ചെമ്പില്‍ കാച്ചിക്കുറുക്കിയ പ്രതിഭ

'ഒരു നക്ഷത്രം അസ്തമിക്കുന്നിടത്തു നിന്നാണ് മറ്റൊരു നക്ഷത്രം ഉദിച്ചത്. അഭിനയത്തിന്റെ സിംഹാ സനം ഒഴിഞ്ഞ് സത്യന്‍ കടന്നുപോയത് 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തോടെയാണ്. ആ ചിത്രത്തിന്റെ മുഴുവന്‍ രംഗങ്ങളും ചിത്രീകരിക്കും മുന്‍പ് സത്യന്‍ ഈ ലോകത്തോടു വിടപറഞ്ഞു. 1971 ജൂണ്‍ 15ന് സത്യന്‍ മരിച്ചപ്പോള്‍ മലയാള സിനിമയുടെ ഭാവിയെക്കുറിച്ചുപോലും സംശയമുണര്‍ന്നു. 1971 ഒാഗസ്റ്റ് ആറിന് 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്തപ്പോള്‍ അടുത്ത നക്ഷത്രം ആ ചിത്രത്തില്‍ ഒളിച്ചിരിക്കുന്നത് ആരും ശ്രദ്ധിച്ചില്ല. ബഹദൂറിന്റെ കട ആരോ തകര്‍ത്തിരിക്കുന്നു. അതു കണ്ട് ബഹദൂര്‍ ഒാടി വരികയാണ്. കൂടെ രണ്ടുപേരുമുണ്ട്. കൂടെയുള്ളവര്‍ക്ക് അപരിചിത മുഖങ്ങളാണ്.

''റബ്ബേ, ചതിച്ചോ....എടാ പാപ്പൂ.....'' കണ്ണുനിറഞ്ഞ് ബഹദൂര്‍ വിളിക്കുകയാണ്. ''എന്റെ കുടുംബം നീ നശിപ്പിച്ചല്ലോടോ..'' ''എടാ അവറോനേ....'' ബഹദൂര്‍ കരഞ്ഞുകൊണ്ടു തുടരുന്നു. ''നമുക്കിതൊക്കെ പെറുക്കിയെടുക്കാം...'' ബഹദൂറിന്റെ കൂടെ ഒാടിവന്ന രണ്ടുപേരില്‍ ഒരാള്‍ക്ക് ചെറി യൊരു ഡയലോഗുണ്ട്. ''എന്റെ കട ആരും തൊട്ടുപോകരുത്. അതിവിടെ കിടന്നു പൊടിയട്ടെ. കാണുന്നോര് അവറോന്റെ യോഗ്യത മനസ്സിലാക്കട്ടെ. എന്റെ ഉമ്മേം ബാപ്പേം റോട്ടിലിറങ്ങിയിറങ്ങി തെണ്ടിത്തിന്നട്ടെ...'' ബഹദൂ റിന്റെ കരച്ചില്‍ തീരുന്നില്ല. കൂടെ നില്‍ക്കുന്ന രണ്ടാമന് ഡയലോഗ് ഒന്നുമില്ല. വെറുതെ ആള്‍പ്പേരിനു നിര്‍ത്തിയിരിക്കുന്നു. മുണ്ട് മുട്ടിനു വളരെ മുകളിലായി മടക്കിക്കുത്തിയിരിക്കുകയാണ് ഈ മിണ്ടാട്ടമില്ലാത്തയാള്‍. ഒന്നും മിണ്ടാതെ നില്‍ക്കുന്ന ഇയാളുടെ ശബ്ദത്തിനാണ് പിന്നീട് പൊന്നുംവിലയായത്.

പ്രകൃതിനിയമം പോലെ അടുത്ത നക്ഷത്രം യഥാര്‍ഥത്തില്‍ അവിടെ ഉദിച്ചുകഴിഞ്ഞിരുന്നു. കാഴ്ചയുടെ ആകാശത്തേക്ക് അതു വരാന്‍ പിന്നെയും കുറച്ചുകാലം കൂടിയെടുത്തു എന്നു മാത്രം. അതു മമ്മൂട്ടിയായിരുന്നു. വിസ്മയിപ്പിക്കുന്ന അഭിനയമൊന്നുമില്ലാതെയുള്ള തുടക്കമായിരുന്നു അത്. വെറുതെ ഒാടി വരുന്നു അത്രമാത്രം. മലയാള സിനിമാലോകത്തേക്കുള്ള ഒാടിവരവായിരുന്നു അത്. ഒന്നു കാണാന്‍. വന്നു, കണ്ടു, കീഴടക്കി...

സത്യന്‍ ഒഴിച്ചിട്ട സിംഹാസനം വലിച്ചിട്ട് അതില്‍ ഇരിക്കുകയും ചെയ്തു. മമ്മൂട്ടിക്ക് ആദ്യമായി ഡയലോഗ് പറയാന്‍ അവസരം കിട്ടിയത് രണ്ടാമത്തെ ചിത്രമായ കാലചക്രത്തി ലായിരുന്നു. പ്രേംനസീര്‍, ജയഭാരതി എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ചിത്രത്തില്‍ ഒരു സീനില്‍ മാത്രമാണ് മമ്മൂട്ടിയുള്ളത്. 1973ല്‍ ആണ് ഈ ചിത്രം പുറത്തുവന്നത്. 1979ല്‍ എം.ടി. വാസുദേ വന്‍ നായരുടെ 'ദേവലോകം' എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്ക് പ്രധാന വേഷങ്ങളിലൊന്നു ലഭിച്ചത്. 'ദേവലോകം' പക്ഷേ പൂര്‍ത്തിയായില്ല. മുഹമ്മദ്കുട്ടി മമ്മൂട്ടിയാവുന്നത് ഈ ചിത്രത്തിലാണ്. എം.ടി. വാസുദേവന്‍ നായരുടെ നിര്‍ദേശമായിരുന്നു മമ്മൂട്ടി എന്ന പേര്. പിന്നീട് ഈ പേരു കൊള്ളില്ലെന്നു ചില സംവിധായകര്‍ പറഞ്ഞതോടെ ചില ചിത്രങ്ങളില്‍ സജിന്‍ എന്ന പേരില്‍ മമ്മൂട്ടി അഭിനയിച്ചു.

സജിന്‍ എന്ന പേരിന്റെ കൂടെ ബ്രാക്കറ്റില്‍ മമ്മൂട്ടി എന്നും ചേര്‍ത്ത് കാണിച്ചിട്ടുണ്ട്. എന്നാല്‍ സജിന്‍ അകാലചരമമടഞ്ഞപ്പോള്‍ മമ്മൂട്ടി ജയിച്ചുകയറി. 1980ലെ 'മേള' എന്ന ചിത്രത്തിലെ മരണക്കിണറില്‍ ബൈക്ക് ഒാടിക്കുന്ന സര്‍ക്കസുകാരനെ മമ്മൂട്ടി ഭദ്രമായി അവതരിപ്പിച്ചു. 1980ല്‍ എം.ടി രചിച്ച 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന ചിത്രത്തില്‍ നല്ല വേഷം മമ്മൂട്ടിക്കു ലഭിച്ചു. സുകുമാരനായിരുന്നു നായകന്‍. ഷൂട്ടിങ്ങിനിടെ സുകുമാരന്‍ ഒരാളോടു പറഞ്ഞു-''ആ മമ്മൂട്ടിയെന്ന പയ്യനെ ശ്രദ്ധിച്ചോ? അയാളില്‍ നല്ല സാധ്യത കാണുന്നുണ്ട്.'' സുകുമാരന്‍ പറഞ്ഞതു ശരിയായിരുന്നു. മലയാള സിനിമയുടെ സ്വപ്നങ്ങള്‍ പിന്നെ അയാളെ ചുറ്റിപ്പറ്റി യായി.

ചരിത്രമായ എടുത്തുചാട്ടം

 1980ല്‍ പുറത്തുവന്ന സ്ഫോടനം മമ്മൂട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തോടെയാണ് മമ്മൂട്ടി പ്രശസ്തനായത്. വേഷം വല്ലതുമുണ്ടെങ്കില്‍ തരണമെന്ന് അഭ്യര്‍ഥിക്കാന്‍ മമ്മൂട്ടി പി.ജി. വിശ്വംഭരനെ പോയി കണ്ടപ്പോള്‍ മറ്റൊരു ദിവസം വരാന്‍ പറഞ്ഞു. ചാന്‍സ് കിട്ടില്ലെന്നു വിചാരിച്ച് പിന്നെയും വീട്ടില്‍ ചെന്നപ്പോള്‍ നല്ലൊരു റോളാണ് മമ്മൂട്ടിക്ക് പി.ജി. വിശ്വംഭരന്‍ നല്‍കിയത്. ആ ചിത്രത്തില്‍ മതിലില്‍ നിന്ന് മമ്മൂട്ടി ചാടുന്ന സീനുണ്ട്. പ്രധാന നടനൊന്നും അല്ലാത്തതിനാല്‍ ഡ്യൂപ്പില്ല. ചാടിയേ പറ്റൂ. ചാടാന്‍ പറഞ്ഞപ്പോള്‍ രണ്ടും കല്‍പിച്ച് മമ്മൂട്ടി ചാടി. അയ്യോ ചാടിയാല്‍ കാലൊടിയുമല്ലോ എന്നു ഷീല പറഞ്ഞതും ചാടിയതും ഒരുമിച്ചായിരുന്നു. ഷീല പറഞ്ഞതുപോലെ തന്നെ കാലൊടിഞ്ഞു. ഷീല മമ്മൂട്ടിയോടു ചോദിച്ചു. ''എന്തിനാ ചാടിയത്? കാലൊടിയുമെന്ന് അറിയാന്‍ വയ്യായിരുന്നോ?''. ഒരു ചിരിയായിരുന്നു മമ്മൂട്ടിയുടെ ഉത്തരം. ഇവിടെ വന്നത് കീഴടക്കാനാണ്, പകുതി വഴിയില്‍ ഇട്ടിട്ടു പോവാനല്ല എന്ന അര്‍ഥം വരുന്ന ചിരി. മമ്മൂട്ടിയുടെ നടത്തത്തിന്റെ രീതി തന്നെ ആ കാലൊടിയലിനു ശേഷം മാറി. ഒരു കാലിന് കൂടുതല്‍ ശക്തി കൊടുത്തുള്ള നടത്തം പിന്നീട് മിമിക്രിക്കാര്‍ അനുകരിച്ചു ജനങ്ങളെ ചിരിപ്പിച്ചു.

വള്ളക്കാരന്‍ കരുണന്‍

അടിയൊഴുക്കുകള്‍ (1984) മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവുണ്ടാക്കിയ ചിത്ര മാണ്. എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ ഈ ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ആദ്യമാ യി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. അതിനു മുന്‍പ് 'അഹിംസ' എന്ന ചിത്രത്തിലെ അഭിനയത്തിന് 1981ല്‍ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ക്രോധം അവതരിപ്പിക്കുന്നതില്‍ മമ്മൂട്ടി വന്‍ വിജയമാണെന്നു കാണിച്ചുതന്ന ചിത്രമായിരുന്നു 'അടി യൊഴുക്കുകള്‍'. ദേഷ്യപ്പെടുന്ന നായകന്‍ മമ്മൂട്ടിയുടെ കയ്യില്‍ ഭദ്രമാണെന്നു വന്നതോടെ അത്തരം സിനിമകള്‍ പിന്നീട് കൂട്ടത്തോടെ വന്നു. അത്തരമൊരു ഇമേജിലൂടെയാണ് ഹിന്ദി സിനിമയില്‍ അമി താഭ് ബച്ചനും സാമ്രാജ്യം കെട്ടിപ്പടുത്തത്. വള്ളക്കാരന്‍ കരുണനെയാണ് 'അടിയൊഴുക്കുകളി'ലൂടെ മമ്മൂട്ടി അവതരിപ്പിച്ചത്. ഡയലോഗ് അവതര ണത്തിലെ വിസ്മയമാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഈ ചിത്രത്തോടെ മമ്മൂട്ടി അഭിനയ ജീവിതത്തില്‍ ഒരു പടവു കൂടി കയറിക്കഴിഞ്ഞിരുന്നു. മമ്മൂട്ടി-കുട്ടി-പെട്ടി എണ്‍പതുകളുടെ പകുതിയിലെ പ്രതിഭാസമായിരുന്നു

മമ്മൂട്ടി-കുട്ടി-പെട്ടി.

ഇതു മൂന്നും കൂടിയാല്‍ ഒരു സിനിമയായി. ഒരു കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും മമ്മൂട്ടി. അതുകൊണ്ടുതന്നെ മമ്മൂട്ടി യുടെ കയ്യില്‍ പെട്ടിയുണ്ടാവും. ഇയാള്‍ക്ക് ഭാര്യയും ഒരു മകളും ഉണ്ട്. മകള്‍ക്ക് നാലു വയസ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍, ഇടയില്‍ കുട്ടിയുടെ സെന്റിമെന്റ്സ്... അങ്ങനെ പോകുന്നു മമ്മൂട്ടി -കുട്ടി-പെട്ടി ചിത്രങ്ങള്‍. മകളായി ബേബി ശാലിനി. നായിക സരിതയോ അന്നത്തെ മറ്റു പ്രമുഖ നടി മാരോ. കഥയുണ്ടാക്കാന്‍ വളരെ എളുപ്പമായിരുന്ന കാലമായിരുന്നു അത്. സന്ദര്‍ഭം, ചക്കരയുമ്മ, മുഹൂ ര്‍ത്തം 11.30ന് തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഈ ഗണത്തില്‍ പെട്ടതാണ്.

കൈ പുറകില്‍ കെട്ടിയ വരവ്

സ്ക്രീനില്‍ ആക്രോശിച്ച് വിജയം നേടിയ ആവനാഴി (1986). ഈ നടന് ദേഷ്യത്തില്‍ ഡയലോഗ് പറ ഞ്ഞാലേ പറ്റൂ എന്ന ചിന്ത പരന്ന കാലം. എന്നാല്‍ ആ തോന്നലുകളെ ഇല്ലാതാക്കി ഒട്ടും ആക്രോശി ക്കാതെ കൈ പുറകില്‍ കെട്ടി അഭിനയിച്ചു മമ്മൂട്ടി സൂപ്പര്‍ ഹിറ്റാക്കിയ ചിത്രമായിരുന്നു 'ഒരു സിബിഐ ഡയറിക്കുറിപ്പ്' (1988). സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന്റെ മിതത്വം കലര്‍ന്ന അഭിനയരീതി മമ്മൂട്ടി യുടെ വേറിട്ട അഭിനയമായിരുന്നു. പുതിയ റേഞ്ചുകളിലേക്ക് മമ്മൂട്ടി പ്രവേശിക്കുകയായിരുന്നു അവിടെ. സേതുരാമയ്യരും കൈ പുറകില്‍ കെട്ടിയുള്ള നടപ്പും പിന്നീടും സിബിഐ പരമ്പര ചിത്രങ്ങളിലൂടെ മമ്മൂട്ടി അനശ്വരമാക്കി.

ചതിയന്റെ കഥ

 ''നിങ്ങള്‍ കേട്ടതൊക്കെ ശരിയാണ്, തെറ്റുമാണ്''- ചതിയന്‍ ചന്തു പറഞ്ഞുതുടങ്ങിയപ്പോള്‍ കേരളം കാതോര്‍ത്തു. ചതിയന്‍ ചന്തുവിന്റെ ഇതു വരെ കേള്‍ക്കാത്ത കഥയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണിത്. 1989ല്‍ മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങള്‍ക്കാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും മമ്മൂട്ടിക്ക് ഈ ചിത്രം സമ്മാനിച്ചു. ''മാറ്റാന്‍ കൂട്ടത്തിലേക്കു ചാടി രക്ഷപ്പെട്ടവന്‍ ചന്തു'' തുടങ്ങിയ വികാരഭരിത ഡയലോഗുകള്‍ ഇന്നും പ്രസിദ്ധമാണ്.

നാന്‍ ബന്നത് നിന്നെ ബൂട്ടാന്‍

 തനിക്കു കഴിയില്ലെന്ന് മറ്റുള്ളവര്‍ പറയുന്നത് തെറ്റാണെന്നു കാണിച്ചുകൊടുക്കാന്‍ മമ്മൂട്ടിക്കുള്ള കഴിവ് പ്രസിദ്ധമാണ്. മമ്മൂട്ടിക്ക് നൃത്തം വഴങ്ങില്ലെന്ന പൊതുധാരണ തെറ്റിച്ച ഗാനരംഗമാണ് 'ജോണിവാക്കര്‍' എന്ന ചിത്രത്തിലെ 'ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ' എന്നത്. മമ്മൂട്ടിക്ക് തമാശ വഴങ്ങില്ലെന്നു പറഞ്ഞവര്‍ക്കുള്ള മറുപടിയായാണ് മമ്മൂട്ടി ഒട്ടേറെ ചിത്രങ്ങളില്‍ കളംമാറ്റിച്ചവിട്ടിയത്. 'കോട്ടയം കുഞ്ഞച്ചന്‍' എന്ന ചിത്രത്തില്‍ കോട്ടയംകാരന്റെ സംഭാഷണ രീതി അവതരിപ്പിച്ചു മമ്മൂട്ടി തമാശയ്ക്കു തുടക്കം കുറിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരം സംഭാഷണം അവതരി പ്പിച്ച 'രാജമാണിക്യം', മംഗലാപുരം ഭാഗത്തെ കന്നഡ കലര്‍ന്ന മലയാളം സംഭാഷണം അവതരിപ്പിച്ച ചട്ടമ്പിനാട്, തൃശൂര്‍ സംഭാഷണം അവതരിപ്പിച്ച 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ്' അങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ സംസാരരീതി തന്നെ വ്യത്യസ്തമാക്കി. ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തില്‍ മലപ്പുറം സംസാരരീതിയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കൊച്ചി സംസാരമാണ് മമ്മൂട്ടി 'തുറുപ്പുഗുലാന്‍' എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'ഒാര്‍ഡിനറി' എന്ന ചിത്രത്തിലൂടെ ബിജു മേനോന്‍ പാലക്കാടന്‍ സംഭാഷണരീതി ഹിറ്റാക്കിയപ്പോള്‍ മമ്മൂട്ടി ബിജു മേനോനോടു പറഞ്ഞു. ''എന്റെ ചാന്‍സ് നീ ഇല്ലാതാക്കിയല്ലേ.'' പാലക്കാടന്‍ സംഭാഷ ണരീതി അവതരിപ്പിക്കാനുള്ള മമ്മൂട്ടിയുടെ ആഗ്രഹം ഇനി നടക്കില്ലെന്നു ചുരുക്കം. മമ്മൂട്ടിയുടെ ഉള്ളി ലുള്ള മിമിക്രിയാണ് ഈ ഭാഷപ്പകര്‍ച്ചകള്‍ക്കു സഹായകമാവുന്നത്. വൈക്കം ചെമ്പ് എന്ന ഗ്രാമത്തെ ഭൂമിയോളം വലുതാക്കിയത് മമ്മൂട്ടിയാണ്. ഇത്ര വലിയ നടനെ സമ്മാനിച്ച ആ ഗ്രാമത്തിനു മുന്നില്‍ മഹാനഗരങ്ങള്‍ പോലും തോറ്റുപോകുന്നു.