താരജോടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹനിശ്ചയം.

മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കുമ്പോഴാണ് നസ്രിയ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹത്തോടെ നസ്രിയ വെള്ളിത്തിരയോട് ബൈ പറയുമോ എന്നത് ആരാധകര്‍ക്ക് വിഷമമുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ വിവാഹത്തില്‍ മലയാളി പ്രേക്ഷകര്‍ക്ക് അല്‍പം നിരാശയുണ്ടായിരുന്നു. എങ്കിലും വിവാഹ വാര്‍ത്തയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. നസ്രിയയെ ഫഹദിന്റെ പെണ്ണായി തന്നെ എല്ലാവരും കണ്ടു തുടങ്ങി. ബാംഗ്ളൂര്‍ ഡെയ്സ് എന്ന ചിത്രത്തിലെ ഭാര്യഭര്‍ത്താക്കന്‍മാരായുള്ള അഭിനയവും വന്‍ജനപ്രീതി നേടിയിരുന്നു. രാഷ്ട്രീയ, സിനിമ രംഗത്തെ പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.