ഓസ്കറിന്‍റെ ‘ഗുരു’

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച വാര്‍ത്തയായിരുന്നു രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു എന്ന മലയാള ചിത്രത്തിന് ഓസ്കാര്‍ എന്‍ട്രി ലഭിച്ചുവെന്നത്. മലയാള സിനിമയില്‍ അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക തരം അവതരണ രീതിയും ആശയവുമാണ് ഈ സിനിമയെ മികവുറ്റതാക്കി മാറ്റിയത്.

വിദേശ ഭാഷാ സിനിമക്കുള്ള ഓസ്കർ പുരസ്ക്കാരത്തിനായി ഇന്ത്യ നിർദ്ദേശിച്ച ആദ്യ മലയാള സിനിമയാണ് ഗുരു. സ്വപ്ന തുല്യമായ ഒരു വിഷയത്തെ 18 കൊല്ലങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ അന്നുവരെയുണ്ടായിട്ടുള്ള ഏറ്റവും മികച്ച കലാസംവിധാനത്തിലും പ്രമേയത്തിലും അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെയായിരുന്നു ഗുരുവിന്റെ വിജയം. ബുദ്ധിജീവികള്‍ക്കുള്ള ചിത്രമെന്ന് ആദ്യമൊക്കെ എഴുതി തള്ളപ്പെട്ടെങ്കിലും പിന്നീട് കുടുംബ പ്രേക്ഷകരെല്ലാം വീക്ഷിച്ച ചിത്രമായി ഇത് മാറുകയായിരുന്നു.

സേലത്തുള്ള ഒരു കരിങ്കല്‍ ക്വാറിയില്‍ മറ്റൊരു സ്വപ്നലോകം ലോകം സൃഷ്ടിച്ച് കലാസംവിധായകന്‍ മുത്തുരാജ് മലയാളികളെ ഒന്നടക്കം ഞെട്ടിച്ചപ്പോള്‍ സൂപ്പര്‍സ്റ്റാറായി തിളങ്ങി നിന്ന സമയത്ത് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചാണ് സുരേഷ്ഗോപി മലയാള സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തിയത്.

സിജി രാജേന്ദ്രബാബുവിന്റെ തിരക്കഥയില്‍ ഇളയരാജയുടെ സംഗീതവും മോഹന്‍ലാലിന്റെ അഭിനയ വൈദഗ്ദ്ധ്യവും ഗുരുവിന് നല്‍കിയത് ഒരു മികച്ച സിനിമാനുഭവമായിരുന്നു. അന്ധരിലൂടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു ഫാന്റസി കഥയൊരുക്കിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് ഒരു ഗുണപാഠമായിരുന്നു. മനുഷ്യ ജന്മത്തിലെ കൊള്ളരുതായ്മകളെയുംഅന്ധവിശ്വാസങ്ങളുടെയും കഥയായി ഗുരു മാറി. ഒപ്പം മലയാളികള്‍ക്ക് ഓസ്കാര്‍ സ്വപ്നം സമ്മാനിച്ച ഒരുചിത്രമായി.