ഇരുട്ടില്‍ കഥപറയുന്ന നൈറ്റ്ക്രോളര്‍

രാകേഷ് മനോഹരന്‍

വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ സെന്‍സേഷന്‍ ആക്കാന്‍ ഉള്ള പ്രവണത ദൃശ്യാ മാധ്യമങ്ങള്‍ തമ്മില്‍ ഉള്ള മത്സരങ്ങള്‍ക്കിടയില്‍ സംഭവിക്കാറുണ്ട്. പലപ്പോഴും നിരപരാധികള്‍ പോലും അത്തരം ശ്രമങ്ങളില്‍ അകപ്പെടാറും ഉണ്ട്. ഒരു പ്രത്യേക അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും ക്രൂരമായ സംഭവങ്ങള്‍ കൂടുതല്‍ പൊലിപ്പിച്ചു നല്‍കാറും ഉണ്ട്. നൈറ്റ്ക്രോളര്‍ എന്ന സിനിമയില്‍ ലൂയിസ് പറയുന്നുണ്ട് ജനങ്ങള്‍ക്ക്‌ ആവശ്യം ഉള്ള വാര്‍ത്തകള്‍ അവതരിപ്പാക്കാനെടുക്കുന്ന സമയത്തിന്‍റെ എത്രയോ ഇരട്ടി സമയം ആണ് ബ്രേക്കിംഗ് ന്യൂസ്‌ അവതരിപ്പിക്കാന്‍ ദൃശ്യ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് .ഒരു വിധത്തില്‍ നോക്കിയാല്‍ മാധ്യമങ്ങളുടെ പോക്ക് ആ വഴിക്കു തന്നെയാണ്.

ഇനി സിനിമയുടെ കഥയിലേക്ക്. ലൂയിസ് ബ്ലൂം എന്ന യുവാവ് ജീവിക്കാന്‍ ആയി പല ജോലികള്‍ ചെയ്തു നോക്കുന്നു. മോഷ്ട്ടാവ് വരെ ആയി അയാള്‍ മാറുമ്പോള്‍ ജീവിക്കാന്‍ മാന്യതയുള്ള ഒരു ജോലി നോക്കുമ്പോള്‍ മോഷ്ട്ടാവ് എന്ന ലേബല്‍ അയാളെ അറിയാവുന്നവരില്‍ നിന്നും പോലും ഒരു ജോലി ലഭിക്കാന്‍ ഉള്ള സാഹചര്യം കുറയ്ക്കുന്നു.ഒരു രാത്രി കാറില്‍ പോകുമ്പോള്‍ ആണ് ലൂയിസ് ആ ജോലിയെ കുറിച്ച് അറിയുന്നത്.രക്തം അന്വേഷിക്കുന്ന കണ്ണുകള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന ജോലി.നഗരത്തിലെ സെന്‍സേഷനല്‍ ആയ വാര്‍ത്തകള്‍ ക്യാമറയില്‍ പകര്‍ത്തി ചാനലുകള്‍ക്ക് വില്‍ക്കുക.അതിനായി അയാള്‍ ഒരു ക്യാംകോഡര്‍ വാങ്ങുന്നു കൂടെ പോലീസ് വയര്‍ലസ് സന്ദേശങ്ങള്‍ അറിയാന്‍ ഉള്ള ഒരു റേഡിയോ സ്കാനറും.ലൂയിസ് ആദ്യം ആയി ഷൂട്ട്‌ ചെയ്ത അപകടം ഒരു ടെലിവിഷന്‍ ചാനലിനു നല്‍കുമ്പോള്‍ ആ ജോലിയിലേക്ക് എന്താണ് തന്‍റെ മുതല്‍മുടക്ക് എന്ന് മനസിലാക്കുന്നു .

സഹായത്തിനായി അയാള്‍ 30 ഡോളര്‍ ഒരു രാത്രിയില്‍ കൊടുക്കാം എന്ന ഉറപ്പോടെ റിക്കിനെയും കൂട്ടുന്നു. ലൂയിസ് എല്ലാം ഇന്റര്‍നെറ്റില്‍ നിന്നും പഠിക്കുന്ന ആളാണ്‌. അത് കൊണ്ട് തന്നെ വിദ്യാഭ്യാസം കുറവായിരുന്നിട്ടു പോലും അയാള്‍ ഉറപ്പിച്ച ലക്ഷ്യങ്ങള്‍ തേടി അയാള്‍ തന്റെ യാത്ര തുടങ്ങുന്നു. ആ യാത്രയുടെ ബാക്കിയാണ് ഈ സിനിമ. ഇരുട്ടിന്റെ "വെളിച്ചത്തില്‍" ആണ് ചിത്രം ഉടനീളം അവതരിപ്പിച്ചിരിക്കുന്നത്.

ഇരുട്ടത്ത്‌ ദുഷ്ട ശക്തികള്‍ ഇറങ്ങും എന്ന വിശ്വാസം പോലെ തന്നെ ഇരുട്ടിന്റെ മറവില്‍ നടക്കുന്ന അത്തരം പ്രവര്‍ത്തികള്‍. ഹരം പിടിപ്പിക്കുന്ന കഥാപാത്രം ആയി ജേക് വീണ്ടും വിസ്മയിപ്പിക്കുന്നു. ഇനിയും ജേക്കില്‍ നിന്നും മികച്ച അഭിനയം ഉള്ള ചിത്രങ്ങള്‍ പ്രതീക്ഷിക്കാം.