സാന്ദ്രയുടെ പ്രയാണം

രാകേഷ് മനോഹരന്‍

മരിയോണ്‍ കോട്ടിലാര്‍ഡിന്റെ അഭിനയപ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ടു ഡേയ്സ് , വണ്‍ നൈറ്റ്. സഹോദരങ്ങളായ ലുക് ഡാര്‍ഡെന്നെയും ജീന്‍ പിയര്‍ ഡാര്‍ഡന്നെയും ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സാന്ദ്ര എന്ന യുവതിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.

സാന്ദ്ര എന്ന യുവതി അവരുടെ രണ്ടു കുട്ടികളും ഭര്‍ത്താവും ആയി ജീവിക്കുന്നു. സോളാര്‍ പാനല്‍ ഉണ്ടാക്കുന്ന ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്തിരുന്ന അവരുടെ ജോലി ഒരു ദിവസം നഷ്ടപ്പെടുന്നു. അവര്‍ അല്‍പ്പ ദിവസം വിഷാദ രോഗം പിടിപ്പെട്ട് ചികിത്സയില്‍ ആയിരുന്നപ്പോള്‍ അവരുടെ ജോലി കൂടി മറ്റുള്ളവര്‍ ഓവര്‍ ടൈം ആയി ജോലി ചെയ്തു നികത്തിയിരുന്നു എന്ന കമ്പനിയുടെ കണ്ടെത്തല്‍ ആയിരുന്നു ജോലി നഷ്ടപ്പെടാന്‍ കാരണം. സാന്ദ്ര ജോലിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് 1000 യൂറോ ബോണസ് ആയി നല്‍കാം എന്ന വാഗ്ദാനം കൂടി നല്‍കി. ഒന്നെങ്കില്‍ സാന്ദ്രയുടെ ജോലി നില നിര്‍ത്താം.അല്ലെങ്കില്‍ ആയിരം യൂറോ ബോണസ് നേടാം എന്ന അവസ്ഥ വന്നപ്പോള്‍ 13-3 എന്ന വന്‍ ഭൂരിപക്ഷത്തില്‍ അവര്‍ വോട്ടെടുപ്പില്‍ തോല്‍ക്കുന്നു.

എന്നാല്‍ മറ്റൊരു ഫോര്‍മാന്‍ സാന്ദ്രയ്ക്ക് എതിരായി നടത്തിയ നുണ പ്രചാരണങ്ങള്‍ കാരണം ആണ് വോട്ട് നില മാറിയതെന്ന് സാന്ദ്രയും മൂന്നു സുഹൃത്തുക്കളും വിശ്വസിക്കുന്നു. അത് കൊണ്ട് അവര്‍ അവിടത്തെ മാനേജരെ കണ്ടു ഒരു രഹസ്യ വോട്ടിംഗ് കൂടി നടത്താന്‍ ആവശ്യപ്പെടുന്നു. അവരുടെ ആ ആവശ്യം അംഗീകരിക്കുന്ന അയാള്‍ തിങ്കളാഴ്ച്ച രഹസ്യ വോട്ടിനെ സാന്ദ്രയ്ക്ക് നേരിടാം എന്ന് പറയുന്നു. സാന്ദ്രയ്ക്ക് വരുന്ന രണ്ടു ദിവസങ്ങള്‍ നിര്‍ണായകം ആണ്. സഹപ്രവര്‍ത്തകരുടെ കാശ് എന്ന ആഗ്രഹത്തിന് മേല്‍ അവളോടുള്ള അനുകമ്പ കൂടി കൂട്ടുക , അങ്ങനെ തിരഞ്ഞെടുപ്പില്‍ ജയിക്കുക.അതിനായി അവള്‍ ശ്രമം തുടങ്ങുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാന്ദ്രയുടെ കുടുംബം പോലെ തന്നെ ആയിരുന്നു അവിടെ ജോലി ചെയ്യുന്ന പലരും. അത് കൊണ്ട് തന്നെ ശ്രമം ദുഷ്ക്കരം ആണ്.

ഒരു ആവശ്യം വന്നപ്പോള്‍ മാത്രമാണ് സാന്ദ്രയും സഹ പ്രവര്‍ത്തകരെ അറിയാന്‍ ശ്രമിക്കുന്നത്. പലരുടെയും ഫോണ്‍ നമ്പരുകള്‍ പോലും അവളുടെ കയ്യില്‍ ഇല്ല. അത്ര മാത്രം അപരിചിത്വതം ഉള്ള ഒരാള്‍ക്ക് വേണ്ടി സഹ പ്രവര്‍ത്തകര്‍ എന്ത് ചെയ്യും എന്നതാണ് ബാക്കി ചിത്രം. എങ്കിലും ചിത്രം അവസാനിക്കുമ്പോള്‍ മനുഷ്യത്വം തന്നില്‍ എങ്കിലും അല്‍പ്പം ബാക്കി ഉണ്ടെന്നു സ്വയം പ്രഖ്യാപനം നടത്തുന്ന രംഗം ഈ ചിത്രത്തിന്റെ ആവശ്യകത ഇന്നത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു.