ആറു മുതല്‍ അറുപത് വരെ



ജി പ്രമോദ്

കമല്‍ഹാസനോട് ഒരിക്കല്‍ എംജിആര്‍ ചോദിച്ചു: നിനക്ക് ആരാകാനാണ് ആഗ്രഹം? സയന്റിസ്റ്റ് അല്ലെങ്കില്‍ ഡോക്ടര്‍ അല്ലെങ്കില്‍...കമലിന്റെ മറുപടി നീണ്ടുപോയി. അപ്പോള്‍ എംജിആര്‍ ചിരിച്ചു. അല്ലെങ്കില്‍ അല്ലെങ്കില്‍ എന്നു പറഞ്ഞ് ഇപ്പോള്‍ത്തന്നെ പല ചോയ്സ് പറഞ്ഞല്ലോ. സത്യത്തില്‍ നിനക്ക് ആരാകണം?
സത്യത്തില്‍ അതു ഞാനിതുവരെ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു കമലിന്റെ മറുപടി.

പല പ്രമുഖരുടെയും ജീവിതവിജയത്തിന്റെ ആധാരം അവരുടെ ആഗ്രഹത്തിന്റെ വ്യക്തതയും ആവേശത്തിന്റെ തീഷ്ണതയുമായിരുന്നെങ്കില്‍ കമല്‍ഹാസനെ ഇന്ത്യയിലെ അറിയപ്പെടുന്ന നായകന്‍മാരിലൊരാളാക്കിയതു പുതുമയോടുള്ള ഒരിക്കലും തീരാത്ത കൌതുകവും പരീക്ഷണങ്ങള്‍ക്കുള്ള മനസ്സും മാറിക്കൊണ്ടിരിക്കുന്ന മോഹങ്ങളുമായിരുന്നു. അറിവിന്റെ ദ്വീപുകള്‍ വികസിക്കുന്തോറും അത്ഭുതത്തിന്റെ തീരരേഖയും വലുതാവുന്നുവെന്ന പ്രയോഗം കമല്‍ഹാസന്റെ ജീവിത തത്ത്വശാസ്ത്രം തന്നെയാണ്. ആറാംവയസ്സില്‍ രാഷ്ട്രപതിയില്‍നിന്നു മികച്ച ബാലനടനുള്ള പുരസ്കാരംനേടിയ ആള്‍ അറുപതാം വയസ്സിലും ചമയങ്ങള്‍ അണിഞ്ഞുതീര്‍ന്നിട്ടില്ല. ആ മുഖത്തു വിരിയാന്‍ ഇനിയും ഭാവങ്ങള്‍ കാത്തിരിക്കുന്നു. ആ ശരീരത്തിനു വഴങ്ങാനായി ആയോധനമുറകള്‍ ഇനുയുമുണ്ട്. നൃത്തച്ചുവടുകള്‍ ചിലങ്ക അണിയാന്‍ തുടിക്കുന്നു. ലാസ്യചലനങ്ങള്‍ രുപം കൊള്ളുന്നു.

1959 ല്‍ 'കളത്തൂര്‍ കണ്ണമ്മ'യില്‍ സെല്‍വം എന്ന ബാലനായി അഭിനയിക്കാനെത്തിയ അതേ ആവേശത്തോടെ ഏറ്റവും പുതിയ സിനിമയായ പാപനാശത്തിന്റെ സെറ്റില്‍ കമലുണ്ട്. ആറാം വയസ്സില്‍ ദരിദ്രസ്ത്രീക്കു ഭുപ്രഭുവിന്റ മകനില്‍ ജനിച്ച് അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടിയുടെ പോരാട്ടമായിരുന്നെങ്കില്‍ 'പാപനാശ'ത്തില്‍ പഴുതുകളില്ലാതെ കെട്ടിപ്പൊക്കിയ ഒരു രാജ്യത്തിന്റെ നീതിന്യായ- നിയമ വ്യവസ്ഥയോടാണു കമല്‍ എന്ന നടന്റെ പോരാട്ടം. എന്നും നനച്ചൊരുക്കിവച്ചിരിക്കുന്ന കളിമണ്ണു പോലെ കമല്‍ തയ്യാറാണ്; ഏതു രുപം ആര്‍ജിക്കാനും ഏതു ഭാവം പകരാനും ഏതു വികാരത്തില്‍ അറാടാനും തയ്യാറായി. അഭിനയത്തിന്റെ ദശാവതാരങ്ങളും ആടിക്കഴിഞ്ഞിട്ടും, അനുഭവങ്ങളുടെ മഹാസമുദ്രങ്ങള്‍ നീന്തിക്കടന്നിട്ടും ആറുവയസ്സിന്റെ കുസൃതിക്കണ്ണുകളില്‍ അറുപതിന്റെ തികവുമായി കമല്‍ ഇന്ത്യന്‍ സ്ക്രീനില്‍ അത്ഭുതങ്ങളുടെ വെള്ളിത്തിര വീശുന്നു.

നിത്യഹരിതനായകന്‍ എന്നു വിശേഷിപ്പിച്ചാല്‍ അതു കമലഹാസന്‍ എന്ന നടനോടു ചെയ്യുന്ന നീതിയാകില്ല. ഉലകനായന്‍ എന്നു വിശേഷിപ്പിച്ചാല്‍ അത് സിനിമ എന്ന കലയുടെ സര്‍വമേഖലകളിലും കൈവച്ചു വിജയിച്ച ആ പ്രതിഭയോടു ചെയ്യുന്ന അനീതി ആയിരിക്കും. വിശേഷണങ്ങള്‍ പഴകിയെന്നും വാഴ്ത്തുന്ന വാക്കുകള്‍ക്കു ശക്തി പോരെന്നും നിരന്തരം ഓര്‍മിപ്പിക്കുന്ന പ്രതിഭാവിലാസമാണു കമല്‍ഹാസന്‍. സ്വയം നവീകരിക്കുകയും പുതിയ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യുന്ന ആ പ്രതിഭ തന്നോടൊപ്പമുള്ളവരെയും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരേയും ക്ഷണിക്കുന്നത് പുതിയ മേച്ചില്‍പ്പുറങ്ങളിലേക്കാണ്...

ആറാം വയസ്സില്‍ തുടങ്ങി അറുപതു വയസ്സിലെത്തിനില്‍ക്കുന്ന കമല്‍ഹാസന്‍ സഹകരിച്ച സിനിമകളുടെയും അദ്ദേഹത്തിനു കിട്ടിയ അംഗീകാരങ്ങളുടെയും കണക്കെടുത്താല്‍ അതുതന്നെ വലിയൊരു ലേഖനമാകും. എങ്കിലും വിനയത്തോടെ, ആത്മവിശ്വാസത്തോടെ കമല്‍ പറയുന്നു: അവസാനശ്വാസം വരെ ഞാന്‍ സിനിമയ്ക്കൊപ്പമുണ്ടാകും. അറുപതു വര്‍ഷത്തെ ജീവിതം കൊണ്ട് ആഗ്രഹിച്ചതില്‍ പകുതിപോലും എനിക്കു ചെയ്യാനായിട്ടില്ല. ഒരുപാടു സ്വപ്നങ്ങള്‍ ഇനിയും ബാക്കിയുണ്ട്. നിങ്ങള്‍ ഇത്രയും കാലം എന്നോടുകാണിച്ച സ്നേഹം തുടര്‍ന്നും ഉണ്ടാകണമെന്നു മാത്രമേ എനിക്കപേക്ഷിക്കാനുള്ളൂ...''

പരമക്കുടി എന്ന കുഗ്രാമത്തില്‍ ശ്രീനിവാസ അയ്യങ്കാര്‍ക്ക് അമ്പതാം വയസ്സില്‍ പിറന്ന മകനാണ് കമല്‍ഹാസന്‍ . ചെറുപ്പത്തില്‍ ഉഴപ്പി നടന്ന അദ്ദേഹത്തെ ടികെ ഷണ്‍മുഖം അണ്ണാച്ചി അദ്ദേഹത്തിന്റെ നാടകസ്കൂളിലേക്കു വിളിച്ചു. അന്നു കമലിന്റെ അച്ഛന്‍ പറഞ്ഞു, അണ്ണാച്ചീ, ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവരും പഠിപ്പുള്ളവരാണ് ഞാന്‍ വക്കീലാണ്. എന്റെ ഭാര്യയുടെ അച്ഛന്‍ വക്കീലാണ് എന്റെ ആണ്‍മക്കള്‍ നിയമം പഠിച്ചുകൊണ്ടിരിക്കുന്നു. മകള്‍ ഡിഗ്രിക്കു പഠിക്കുന്നു. പഠിപ്പുള്ളവര്‍ വീട്ടില്‍ ധാരാളമുണ്ട് പക്ഷേ ഞങ്ങളുടെ കുടുംബത്തില്‍ ഒരു കലാകാരനില്ല അതുകൊണ്ട് ഇവന്‍ സ്കൂളില്‍ പഠിച്ചില്ലെങ്കിലും സാരമില്ല, നല്ല ആര്‍ട്ടിസ്റ്റായാല്‍ മതി. എട്ടാം ക്ളാസില്‍ പഠിപ്പു നിര്‍ത്തി കലയുടെ ലോകത്തേക്കെത്തിയ കമല്‍ഹാസന്‍ പിന്നീട വെള്ളിത്തിരയില്‍ ഡോക്ടറായി, എന്‍ജിനീയറായി, വക്കീലായി, കുള്ളനായി, സര്‍ക്കസുകാരനായി, പാട്ടുകാരനായി, നര്‍ത്തകനായി. പുരുഷനായിരിക്കെത്തന്നെ സ്ത്രീയായി(അവ്വൈ ഷണ്‍മുഖി). വീണ്ടും പുരുഷത്വത്തിലേക്കു മടങ്ങിവന്നു. ഒരു വ്യക്തി ജീവിതത്തില്‍ ആഗ്രഹിക്കുന്നതിനേക്കാളൊക്കെയേറെ വ്യത്യസ്തവും വിവിധവും അമ്പരപ്പിക്കുന്നതുമായ വേഷങ്ങള്‍ ചെയ്ത് അംഗീകാരങ്ങളും ബഹുമതികളും വാരിക്കൂട്ടി അച്ഛന്റെ ആഗ്രഹം സാക്ഷാത്കരിച്ചു.

ബാലനടനായി അഭിനയം. പിന്നെ പഠനം. അതു നിലച്ചപ്പോള്‍ പ്രശസ്തമായ മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ ഡാന്‍സ് ഡയറക്ടറായി കമല്‍. ഡാന്‍സ് സംവിധാനം ചെയ്യുന്നതും കളിക്കുന്നതും കമല്‍ തന്നെയായിരുന്നു. മലയാളത്തിലെ പ്രശസ്തനായ മധു ഉള്‍പ്പെടെ അനേകം നടന്‍മാര്‍ക്കുവേണ്ടി കമല്‍ നൃത്തച്ചുവടുകള്‍ ഒരുക്കി. ധാരാളം തമിഴ്, മലയാളം സിനിമകള്‍ക്കുവേണ്ടി ഡാന്‍സ് ചെയ്തു' . ആയിടയ്ക്കാണ് എംടി വാസുദേവന്‍ നായര്‍, സേതുമാധവന്‍ ടീം പുതിയൊരു പ്രോജക്ടിനെക്കുറിച്ച് ആലോചിക്കുന്നത്. എംടിയുടെ കന്യാകുമാരിയെന്ന കഥ സിനിമയാക്കുന്നു. കരിങ്കല്ലില്‍ ശില്‍പം തീര്‍ക്കുന്ന ശില്‍പിയും അയാളുടെ പ്രണയവുമാണു വിഷയം. കമല്‍ഹാസനെയാണ് ആ റോളിനുവേണ്ടി തിരഞ്ഞെടുത്തത്. അങ്ങനെ ആദ്യമായി കമല്‍ഹാസന്‍ നായകനായി കരിങ്കല്ലിലെ കവിത പ്രേക്ഷകരെ കേള്‍പ്പിച്ചു. പിന്നീട് അഭിനയത്തിനു സ്വയം സമര്‍പ്പിക്കുകയാണ് കമല്‍ ചെയ്തത്. നടനായി ഒതുങ്ങാതെ സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും അദ്ദേഹം പഠിച്ചു. സിനിമയെക്കുറിച്ചുള്ള ശില്‍പശാലകളില്‍ മുടങ്ങാതെ പങ്കെടുത്തു. ഹോളിവുഡില്‍നിന്ന് സംവിധാന കോഴ്സ് പഠിച്ചു. മേയ്ക്കപ്പ് കലയില്‍ വിദേശത്തു പോയി പരിശീലനം നേടി..

കമലിന്റെ ആദ്യകാലത്തെ പ്രശസ്തസിനിമകളിലൊന്നായ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങളില്‍ അമ്മയുടെ പ്രായമുള്ള സ്ത്രീയെ പ്രണയിക്കുന്ന യുവാവായാണ് അഭിനയിച്ചത്. അക്കാലത്ത് അതൊരു ധീര പരീക്ഷണമായിരുന്നു ആ സിനിമയ്ക്കു വേണ്ടി കമല്‍ മൃദംഗം വായിക്കാന്‍ പഠിച്ചു. പിന്നീട് 'അവള്‍ ഒരു തുടര്‍ക്കഥ'യ്ക്കുവേണ്ടി മിമിക്രി പഠിച്ചു. തേവര്‍ മകനു വേണ്ടി കമ്പടിയും തെനാലിക്കു വേണ്ടി ശ്രീലങ്കന്‍ തമിഴും ആളവന്താനുവേണ്ടി കമാന്‍ഡോ ട്രെയിനിങ്ങും പഠിച്ചു. സംവിധായകനോ നിര്‍മാതാവോ ആവശ്യപ്പെട്ടിട്ടല്ല കമല്‍ ഇതൊക്കെ ചെയ്തത്. പൂര്‍ണതയ്ക്കുവേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്; പ്രതിഭയുടെ ഉദാത്തമേഖലകളില്‍ മാത്രം സംതൃപ്തി കണ്ടെത്തുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ മനസ്സ്.

പതിനാറു വയതിനിലെ എന്ന സിനിമയിലും ചിപ്പിക്കുള്‍ മുത്തിലും ബുദ്ധിമാന്ദ്യമുള്ള കഥാപാത്രങ്ങളാണു കമല്‍ അഭിനയിച്ചത്. പക്ഷേ രണ്ടും വ്യത്യസ്തം. രാജപാര്‍വെയിലെ അന്ധന്‍, പുന്നഗൈ മന്നനിലെ ചാപ്ളിന്‍ ചെല്ലയ്യ, പുഷ്പക വിമാനത്തിലെ നിശ്ശബ്ദ നായകന്‍, അപൂര്‍വ സഹോദരങ്ങളിലെ കുള്ളന്‍, മൈക്കിള്‍ മദന കാമരാജനിലെ നാലു വേഷങ്ങള്‍, അവ്വൈ ഷണ്‍മുഖിയിലെ സ്ത്രീവേഷം, ഇന്ത്യനിലെ വൃദ്ധവേഷം... കമല്‍ എന്ന അഭിനയപ്രതിഭയുടെ അവാര്‍ഡുകളുടെ തൊപ്പിയില്‍ എത്രയോ പൊന്‍തൂവലുകള്‍....

നായകന്‍ എന്ന ചിത്രത്തിലെ നായ്ക്കരെ ജീവസുറ്റതാക്കാന്‍ മൂന്നു നേരം ചോറുണ്ട് 10 കിലോ തൂക്കം കൂട്ടിയിട്ടുണ്ട് കമല്‍. കമല്‍ഹാസന്‍ അന്നു പല മേയ്ക്കപ്പുകളും പരീക്ഷിച്ചു തൃപ്തി വന്നില്ല ഒടുവില്‍ തടി കൂട്ടി മുടി നടുവേ വകഞ്ഞ് പരത്തി ചീകി. അവ്വൈ ഷണ്‍മുഖിക്കു വേണ്ടി ശരീരത്തിലെ രോമം മുഴുവന്‍ വാക്സ് ചെയ്തു കളഞ്ഞു തലമുടി നീട്ടി ഒതുക്കിക്കെട്ടി. അഞ്ചു മണിക്കൂറിലേറെ വേണ്ടി വന്നു മേയ്ക്ക്പ്പിന്. രാവിലെ മൂന്നരയ്ക്കും നാലിനുമുണര്‍ന്നു മേയ്ക്കപ്പിടും. രാവിലെ പത്തുമുതല്‍ വൈകിട്ടു നാലുവരെ ഷൂട്ടിങ് അതുവരെ ഒന്നും കഴിക്കാന്‍ പറ്റില്ല. അഭിനയപൂര്‍ണതയ്ക്കുവേണ്ടി കമല്‍ സഹിച്ച ത്യാഗങ്ങള്‍ ഇനിയുമെത്രയോ.

കമലും മലയാളവും തമ്മിലുള്ളത് ആത്മബന്ധമാണ്. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: അച്ഛനമ്മമാര്‍ തമിഴ്നാട്ടുകാരാണ്. ഞാന്‍ ജനിച്ചതു പരമക്കുടി എന്ന ഗ്രാമത്തിലും വളര്‍ന്നതു ചെന്നൈ എന്ന മഹാനഗരത്തിലുമാണ്. എങ്കിലും ഞാന്‍ മലയാളിയാണ് ഏതു മലയാളിയെക്കാളും മലയാളി.

കുട്ടിക്കാലത്തേ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ കമലിനു സിനിമയും ജീവിതവും രണ്ടല്ലായിരുന്നു; ഒന്നുതന്നെയായിരുന്നു. സിനിമയില്‍ പലജീവിതങ്ങളും ജീവിച്ചെങ്കിലും ജീവിതത്തിലൊരിക്കലും അഭിനയിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. എങ്കിലും ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് അസംസ്കൃതവസ്തുക്കളായി മാറി. തേവര്‍ മകന്‍ എന്ന സിനിമയെക്കുറിച്ച് കമല്‍ പറഞ്ഞത് ഓര്‍ക്കുക: ജീവിതത്തില്‍ രണ്ടു സ്ത്രീകളുണ്ടാകുന്നതിന്റെ വേദന തേവര്‍ മകനില്‍ വന്നിട്ടുണ്ട്. ഞാന്‍ അത് അനുഭവിച്ചതാണ് അതുകൊണ്ട് എന്റെ സിനിമയില്‍ ആ വേദനയെപ്പറ്റി പറഞ്ഞതു തികഞ്ഞ സത്യസന്ധതയോടെയാണ് എന്നെ സ്ത്രീലമ്പടനാണെന്നു പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ അങ്ങനെയാണെങ്കില്‍ എനിക്കു വല്ല ചുവന്ന തെരുവിലും പോയാല്‍പ്പോരേ? ഞാനൊരിക്കലും ചുവന്ന തെരുവില്‍ പോയിട്ടില്ല കാരണം എനിക്കു ലൈംഗികത്തൊഴിലാളികളോടു ബഹുമാനമാണ്'

അറുപതു വയസ്സ് എന്നത് കമലിനു ജീവിത്തിലെ ഒരു വഴിത്തിരിവല്ല; ജീവിതവഴിയിലെ ഒരു അടയാളം മാത്രം. അഭിനയത്തിനും സംവിധാനത്തിനും തിരക്കഥയ്ക്കുമുള്‍പ്പെടെ രാഷ്ട്രപതിയുടേതുള്‍പ്പെടെ രാജ്യത്തെ ഉന്നത പുരസ്കാരങ്ങള്‍. 1990ല്‍ പത്മശ്രീ. 24 വര്‍ഷങ്ങള്‍ക്കു ശേഷം പത്മഭൂഷണ്‍. ഇനിയുമേറെ സഞ്ചരിക്കാനുണ്ട് കമലിന്; ഇനിയുമേറെ നേടാനുമുണ്ട്. അതിനു സാക്ഷികളാകാന്‍ കാത്തിരിക്കുന്നത് ഒന്നോ രണ്ടോ സംസ്ഥാനത്തെ ജനതയോ ഭാഷക്കാരോ മാത്രമല്ല; ഇന്ത്യ തന്നെയാണ്. ലോകമെങ്ങുമുള്ള മലയാളികളാണ്. അവര്‍ കാത്തിരിക്കുന്നു; അവരുടെ നായകന്റെ പുതിയ അവതാരങ്ങള്‍ക്കായി... .

Other Stories

അദ്ഭുതപ്പെടുത്തുന്ന പ്രതിഭ

ആറു മുതല്‍ അറുപത് വരെ

തങ്കത്തിളക്കമുള്ള അഭിനയചാതുര്യം

© Copyright 2014 Manoramaonline. All rights reserved.