ഒരു കിടിലന്‍ ഇടിക്കഥ

രാകേഷ് മനോഹരന്‍

ഗുസ്തിയില്‍ അമേരിക്കന്‍ ഒളിമ്പിക് ചാമ്പ്യന്‍ ആയിരുന്ന മാര്‍ക്ക് ഷള്‍ട്സിന്‍റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ബെന്നെറ്റ് മില്ലെര്‍ ഫോക്സ്ക്യാച്ചര്‍ എന്ന ചിത്രമെടുത്തിരിക്കുന്നത്. വ്യത്യസ്ത സ്വഭാവം ഉള്ളമൂന്നു പേരാണ് മുഖ്യ കഥാപാത്രങ്ങള്‍. മാര്‍ക്കും ഡേവും സഹോദരന്മാര്‍ ആണ്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട മാര്‍ക്കിനു ഡേവ് ആയിരുന്നു എല്ലാം. ഒരു ജ്യേഷ്ഠന്‍ എന്ന നിലയില്‍ ഡേവ് മാര്‍ക്കിനെ നേര്‍വഴിക്കു തന്നെ നയിച്ചു. മാര്‍ക്കും ജ്യേഷ്ഠനെ പോലെ ഒരു ഗുസ്തിക്കാരന്‍ ആയി മാറുന്നു. ഒളിമ്പിക് ചാമ്പ്യന്‍ ആയിരുന്നുവെങ്കിലും പിന്നീടുള്ള ജീവിതത്തില്‍ ലഭിക്കുന്ന ഒരു അംഗീകാര കുറവ് മാര്‍ക്കിനെ അലട്ടുന്നുണ്ട്. ചേട്ടന്‍റെ നിഴലിലായി പോയ മാര്‍ക്കിന് ഒറ്റയ്ക്ക് പേരെടുക്കാന്‍ ഒരാഗ്രഹവും ഉണ്ട്. അപ്പോഴാണ്‌ ഒരു ദിവസം "ജോണ്‍ ടു പോണ്ട്" എന്ന കോടീശ്വരന്റെ ഓഫീസില്‍ നിന്നും മാര്‍ക്കിനു വിളി വരുന്നത്. മാര്‍ക്ക് അയാള്‍ നല്‍കിയ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പറഞ്ഞ സ്ഥലത്തെത്തുന്നു. താന്‍ സ്വയം ഒരു മികച്ച ഗുസ്തി പരിശീലകന്‍ ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ ജോണ്‍ മാര്‍ക്കിനോട് അയാള്‍ക്ക്‌ അമേരിക്കയോട് ഉള്ള പ്രതിബദ്ധതയും ദേശ സ്നേഹവും അറിയിക്കുന്നു. സോവിയറ്റ് റഷ്യ ഒളിമ്പിക് ഗുസ്തി ശക്തികള്‍ ആണെന്നും അവരെ തറ പറ്റിക്കാന്‍ ഒരു ദേശ സ്നേഹിയായ താന്‍ നടത്തുന്ന ഫോക്സ്ക്യാച്ചര്‍ എന്ന പരിശീലന സ്ഥാപനത്തില്‍ സഹകരിച്ചു സ്വര്‍ണ മെഡല്‍ നേടാന്‍ ആവശ്യപ്പെടുന്നു. കൂടാതെ ഒരു വലിയ തുകയും വാഗ്ദാനം ചെയ്യുന്നു.മാര്‍ക്കിന്റെ ജീവിത സ്വപ്നങ്ങളിലേക്ക് അടുക്കുന്ന ഒരു ഓഫര്‍. കൂടെ മാര്‍ക്കിന്റെ ജിവിതം മാറ്റി മറിക്കുകയും ചെയ്യുന്നു. സ്റ്റീവ് കാരലും മാര്‍ക്ക് രഫലോയും ആണ് ഈ ചിത്രത്തില്‍ മികച്ചു നിന്നത്. നായകന്‍ ചാനിംഗ് ടാട്ടമിനേക്കാളും മികച്ച പ്രകടനം ആണ് അവര്‍ കാഴ്ച വച്ചത്. പ്രത്യേകിച്ചും സ്റ്റീവ് കാരള്‍. ഹോളിവുഡിലെ വന്‍മരം ആയ സ്റ്റീവ് കാരല്‍ കൂടുതലും തമാശ ചിത്രങ്ങളില്‍ ആണ് അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ ഈ ചിത്രത്തിലെ സങ്കീര്‍ണ മനസ്സുള്ള, ഒരു പ്രാഞ്ചിയെട്ടന്‍ എഫക്റ്റ് ഉള്ള ജോണ്‍ ആയി സ്റ്റീവ് ജീവിക്കുകയാനെന്നു തോന്നി. മട്ടിലും ഭാവത്തിലും ഉള്ള ഒരു മേക് ഓവര്‍ സ്ട്ടീവില്‍ ഉണ്ടായിരുന്നു. ഒരു അമേരിക്കന്‍ സ്പോര്‍ട്സ്/ഡ്രാമ ആണ് ചിത്രം.