ഓസ്കറില്‍ ജൂലിയന്‍ ജാലം...

നവീന്‍ മോഹന്‍

ആ പെണ്‍കുട്ടിയുടെ ഹൈസ്കൂള്‍ കാലത്തെ സ്വപ്നം ഡോക്ടറാവുകയെന്നതായിരുന്നു. എന്നാല്‍ ചില സ്കൂള്‍ നാടകങ്ങളിലെ അഭിനയം കണ്ട ഒരു അധ്യാപികയായിരുന്നു സിനിമാസ്വപ്നങ്ങളിലേക്ക് അവരെ വഴിതിരിച്ചുവിട്ടത്. ഏതുവേഷം ലഭിച്ചാലും അതിനോട് പെട്ടെന്നു തന്നെ ഇഴുകിച്ചേരാനുള്ള ആ പെണ്‍കുട്ടിയുടെ കഴിവു കണ്ട് പിന്നീട് സിനിമാലോകം അന്തംവിട്ടിരുന്നിട്ടുണ്ട്. ഇപ്പോഴിതാ മികച്ച അഭിനയത്തിന് ഹോളിവുഡിലെ പരമോന്നത ബഹുമതി തന്നെ അവരെ തേടിയെത്തിയിരിക്കുന്നു, അതും അന്‍പത്തിമൂന്നാം വയസ്സില്‍. കക്ഷി മറ്റാരുമല്ല-ജൂലിയന്‍ മൂര്‍.

സ്റ്റില്‍ ആലിസ് എന്ന ചിത്രത്തിലെ അല്‍ഷിമേഴ്സ് രോഗിയായ ഡോ.ആലിസിനെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഓസ്കര്‍ നേട്ടത്തിലേക്ക് ജൂലിയന്‍ നടന്നുകയറിയത്. തനിക്കു കിട്ടുന്ന കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്ന അഭിനയപാടവത്തിന് ജൂലിയന്‍ മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത് മിലിറ്ററി ജഡ്ജായിരുന്ന അച്ഛനാണ്. അച്ഛന്‍ സൈന്യത്തിലായിരുന്നതിനാല്‍ ജൂലിയന്റെ കുട്ടിക്കാലത്ത് സ്ഥലംമാറ്റങ്ങളുടെ ബഹളമായിരുന്നു. മാസച്യുസെറ്റ്സില്‍ സ്ഥിരതാമസമാകും മുന്‍പ് ജൂലിയന്‍ ഏകദേശം 23 അമേരിക്കന്‍ നഗരങ്ങളിലും ജര്‍മനിയിലും താമസിച്ചിട്ടുണ്ട്.

''ഏത് സ്ഥലത്തെത്തിയാലും അവിടത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ ഞാന്‍ പഠിച്ചത് അച്ഛന്റെ സ്ഥലംമാറ്റങ്ങളിലൂടെയാണ്. എന്റെ പുതിയ ചുറ്റുപാടുകളെ നിരീക്ഷിക്കാനും സ്വയം പുനഃപരിശോധിക്കാനുമെല്ലാം അതെനിക്ക് സഹായകരമായി. പിന്‍ക്കാലത്ത് അഭിനയത്തിലും സിനിമാചുറ്റുപാടുകളോട് എളുപ്പം പൊരുത്തപ്പെടാന്‍ എനിക്കായതും ഇതുകൊണ്ടൊക്കെത്തന്നെയാണ്...””'' ജൂലിയന്‍ പറയുന്നു. കൃത്യമായൊരു വരുമാനമില്ലാത്ത ജോലിയെന്ന കാരണത്താല്‍ ജൂലിയന്‍ നടിയാവുന്നതിനോട് അച്ഛനോ അമ്മയ്ക്കോ യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ മികച്ച അഭിനേത്രിയായി വളരുന്നതിനുള്ള സാഹചര്യം ആ മാതാപിതാക്കള്‍ അറിയാതെ തന്നെ മകള്‍ക്കു നല്‍കുകയായിരുന്നുവെന്നതാണു സത്യം.

ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് അഭിനയത്തില്‍ ബിരുദമെടുത്ത ശേഷം നേരെ സിനിമയിലേക്ക് ഓടിക്കയറുകയായിരുന്നില്ല ജൂലിയന്‍. ഒരു ഹോട്ടലില്‍ കുറച്ചുകാലം പരിചാരികയായി നിന്നു. പിന്നീട് 1984ല്‍ 'ദി എഡ്ജ് ഓഫ് നൈറ്റ്' എന്ന സീരിയലില്‍ ചെറിയൊരു വേഷത്തിലൂടെ അഭിനയലോകത്തെ തുടക്കം. 'ആസ് ദി വേള്‍ഡ് ടേണ്‍സ്' എന്ന പ്രശസ്ത അമേരിക്കന്‍ സീരിയലിലെ അഭിനയത്തിന് ഡേ ടൈം എമ്മി അവാര്‍ഡു കൂടി ലഭിച്ചതോടെ ബിഗ് സ്ക്രീനിലേക്കുള്ള പ്രവേശനം എളുപ്പമായി. 1990ലിറങ്ങിയ 'ടെയില്‍സ് ഫ്രം ദ് ഡാര്‍ക്ക് സൈഡ്' ആയിരുന്നു ആദ്യ ചിത്രം. 1997ല്‍ മുപ്പത്തിയേഴാം വയസ്സില്‍ പോള്‍ ആന്‍ഡേഴ്സന്റെ 'ബൂഗി നൈറ്റ്സി'ലൂടെ ഓസ്കര്‍ നോമിനേഷന്‍ കൂടി ലഭിച്ചതോടെ ഹോളിവുഡിലെ തിരക്കുള്ള നടിയായി ജൂലിയന്‍ മാറി.

അശ്ളീല സിനിമാനിര്‍മാണ ലോകത്തിന്റെ കഥ പറഞ്ഞ 'ബൂഗിനൈറ്റ്സി'ലെ വേഷം ഏറ്റെടുക്കാന്‍ പ്രമുഖനടിമാരില്‍ പലരും മടിച്ചപ്പോഴാണ് ഈ ബ്രിട്ടീഷ്-അമേരിക്കന്‍ നടി ധൈര്യത്തോടെ മുന്നോട്ടു വന്നത്. പിന്നീടങ്ങോട്ട് ഒട്ടേറെ അവസരങ്ങളും പുരസ്കാരങ്ങളുമായി അവര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1997ല്‍ത്തന്നെ സംവിധായകന്‍ സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ് തന്റെ ജുറാസിക് പാര്‍ക്ക് സീരീസിലെ 'ദി ലോസ്റ്റ് വേള്‍ഡ്' എന്ന ചിത്രത്തിലേക്കും ജൂലിയനെ ക്ഷണിച്ചു. പിന്നെ കൈ നിറയെ ചിത്രങ്ങള്‍. ഹിച്ച്കോക്കിന്റെ ക്ളാസിക് ചിത്രം സൈക്കോയുടെ റീമേക്ക്, കുക്കീസ് ഫോര്‍ച്യൂണ്‍, ആന്‍ ഐഡിയല്‍ ഹസ്ബന്റ്, മാഗ്നോളിയ, എന്‍ഡ് ഓഫ് ദി അഫയര്‍, ഫാര്‍ ഫ്രം ദി ഹെവന്‍, ദി അവേഴ്സ്, ഹാനിബാള്‍, ഷോര്‍ട് കട്ട്സ്, ചില്‍ഡ്രന്‍ ഓഫ് മെന്‍, സേഫ്, എ സിംഗിള്‍ മേന്‍, സ്റ്റില്‍ ആലിസ്...അങ്ങിനെയങ്ങിനെ ഇതുവരെ അറുപതോളം ചിത്രങ്ങള്‍.

2002ല്‍ മാത്രം രണ്ടു ചിത്രങ്ങളിലെ അഭിനയത്തിന് ഓസ്കര്‍ നോമിനേഷന്‍- ഫാര്‍ ഫ്രം ദി ഹെവനിലെ അഭിനയത്തിന് മികച്ച നടിയ്ക്കും ദി അവേഴ്സിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കും. 'മാപ്സ് ടു ദ് സ്റ്റാര്‍സ്' എന്ന ചിത്രത്തിന് കാനില്‍ മികച്ച നടിയായതുള്‍പ്പെടെ ഇതുവരെ ലഭിച്ചത് അന്‍പതിനടുത്ത് പുരസ്കാരങ്ങള്‍. അതില്‍ 11 എണ്ണവും 2002ല്‍. 2010ലിറങ്ങിയ 'ദി കിഡ്സ് ആര്‍ ഓള്‍റൈറ്റ്' എന്ന ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയായും ജൂലിയന്‍ അഭിനയിച്ചു. 'ഗെയിം ചെയ്ഞ്ച്' എന്ന ടിവി സീരീസില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സാറാ പേയ്ലിനായും വേഷമിട്ടു. അതിന് എമ്മി പുരസ്കാരവും ലഭിച്ചു. സാറാ പേയ്ലിനായി വേഷമിട്ടെങ്കിലും ബറാക് ഒബാമയുടെ കടുത്ത ആരാധികയാണ് ജൂലിയന്‍. കുട്ടികള്‍ക്കായി രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണത്തിനെതിരെ പോരാടുന്ന ഒരു സംഘടനയുടെ തലപ്പത്തുമുണ്ട് ജൂലിയന്‍. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂം സജീവം. കഴിഞ്ഞ വര്‍ഷം അഭിനയത്തില്‍ മുപ്പതാം വര്‍ഷം പൂര്‍ത്തിയാക്കി ജൂലിയന്‍. മറക്കാനാകാത്ത അഭിനയമുഹൂര്‍ത്തങ്ങളുടെ 'ജൂലിയന്‍ എഫക്ട്' സൃഷ്ടിച്ച് മുന്നേറുമ്പോഴും ലോകം കാത്തിരിക്കുകയാണ് കൂടുതല്‍ കൂടുതല്‍ ജൂലിയന്‍ജാലക്കാഴ്ചകള്‍ക്കായി...