സിനിമാപ്പാട്ടായി ഇടുക്കിയെത്തുന്നു...

എല്ലാ മലയാളികളുടെയും ചുണ്ടിൽ ഇപ്പോൾ തത്തിക്കളിക്കുന്ന സിനിമാപ്പാട്ട് നമ്മുടെ സ്വന്തം ഇടുക്കിയെക്കുറിച്ചുള്ളതാണ്. സുന്ദരിയായ ഈ നാടിനെയും ഇവിടെയുള്ള നന്മനിറഞ്ഞ നാട്ടുകാരെയും സിനിമാപ്പാട്ടാക്കിയിരിക്കുന്നു, ഗാനരചയിതാവ് റഫീഖ് അഹമ്മദ്. ഫഹദ് ഫാസിൽ നായകനായി അഭിനയിക്കുന്ന മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ ടൈറ്റിൽ സോങ്ങിലാണ് ചുരുൾമുടിയിൽ പുതുകുറിഞ്ഞിപ്പൂ ചൂടുന്ന ഇടുക്കിയെക്കുറിച്ചു പറയുന്നത്. വള്ളുവനാടും തൃശൂരും കടത്തനാടും ഏറനാടുമെല്ലാം പലകുറി സിനിമാപ്പാട്ടുകളിൽ വന്നുപോയിട്ടും ഇടുക്കിയെക്കുറിച്ച് ഒരു സിനിമയുടെ ടൈറ്റിൽ സോങ് ഇറങ്ങുന്നതു ചരിത്രത്തിലാദ്യം.

മലമേലെ തിരിവച്ചു പെരിയാറിൻ തളയിട്ടു

ചിരിതൂകും പെണ്ണല്ലേ ഇടുക്കി, ഇവളാണിവളാണു മിടുമിടുക്കി

മലയാളക്കരയുടെ മടിശ്ശീല നിറയ്ക്കണ നലമേറും നാടല്ലോ ഇടുക്കി

ഇവളാണിവളാണു മിടുമിടുക്കി

ഇവിടുത്തെ കാറ്റാണു കാറ്റ്...

മലമൂടും മഞ്ഞാണു മഞ്ഞ് കതിർ കനവേകും മണ്ണാണു മണ്ണ്

എന്നു തുടങ്ങുന്ന ഈ പാട്ടിൽ ഇടുക്കിയെക്കുറിച്ചെല്ലാമുണ്ട്. മനോഹരമായി ചിട്ടപ്പെടുത്തിയ 26 വരികളിൽ ഇടുക്കിയെ ആറ്റിക്കുറുക്കിയെടുത്തിരിക്കുകയാണു റഫീഖ് അഹമ്മദ്. നെഞ്ചിൽ അലിവോലും മലനാടൻപെണ്ണ് എന്നാണ് ഇടുക്കിയെ കവി വിളിക്കുന്നത്. മറ്റൊരു നാട്ടിലുമില്ലാത്ത, കൊളുന്തു മണക്കുന്ന കാറ്റും നനഞ്ഞു മലയിറങ്ങുന്ന മഞ്ഞും വിത്തു തലകുത്തിയിട്ടാലും വിളവു തരുന്ന മണ്ണുമൊക്കെയാണ് ഇടുക്കിയുടെ ജീവൻ. ഇവിടുത്തെ കാറ്റാണു കാറ്റ്...മലമൂടും മഞ്ഞാണു മഞ്ഞ്...എന്ന ഹുക്ക് ലൈൻ കേൾക്കുമ്പോൾ തന്നെ ഉള്ളിലേക്ക് ഇരച്ചുകയറുന്നത് ആ ഇടുക്കി ഫീൽ ആണ്.

കുയിലുമല ചെരിവുകളിൽ െപരിയാറിൻ പടവുകളിൽ

കുതിരക്കല്ലങ്ങാടിമുക്കിൽ

ഉദയഗിരി തിരുമുടിയിൽ പൈനാവിൽ വെൺമണിയിൽ

കല്ലാറിൻ നനവോലും കടവിൽ

കാണാമവളെ, കേൾക്കാമവളെ...

കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്

അവൾ ചിരികൊണ്ടു പുതച്ചിട്ടു മിഴിനീരും മറച്ചിട്ടു

കനവിൻതൈ കണ്ടുണരും നാട്

നെഞ്ചിലലിവുള്ള മലനാടൻ പെണ്ണ്

ഈണം നൽകിയ ബിജിപാൽ തന്നെയാണ് ഇടുക്കിപ്പാട്ട് പാടിയിരിക്കുന്നതും. പാട്ടിന്റെ വരികൾക്കൊപ്പം ഇടുക്കിയെ അതേപടി ക്യാമറയിലേക്കു പകർത്തിയ ഷൈജു ഖാലിദിന്റെ ദൃശ്യങ്ങൾകൂടിയാകുമ്പോൾ മലനാട്ടിൽ ഒന്നു റൗണ്ടടിച്ചു വന്ന പ്രതീതിയാകും, കാണുന്നവർക്ക്. ഇടുക്കി അണക്കെട്ടിനു ചുവട്ടിലൂടെ ഫഹദ് ഫാസിൽ ബൈക്കിൽ പോകുന്ന ഷോട്ട് ഒരു ഉദാഹരണം മാത്രമാണ്. അണക്കെട്ടിനു താഴെയുള്ള ജില്ലാ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സീനിൽ മന്ത്രി പി. ജെ. ജോസഫും ജില്ലാ പൊലീസ് മേധാവി കെ. വി. ജോസഫും പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ഗ്രൗണ്ടിൽത്തന്നെയാണു ഫഹദ് ഫാസിൽ വോളിബോൾ കളിക്കുന്നതും.

കുറുനിരയിൽ ചുരുൾമുടിയിൽ

പുതുകുറിഞ്ഞിപ്പൂ തിരുകും മൂന്നാറിൻ മണമുള്ള കാറ്റ്

പാമ്പാടുംപാറകളിൽ കുളിരുടുമ്പൻചോലകളിൽ

കൂട്ടാറിൽ പോയിവരും കാറ്റ്

പോരുന്നിവിടെ ചായുന്നിവിടെ

വെടിവെട്ടം പറയുന്നുണ്ടിവിടെ

അവൾ തൊടിയെല്ലാം നനച്ചിട്ട്, തുടുവേർപ്പും തുടച്ചിട്ട്

അരയിൽ കൈകുത്തി നിൽക്കും പെണ്ണ്

നല്ല മലയാളിച്ചുണയുള്ള പെണ്ണ്

പെരിയാറിന്റെ കുത്തൊഴുക്കിനെ മലയിടുക്കിൽ ബന്ധിപ്പിച്ച ഇടുക്കി അണക്കെട്ടില്ലാത്ത, ആകാശം മുട്ടുന്ന മലകളും അവയെ ചുറ്റിവരിഞ്ഞു കയറിപ്പോകുന്ന മലമ്പാതകളുമില്ലാത്ത ഇടുക്കിയെക്കുറിച്ചു നമുക്കു സങ്കൽപ്പിക്കാനാവില്ല. തണുത്ത പ്രഭാതത്തിലെ കടുംകാപ്പിയും സന്ധ്യമയങ്ങുമ്പോഴുള്ള കപ്പവാട്ടും ഹൈറേഞ്ചുകാരുടെ സ്വന്തം വോളിബോളും കാട്ടാറിലെ നീന്തിക്കുളിയും കൂപ്പുറോഡുകളിലൂടെയുള്ള ഫോർവീലർ സാഹസികയാത്രയുമെല്ലാം ഈ പാട്ടിലുണ്ട്. മൂന്നാറിലും പൈനാവിലും വെൺമണിയിലും പാമ്പാടുംപാറയിലും ഉടുമ്പൻചോലയിലും കറങ്ങിവരുന്ന കാറ്റ് നാട്ടുകാർക്കൊപ്പം വെടിവെട്ടം പറയാനും കൂട്ടുകൂടുന്നു. പാട്ടിന്റെ വരികളും ദൃശ്യങ്ങളും ഒരുമിച്ചു കാണിച്ചുതരുന്നതു നമ്മുടെ സ്വന്തം ഇടുക്കിയെത്തന്നെയാണ്. മൂന്നാർ, അടിമാലി തുടങ്ങിയ കുറച്ചു സ്ഥലങ്ങളിൽ മാത്രമേ ഗാനരചയിതാവ് റഫീഖ് അഹമ്മദ് വന്നിട്ടുള്ളൂ. പാട്ടിൽ പറയുന്ന മിക്ക സ്ഥലങ്ങളെക്കുറിച്ചും റഫീഖിനുള്ളതു കേട്ടറിവു മാത്രം. ‘‘സത്യം പറഞ്ഞാൽ, എനിക്ക് അത്ര പരിചയമുള്ള സ്ഥലമല്ല ഇടുക്കി. എന്റെ സങ്കൽപ്പത്തിലുള്ള ഇടുക്കിയെക്കുറിച്ചാണു ഞാൻ എഴുതിയത്. അതുകൊണ്ടാവും ആ പാട്ട് അത്രയും നന്നായതും.’’ – റഫീഖ് അഹമ്മദ് പറയുന്നു.