ലോകം കാതോര്‍ക്കുന്ന ശബ്ദം

സിനിമ കാണാനുള്ളതാണെന്ന് ആരും നമുക്കു പറഞ്ഞുതരേണ്ട കാര്യമില്ല. പക്ഷേ അതു കേള്‍ക്കാന്‍ കൂടിയുള്ളതാണെന്നു പറഞ്ഞുതരാന്‍ ഒരാള്‍ വേണമായിരുന്നു. റസൂല്‍ പൂക്കുട്ടി അതു ചെയ്തു. മലയാളത്തിന്‍റെ ശബ്ദമാന്ത്രികനും ഓസ്കര്‍ പുരസ്കാര ജേതാവുമായ റസൂല്‍ മലയാളികള്‍ക്കെല്ലാം അഭിമാനമാണ്. വിളക്കുപാറ എന്ന നാട്ടിന്‍പുറത്തുനിന്നു ലോകമറിയുന്ന ശബ്ദലേഖന കലാകാരനായി വളര്‍ന്നതിനു പിന്നിലുള്ള വിസ്മയാവഹമായ അനുഭവങ്ങള്‍ ഒരുപാടുണ്ട് റസൂലിന്.

അഞ്ചല്‍ വിളക്കുപാറയില്‍ വൈദ്യുതി വെളിച്ചമെത്തുമ്പോള്‍ റസൂല്‍ പൂക്കുട്ടി ഹൈസ്കൂളിലായിരുന്നു. ഇന്നു റസൂലിലൂടെ അഞ്ചലിനു മേല്‍ സിനിമയുടെ വെള്ളിവെളിച്ചം പരക്കുന്നു, കേരളത്തിനു മേലും ഇന്ത്യയ്ക്കു മേലും അഭിമാനത്തിന്റെ പ്രഭ ചൊരിയുന്നു. മലയാളം മീഡിയം സ്കൂളില്‍ പഠിച്ച യുവാവ് ലോകത്തിനു മുന്നില്‍ ഓസ്കര്‍ ശില്‍പവുമായി രണ്ട് ഇംഗിഷുകാരുടെ മധ്യേ നിന്ന് ഇന്ത്യന്‍ മഹത്വം ഉശിരന്‍ ഇംഗിഷില്‍ വര്‍ണിച്ചപ്പോള്‍ നമ്മുടെ മനസ്സില്‍ തെളിഞ്ഞത് ഒരു ഗ്രാമത്തിന്റെ വിജയഗാഥ കൂടിയാണ്. ഒപ്പം മുംബൈ എന്ന നഗരത്തിന്റെ സാധ്യതകളുടെ കഥയും. കഠിനാധ്വാനത്തിന്റെ ചിറകില്‍ മികവിന്റെ ചക്രവാളങ്ങള്‍ കീഴടക്കാന്‍ മലയാളിക്കു കഴിയുമെന്നതിന്റെ സാക്ഷ്യം.

കഠിനാധ്വാനം ചെയ്യാനും ക്ഷമയോടെ കാത്തിരിക്കാനും കഴിഞ്ഞതാണ് റസൂലിന്റെ വിജയം. കര്‍മമേഖലയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരും സ്വന്തമായ ശൈലി വികസിപ്പിക്കാന്‍ ശ്രമിക്കുന്നവരും ധാരാളമുണ്ട്. പലര്‍ക്കും അവ ലോകത്തോടു പറയാന്‍ അവസരം ലഭിക്കുന്നില്ല. റസൂല്‍ ലഭിച്ച അവസരങ്ങളില്‍ കഴിവു തെളിയിച്ചു. ചെറിയ കൂരയില്‍ മണ്ണെണ്ണ വിളക്കിന്റെ ചൂടറിഞ്ഞ് പഠിച്ചകാലത്തും മുംബൈയിലെ പൊടിപിടിച്ച സ്റ്റുഡിയോയില്‍ കഴിഞ്ഞ ദിനങ്ങളിലും ഉള്ളില്‍ സൂക്ഷിച്ചിരുന്ന വലിയ സ്വപ്നങ്ങള്‍ എഴുതാന്‍ റസൂല്‍ ഹൃദയത്തില്‍തൊടുന്ന ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.

കുട്ടിക്കാലം ചെലവഴിച്ച ഗ്രാമീണജീവിതകാലത്തും നിയമവിദ്യാഭ്യാസത്തിനുശേഷം പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൌണ്ട് എന്‍ജിനീയറിങ് പഠനജീവിതകാലത്തും ചലച്ചിത്രകലയെ ജീവശ്വാസംപോലെ മനസ്സില്‍ കൊണ്ടുനടന്നിരുന്നു. റസൂല്‍ പൂക്കുട്ടിയെക്കുറിച്ച് മലയാളികള്‍ക്കറിയാത്ത ചില കാര്യങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നു (ശബ്ദതാരാപഥം എന്ന പുസ്തകത്തില്‍ നിന്നും)

'' സത്യത്തില്‍ എനിക്കു പിടിയില്ലാത്ത ഒരു കാര്യം എന്റെ ജന്മദിനമാണ്. എന്റെ ഹാപ്പി ബെര്‍ത്ത്ഡേ ഞാന്‍ ആഘോഷിക്കാറില്ല. കാര്യം ഉമ്മയോടു ചോദിച്ചപ്പോള്‍ ഏതോ ഒരു മഴയ്ക്കു പിമ്പോ അതോ മുന്‍പോ ആണെന്ന് ആദ്യം പറഞ്ഞു. പിന്നെയതു മാറ്റിപ്പറഞ്ഞു. ആകെയുള്ള ചരിത്രരേഖ ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റാണ്. ചേരാന്‍ സൌകര്യത്തിനു വയസ്സ് തികച്ചു ഹെഡ്മാസ്റ്റര്‍ കൃഷ്ണന്‍ നായര്‍സാര്‍ എനിക്കൊരു ജനനത്തീയതി ഇട്ടു: 30- 05- 1970.

'' എന്റെ പേര് റസൂല്‍ പി. എന്നായിരുന്നു. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷിക്കുമ്പോള്‍ സര്‍നെയിം എന്ന കോളം പൂരിപ്പിക്കണം. സര്‍നെയിം എന്തുവാന്നു ഡിക്ഷണറി എടുത്തു നോക്കുമ്പോള്‍ പറഞ്ഞിരിക്കുന്നു രണ്ടാമത്തെ പേര്. നമ്മക്കതില്ലല്ലോ...അപ്പോള്‍ കണ്ടു ‘ഇറ്റ് കാന്‍ ബി ദ എക്സ്പാന്‍ഷന്‍ ഓഫ് കാപിറ്റല്‍’ എന്ന്. നമ്മളെന്തു ചെയ്തു ? 'പൂക്കുട്ടി എന്നെഴുതിവച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയപ്പോള്‍ അവരെന്നെ വിളിച്ചത് ആര്‍. പൂക്കുട്ടി, മിസ്റ്റര്‍ പൂക്കുട്ടി എന്നൊക്കെയാണ്. നമ്മള്‍ ബാപ്പേടെ മുന്നില്‍ ഇരിക്കാറില്ല. സ്നേഹവും ബഹുമാനവും ഒക്കെ കലര്‍ന്ന ഒരിതാണു നമ്മക്കു ബാപ്പയോടുള്ളത്. അന്നേരമാണു ബാപ്പയുടെ പേരു വിളിക്കുന്നത്. ''മിസ്റ്റര്‍ പൂക്കുട്ടി, പ്ളീസ് കം എന്നൊക്കെ. നമുക്ക് ഇമാജിന്‍ ചെയ്യാന്‍ പറ്റാത്തത്. ആദ്യമൊക്കെ എനിക്കു വിഷമം തോന്നിയെങ്കിലും ആ പേര് ശ്രദ്ധിക്കപ്പെട്ടു. റസൂല്‍ പറയുന്നു.