Yesudas special

എന്തായിരുന്നു അപ്പയുടെ മനസില്‍?

Article_image

സീന ടോണി ജോസ്
പുലരിയില്‍ കണികേട്ടുണരാന്‍, പ്രാര്‍ഥിക്കാന്‍, പ്രണയിക്കാന്‍, ആശിക്കാന്‍, ആശ്വസിക്കാന്‍, ആനന്ദിക്കാന്‍, സാന്ത്വനമാകാന്‍, താരാട്ടാകാന്‍ ഒക്കെ നമുക്ക് ഈ നാദം വേണം. മലയാളിയുടെ ജീവിതത്തില്‍ ഈ സ്വരരാഗഗംഗ ഒഴുകിയെത്താത്ത ഒരു ദിവസം പോലും ഉണ്ടാകില്ല. ഏതു വിദൂരദേശത്തു ചെന്നാലും ഓര്‍മകളിലും സ്വപ്നങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ദേവസംഗീതം. സിനിമയ്ക്കു വേണ്ടി ആദ്യഗാനം പാടിക്കഴിഞ്ഞപ്പോള്‍ റെക്കോര്‍ഡിസ്റ്റ് കോടീശ്വരറാവു പത്തുവര്‍ഷം മുടിഞ്ച് പാക്കലാം എന്നു വിസ്മയം പൂണ്ട നാദമധുരം ഇരുപതും മുപ്പതും നാല്‍പതും പിന്നിട്ട് അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കി.

അച്ഛന്‍ അഗസ്റ്റിന്‍ ജോസഫില്‍ നിന്നു സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയ, സ്കൂളില്‍ പഠിക്കുമ്പോള്‍ മുഹമ്മദ് റാഫിയെ ആരാധിച്ചിരുന്ന യേശുദാസ് ഇതിനകം റഷ്യനും അറബിക്കും ലാറ്റിനും ഉള്‍പ്പെടെ നിരവധി ഭാഷകളിലായി അരലക്ഷത്തിലേറെ ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. യുനസ്കോയുടെ സഹിതം നിരവധി അംഗീകാരങ്ങള്‍, മികച്ച ഗായകനുള്ള നാല്‍പതിലേറെ സംസ്ഥാന അവാര്‍ഡുകള്‍, ഏഴ് ദേശീയ പുരസ്കാരങ്ങള്‍..... മഹാകവി ജി ശങ്കരക്കുറുപ്പ് ഗാനഗന്ധര്‍വന്‍ എന്നു വിശേഷിപ്പിച്ച യേശുദാസിനെ ആസ്ഥാനഗായകനായി കേരളം ബഹുമാനിച്ചു. 1975ല്‍ പത്മശ്രീയും 2002ല്‍ പത്മഭൂഷണം നല്‍കി രാജ്യം ആദരിച്ചു.

സംഗീതം സേവനം കൂടിയാണെന്നു തിരിച്ചറിഞ്ഞ, എല്ലാം ജഗദീശ്വരന്റെ അനുഗ്രഹം എന്നു പറഞ്ഞു വിനയാന്വിതനാകുന്ന, ആദ്യം പാടിയ ജാതിഭേദം മതദ്വേഷം.... എന്ന വരികള്‍ എല്ലാവരും എന്നും സേവിക്കേണ്ട മരുന്നാണെന്നു ഓര്‍മിപ്പിക്കുന്ന ദാസേട്ടന്‍ ഇതാ, നമ്മോടൊപ്പം. കാലത്തിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാനാവാത്ത നാദ നവയൌവനവുമായി.... യേശുദാസിന്റെ വലതുകൈ വിരലുകള്‍ കാല്‍മുട്ടില്‍ താളം പിടിച്ചുകൊണ്ടിരുന്നു. കുറച്ചുസമയം ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. അപ്പയെപ്പോലെ തന്നെ വിജയ്യുടെയും കൈ വിരലുകള്‍ സ്വയമറിയാതെ താളം കൊട്ടുന്നുണ്ട്. ഇനി ഒരുപക്ഷേ, നമുക്കു കേള്‍ക്കാന്‍ കഴിയാത്ത അപൂര്‍വ സുന്ദരമായ ഒരു ഗാനം ഇവര്‍ക്കിടയില്‍ ഒഴുകുന്നുണ്ടാവുമോ? മുറിയില്‍ നിറഞ്ഞ നിശബ്ദത പോലും ഇനിയെന്ത് എന്ന് കാതോര്‍ക്കുന്നതുപോലെ തോന്നിയ നിമിഷത്തില്‍ വിജയ് ചോദിച്ചു.

സിനിമയില്‍ ആദ്യഗാനം പാടിയിട്ട് 50 വര്‍ഷം. കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലെ ജാതിഭേദം മതദ്വേഷം....എന്ന ആ ഗാനം പാടുമ്പോള്‍ എന്തായിരുന്നു അപ്പയുടെ മനസില്‍?
നന്നായി പാടണം എന്നു മാത്രമായിരുന്നു മനസു നിറയെ. അന്ന് ആ പാട്ടു പാടണമെന്നും പാട്ടില്‍ അമ്പതു വര്‍ഷം തികയ്ക്കണമെന്നും എല്ലാം ജഗദീശ്വരന്റെ തീരുമാനങ്ങളാണ്. മുകളിലുള്ള ശക്തി നമ്മെക്കൊണ്ടു ചെയ്യിക്കുകയാണ് ഓരോ കാര്യങ്ങളും. ഒരുദാഹരണം ഞാന്‍ പറയാം. സംഗീത സംവിധായകന്‍ എ ബി ശ്രീനിവാസനെ കെ എസ് ആന്റണി വഴി എനിക്കു പരിചയപ്പെടുത്തുന്നത് വൈക്കം വാസുദേവന്‍ നായരുടെ മരുമകനും എന്റെ കൂട്ടുകാരനുമായ ചന്ദ്രനാണ്. അദ്ദേഹവും ബാലെയിലും നാടകങ്ങളിലും മറ്റും പാടിയിരുന്ന ആളാണ്. വേണമെങ്കില്‍ സിനിമയില്‍ പാടാന്‍ കിട്ടുന്ന അവസരം അദ്ദേഹത്തിനു പ്രയോജനപ്പെടുത്താമായിരുന്നില്ലോ. അദ്ദേഹമതു ചെയ്തില്ല. അതാണു പറഞ്ഞത് ആദ്യഗാനം മുതല്‍ ഇന്നു രാവിലെ പാടിയ പാട്ടു വരെ ദൈവം പാടിച്ചതാണെന്ന്.

മദ്രാസിലെത്താന്‍ പണമില്ലാതെ വിഷമിച്ചപ്പോള്‍ പതിനാറു രൂപയുമായി കൂട്ടുകാരന്‍ മത്തായിയുടെ രൂപത്തിലും ഈശ്വരന്‍ വന്നു. റെക്കോര്‍ഡിങ്ങിനെത്തിയപ്പോള്‍ പാട്ട് നന്നായി പഠിച്ചിരുന്നു. ജാതിഭേദം മതദ്വേഷം....തുടങ്ങിയ വരികളുടെ അര്‍ഥമൊന്നും പൂര്‍ണമായി മനസിലാക്കിയല്ല, അന്നു പാടിയത്. പക്ഷേ, ഞാന്‍ ആ പാട്ടു തന്നെ പാടണമെന്നത് ഈശ്വര നിശ്ചയമായിരുന്നു. കാരണം, അതേ ചിത്രത്തിലെ തന്നെ ശാന്താ പി നായരോടൊപ്പമുള്ള കാണുമ്പോള്‍ ഞാനൊരു കാരിരുമ്പ്, കൈ പിടിച്ചാലോ പൂങ്കരിമ്പ്....എന്ന പാട്ടാണ് എനിക്കു വച്ചിരുന്നത്. നിശ്ചയിച്ച ദിവസം ഒരു പനി വന്നതോടെ ആ പാട്ടു മാറിപ്പോയി. പകരം ജാതിഭേദം മതദ്വേഷം എന്ന പാട്ടുതന്നു. നാരായണഗുരു സ്വാമികള്‍ എഴുതിയ പ്രശസ്തമായ വരികള്‍. നന്മയുടെയും സ്നേഹത്തിന്റെയും സത്യത്തിന്റെയും സന്ദേശമടങ്ങിയ മരുന്നാണ് ആ വരികള്‍. ഇതിനുപകരം ഞാനൊരു കാരിരുമ്പ്...എന്നാണ് ആദ്യം പാടേണ്ടിയിരുന്നെങ്കിലോ....ഒന്നോര്‍ത്തു നോക്കൂ.

കുട്ടിക്കാലത്തെ ഒരു സംഭവം പറയാം. എന്റെ സഹോദരന്‍ മണിയും പാടുമായിരുന്നു. ഒരിക്കല്‍ മനോരമ ബാലജനസഖ്യത്തിന്റെ മത്സരത്തില്‍ അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്.....എന്ന പാട്ടു പാടി അവന്‍ സമ്മാനം വാങ്ങി. കണ്ണുകിട്ടിയതാണെന്നു തോന്നുന്നു പിറ്റേന്ന് അവന്റെ കഴുത്തില്‍ ചെറുനാരങ്ങ വലുപ്പമുള്ള ഒരു മുഴ. എങ്ങനെ വന്നെന്നോ എന്താണെന്നോ ആര്‍ക്കുമറിയില്ല. സര്‍ജറി ചെയ്തു മുഴനീക്കിയെങ്കിലും പിന്നീടു കുറേക്കാലം പാടാന്‍ കഴിഞ്ഞില്ല. അവന്‍ നന്നായി സംഗീതോപകരണങ്ങള്‍ വായിക്കും. ഗാനമേളകളിലും മറ്റും പാടാറുണ്ട്. പക്ഷേ, പാട്ടുകാരനായി പേരെടുക്കേണ്ട സമയത്ത് ശബ്ദം തടസപ്പെട്ടുപോയി. ദൈവത്തിന്റെ കൃപകടാക്ഷം കൊണ്ടാകാം, എനിക്ക് അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അതാണ് പറഞ്ഞത് ഓരോരുത്തരും എങ്ങനെ ജീവിക്കണമെന്നും എന്തായി തീരണമെന്നും മുന്‍നിശ്ചയിക്കപ്പെട്ടതാണെന്ന്.
Article_image
അപ്പായുടെ അപ്പന്‍ എങ്ങനെയുള്ള പേരന്റ് ആയിരുന്നു?

 പഠിപ്പില്‍ അത്ര മിടുക്കനൊന്നുമായിരുന്നില്ല ഞാന്‍. ചരിത്രം ഒട്ടും വഴങ്ങില്ല. പക്ഷേ, പാട്ടു പെട്ടെന്നു പഠിച്ചെടുക്കും. ശ്ളോകങ്ങള്‍ മുഴുവന്‍ കാണാതെ പഠിച്ചു പാടും. അങ്ങനെ എനിക്കു സംഗീതത്തിലാണു വാസന എന്ന് മനസിലാക്കി നീ സംഗീതം പഠിക്ക് എന്ന് അപ്പന്‍ പറഞ്ഞു. നാലു വയസുള്ളപ്പോള്‍ തന്നെ എനിക്കു അപ്പന്‍ സംഗീത പാഠങ്ങള്‍ പറഞ്ഞു തന്നു. ഓരോ കുട്ടികള്‍ക്കും ഓരോ മേഖലയിലാകും വാസന. അതു കണ്ടെത്തി ആ വഴിക്ക് തിരിച്ചു വിടുമ്പോള്‍ അവര്‍ കൂടുതല്‍ മിടുക്കരാകും. എല്ലാവരേയും പിന്തള്ളി മുന്നോട്ടു പോകണമെന്ന് അപ്പന്‍ ഒരിക്കലും പറഞ്ഞില്ല. പകരം എല്ലാവരെയും സ്നേഹിക്കാന്‍ പഠിപ്പിച്ചു. നല്ല കാര്യങ്ങള്‍ എവിടെക്കണ്ടാലും അതിനൊപ്പം നില്‍ക്കണമെന്നും പണം നേടല്‍ മാത്രമാണു ജീവിതം എന്നു കരുതരുതെന്നും പറഞ്ഞു.

അപ്പന്‍ പറഞ്ഞതെല്ലാം അക്ഷരം പ്രതി ജീവിതത്തില്‍ പകര്‍ത്തിയ ആളാണ് ഞാന്‍. ഇതുവരെ പണക്കാരുടെ ക്ളബ്ബില്‍ മെംമ്പറായിട്ടില്ല. സാമൂഹിക നന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ കഴിയും പോലെ പിന്താങ്ങാറുണ്ട്. ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ളിയര്‍ ഇംപ്ളാന്റ് സൌജന്യനിരക്കില്‍ നല്‍കാനുള്ള ഒരു പദ്ധതിയാണ് ഇപ്പോള്‍ മനസിലുള്ളത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നിരവധി കുട്ടികള്‍ക്ക് ആശ്വാസം പകരും ഇത് എന്നെനിക്കുറപ്പുണ്ട്. നല്ല പ്രവര്‍ത്തികള്‍ എവിടെ കണ്ടാലും ഞാന്‍ അവിടെ ചെല്ലും. എന്നാല്‍ ആകാവുന്ന സഹായങ്ങള്‍ ചെയ്യും. മതമോ സംഘടനയോ ഒന്നും അക്കാര്യത്തില്‍ നോക്കാറില്ല. ഇതൊക്കെ അപ്പന്‍ എനിക്കു തന്ന പാഠങ്ങളിലൂടെ ഉള്‍ക്കൊണ്ടതാണ്.

വാക്കുകള്‍ കൃത്യമായി ഉച്ചരിക്കുന്ന കാര്യത്തിലും മുത്തച്ഛന്‍ കര്‍ശനക്കാരനായിരുന്നു എന്നു കേട്ടിട്ടുണ്ട്...
കുടുംബ പ്രാര്‍ഥനയുടെ അവസരത്തിലാണ് അപ്പന്റെ മലയാളം ക്ളാസ്. തെളിമയോടെ പ്രാര്‍ഥന ചൊല്ലണം. അത് അപ്പനു നിര്‍ബന്ധമാണ്. ബൈബിള്‍ വായിക്കുമ്പോള്‍ തെറ്റായി ഉച്ചരിക്കുന്ന ഓരോ വാക്കും വീണ്ടും പറയിക്കും. കര്‍ത്തവ്യം, പ്രാര്‍ഥന, ഭരണം ഒക്കെ എത്രയോ തവണ പറഞ്ഞു പതിഞ്ഞ വാക്കുകളാണ്. കൊച്ചിക്കാരുടെ ഛടുപിടു ഭാഷയില്‍ സംസാരിച്ചാല്‍ നല്ല അടിയാണ്. ഇതു കേട്ടിരിക്കുമ്പോള്‍ അമ്മയ്ക്കു ക്ഷമകെടും. ഒന്നുകില്‍ നിങ്ങള്‍ മലയാളം പഠിപ്പിക്ക്, അല്ലെങ്കില്‍ പ്രാര്‍ഥന ചൊല്ല്. എനിക്കു പിടിപ്പതു പണിയുണ്ട്..എന്നു പയും. എപ്പോഴും പണിയെടുത്തുകൊണ്ടേ അമ്മയെ കാണാനൊക്കുമായിരുന്നുള്ളൂ. അല്ലെങ്കില്‍ കൊന്ത ചൊല്ലി പ്രാര്‍ഥിക്കുന്ന രൂപത്തില്‍.

അപ്പയുടെ കഷ്ടപ്പാടുകള്‍ നിറഞ്ഞ കൌമാരം സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം പല പ്രാവശ്യം പഠിപ്പു മുടങ്ങിയത്. അപ്പന്‍ രോഗിയായി മരിച്ചപ്പോള്‍ ആശുപത്രിയില്‍ കൊടുക്കാനുള്ള തുക കയ്യിലില്ലാതെ നീറിയത്....ഇങ്ങനെ അപ്പയുടെ വേദനകളാണല്ലോ ഞങ്ങളോട് എപ്പോഴും പറഞ്ഞു തന്നിട്ടുള്ളത്? കഴിഞ്ഞ തലമുറ കടന്നുപോയ വഴികള്‍ ഉള്‍ക്കൊണ്ടു വേണം കുട്ടികള്‍ വളരാന്‍. എന്റെ മക്കളുടെ ജീവിതത്തിന് ഞാന്‍ ജീവിച്ച ജീവിതത്തോട് യാതൊരു സാദൃശ്യവുമില്ല. അവര്‍ അമേരിക്കയില്‍ ജീവിച്ചു. പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു. മക്കളോട് ഇപ്പോള്‍ ഉള്ളതെല്ലാം ഉപേക്ഷിച്ച് കഷ്ടപ്പെടണം എന്നു പറയുന്നതില്‍ അര്‍ഥമില്ലല്ലോ. പക്ഷേ, അവര്‍ അറിഞ്ഞു വളരണം. ഇപ്പോള്‍ ഉള്ളതെല്ലാം ഉണ്ടായതിനു പിന്നിലെ വേദനകളും കണ്ണുനീരും. അതിനാണ് പാരമ്പര്യം എന്നു പറയുന്നത്. അതു മനസിലാക്കാനാണു പഴയ കഥകള്‍ പറയുന്നത്. ചില സിനിമകളിലൊക്കെ കാരണവന്മാര്‍ അലറുന്നതു കാണാം, കൊന്നു തള്ളിയിട്ടുള്ള പാരമ്പര്യമേയുള്ളൂ നമ്മുടെ തറവാടിന് എന്നൊക്കെപറഞ്ഞ്. നീയെന്തുകൊണ്ടു ശത്രുവിനെ കൊല്ലാതെ വിട്ടു എന്നു മകനോടു ചോദിക്കുന്ന അച്ഛന്മാര്‍. കൊല്ലും കൊലയുമാണ് മികച്ച പാരമ്പര്യമെന്നു ചിലരെങ്കിലും വിശ്വസിക്കുന്നു.

ഗാനഗന്ധര്‍വന്‍ എന്ന വിശേഷണമൊക്കെ കേള്‍ക്കുമ്പോള്‍ അപ്പയ്ക്ക് എന്താണ് മനസില്‍ തോന്നുക?
ഗാനഗന്ധര്‍വന്‍ എന്ന പദവി എനിക്കു തന്ന മഹാകവിയോടുള്ള സര്‍വ ആദരവോടും കൂടി പറയട്ടെ. അംഗീകാരങ്ങളും വിശേഷണങ്ങളും ഒരുപാടു കിട്ടിയിട്ടുണ്ടെങ്കിലും ദാസേട്ടാ എന്നു വിളിക്കുന്നത് കേള്‍ക്കാനാണു കൂടുതല്‍ ഇഷ്ടം. പിന്നെ, കൊച്ചുകുട്ടികള്‍, ഞാന്‍ കടന്നുപോകുമ്പോഴും മറ്റും പിന്നില്‍ നിന്ന് യേശുദാസേ, എന്നു വിളിച്ചു നിഷ്കളങ്കമായി പുഞ്ചിരിക്കും. അതും ഇഷ്ടമാണ്.

എന്നു മുതലാണ് ക്ഷേത്രങ്ങളില്‍ പോയിത്തുടങ്ങിയത്?
Article_imageതൃപ്പൂണിത്തുറ സംഗീത കോളജില്‍ പഠിക്കുന്ന കാലം. പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വലിയ സംഗീതജ്ഞരുടെ കച്ചേരികള്‍ ഉണ്ടാകും. കൊതിയാണ് കച്ചേരി കേള്‍ക്കാന്‍. പക്ഷേ, അമ്പലത്തിനുള്ളില്‍ കയറാനാവില്ല. പുറത്തു നിന്നാണ് കേള്‍ക്കുക. ഒരിക്കല്‍ ഇതുപോലെ ഒരു കച്ചേരിക്കു പോയപ്പോള്‍ കുറേ ആളുകള്‍ സ്വാമിയേ, അയ്യപ്പോ എന്നു വിളിച്ച് പോകുന്നതു കണ്ടു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ഒരു കൂട്ടുകാരന്‍ പറഞ്ഞു. നിനക്കറിയില്ലേ, അവരാണ് അയ്യപ്പന്മാര്‍. ശബരിമലയ്ക്ക് പോവുകയാണവര്‍.... ശബരിമലയുടെ പ്രത്യേകതകളും കൂട്ടുകാരന്‍ പറഞ്ഞുതന്നു. മറ്റേതു ആരാധനാലയത്തില്‍ പോകുമ്പോഴും ഞാന്‍ യേശുദാസ് ആണ്. ശബരിമലയില്‍ പോകുമ്പോള്‍ മാത്രം യേശുദാസില്ല. എല്ലാവരും അയ്യപ്പന്‍മാര്‍. പണ്ഡിതനും പാമരനും ഉയര്‍ന്നജാതിക്കാരനും താഴ്ന്നജാതിക്കാരനും കോടീശ്വരനും ദരിദ്രനും എല്ലാം അയ്യപ്പന്‍. നശ്വരമായ ശരീരവും പേരുമെല്ലാം ഉപേക്ഷിച്ച് അനശ്വരമായ ആത്മാവ് നടത്തുന്ന മോക്ഷയാത്രപോലെ ഒരു തീര്‍ഥയാത്ര. ഈ ആശയം എന്നെ ആകര്‍ഷിച്ചു. ശബരിമലയ്ക്കു പോകാന്‍ വലിയ ആഗ്രഹമായി. എനിക്ക് ക്ഷേത്രത്തില്‍ വരാന്‍ തടസമുണ്ടോ എന്നു ചോദിച്ച് അയ്യപ്പസേവാസംഘത്തിനു കത്തയച്ചു. ഇവിടെ ആര്‍ക്കും വരാം പക്ഷേ, വ്രതമെടുക്കണമെന്നേയുള്ളൂ എന്നു മറുപടി കിട്ടി. അങ്ങനെ മാലയിട്ട്, വ്രതം നോറ്റ്, കറുപ്പുടുത്ത് ശബരിമലയില്‍ ആദ്യമായി പോയി. ഏതു മഹാത്മാവാണെങ്കിലും ഒരിക്കല്‍ ശരീരം ഉപേക്ഷിച്ചു പരമാത്മാവില്‍ ലയിക്കണം എന്ന ദര്‍ശനമാണ് അവിടെയുള്ളത്. എത്ര സുന്ദരമാണ് അത്.

ഞങ്ങള്‍ മക്കള്‍ മൂന്നുപേരും നീലിമല ഓടിക്കയറുമ്പോള്‍ നിറഞ്ഞു ചിരിക്കുന്ന അപ്പയുടെ മുഖം മനസിലുണ്ട്. എന്തിനാണു കുട്ടിക്കാലം മുതല്‍ക്കേ ഞങ്ങളെയും അപ്പ മലയ്ക്കു പോകുമ്പോള്‍ ഒപ്പം കൂട്ടിയിരുന്നത്?
എല്ലാത്തിനും ഉപരി ദൈവം മാത്രമേ ഉള്ളൂ എന്ന സത്യം ഉള്‍ക്കൊണ്ടതുകൊണ്ടാണ് എന്റെ മനസില്‍ ജാതിക്കും മതത്തിനും അപ്പുറമുള്ള ഈശ്വരന്‍ ജനിച്ചത്. ഞാന്‍ ജനിച്ചുവളര്‍ന്ന മതം സ്വീകരിക്കാന്‍ മക്കളെ നിര്‍ബന്ധിക്കാത്തതും അതുകൊണ്ടാണ്. ക്രിസ്ത്യാനി ആകണമെന്നോ ഹിന്ദു ആകണമെന്നോ അല്ല യഥാര്‍ഥ ദൈവത്തെ ഉള്‍ക്കൊള്ളണമെന്നാണ് മക്കളെ പഠിപ്പിക്കാന്‍ ആഗ്രഹിച്ചത്. തമിഴില്‍ കടവുള്‍ എന്നാണു പറയുക. ഉള്ളിലേക്കു കടക്കുക എന്ന ആ അര്‍ഥത്തില്‍ തന്നെയുണ്ട് ദൈവത്തിന്റെ സ്ഥാനം. സ്വന്തം ഉള്ളിലേക്കു തിരിഞ്ഞു നോക്കുകയാണു വേണ്ടത്. സ്വയം കണ്ടെത്തണം ദൈവത്തെ.

എത്രയോ കൃഷ്ണഭക്തിഗാനങ്ങള്‍ പാടിയിട്ടുണ്ട്. എന്നിട്ടും ഗുരുവായൂരപ്പനെ തൊഴാനാവാത്തതില്‍ വിഷമമുണ്ടോ?
ഒട്ടുമില്ല. കൃഷ്ണാ എന്നു വിളിച്ചു പാടുമ്പോള്‍ കിട്ടുന്ന നിര്‍വൃതി എവിടെയാണെങ്കിലും കിട്ടും. ക്ഷേത്രത്തില്‍ പോയാലും ഗുരുവായൂരപ്പനെ തൊഴുമ്പോള്‍ എന്റെ കൃഷ്ണാ എന്നു വിളിച്ച് മുന്നോട്ടു കുനിഞ്ഞല്ലേ തൊഴേണ്ടത്. അപ്പോള്‍ കൃഷ്ണനെ കണ്ണുകൊണ്ടല്ല, മനസില്‍ കണ്ടാണു തൊഴുക. അപ്പോള്‍ പിന്നെ അഹങ്കാരം പറയുകയാണെന്ന് വിചാരിക്കരുത്. കണ്ണനെ തൊഴാന്‍ ഗുരുവായൂരു പോകണമെന്നുണ്ടോ? ഒരിക്കല്‍ നിന്റെ ചേട്ടന്‍ വിനു രാവിലെ അമ്മയെ തിരഞ്ഞു കാണാഞ്ഞ് എന്റെയരികില്‍ വന്നു അമ്മയെന്തിയേ എന്നു ചോദിച്ചു. അമ്പലത്തില്‍ പോയി എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവന് അതിശയം. അപ്പ പറഞ്ഞിട്ടില്ലേ, ദൈവം എല്ലായിടത്തും ഉണ്ടെന്ന്. പിന്നെയെന്തിനാണ് അമ്പലത്തില്‍ പോയത്? എന്നായി അവന്‍. അമ്മ വന്നു കഴിഞ്ഞപ്പോള്‍ വിനുവിനെ വിളിച്ചരികില്‍ നിര്‍ത്തി ഞാന്‍ ചോദിച്ചു. മോനൊരു സൈക്കിള്‍ വാങ്ങിത്തന്നിട്ടില്ലേ അതു മുറ്റത്തു മാത്രമല്ലേ, ഓടിക്കുക. കിടപ്പുമുറിയില്‍ ഓടിക്കുമോ?
ഇല്ല...അവന്‍ പറഞ്ഞു.
ഊണുമുറിയിലും പൂജാമുറിയിലും ഒന്നും ഓടിക്കില്ല. കാരണം, എല്ലാത്തിനും നമ്മള്‍ ഒരു പരിധി ഉണ്ടാക്കിയിട്ടുണ്ട്. ആ പരിധിയില്‍ നിന്നു നാം എല്ലാം ചെയ്യും. അതുപോലെ ദൈവത്തെ ആരാധിക്കാന്‍ നാം അമ്പലത്തിലും പള്ളിയിലും പോകും. ആ മറുപടിയില്‍ അവന്‍ തൃപ്തനായി.

ഓര്‍മവച്ചകാലം മുതല്‍ അപ്പയ്ക്കു തിരക്കോടു തിരക്കാണ്. കുട്ടികളായിരുന്നപ്പോള്‍ ഞങ്ങളുടെ കുസൃതികള്‍ കാണണമെന്ന് അപ്പ ആഗ്രഹിച്ചിട്ടില്ലേ?
ഒരു പാട്ടില്‍ നിന്ന് ഒരു പാട്ടിലേക്കുള്ള ഓട്ടമായിരുന്നു അന്നൊക്കെ. ചെറിയ മൂന്നു കുഞ്ഞുങ്ങളെയും കൊണ്ട് പ്രഭ വളരെ കഷ്ടപ്പെട്ടിട്ടുണ്ട് ആ കാലത്ത്. മദ്രാസില്‍ വീടുപണിയുന്ന കാലത്ത് അതിനടുത്തുള്ള ഒരു വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. ഒരു വീടിന്റെ മുകള്‍നിലയിലായിരുന്നു താമസം. ബോംബെയില്‍ ഹിന്ദി ചിത്രങ്ങളില്‍ പാടുന്ന സമയം. വല്ലാതെ തിരക്കുപിടിച്ച കാലം. വൈകിട്ടത്തെ ഫ്ളൈറ്റിനു മദ്രാസിലെത്തും. രാവിലത്തെ ഫ്ളൈറ്റില്‍ ബോംബെയ്ക്കു പറക്കും. അസമയത്തുള്ള എന്റെ വരവും പോക്കും കണ്ടിട്ടാവണം താഴെ താമസിക്കുന്ന വീട്ടുടമസ്ഥ ഒരിക്കല്‍ പ്രഭയോടു ചോദിച്ചു, എന്നമ്മാ, അതു ചിന്നവീടാ?

അമ്മ ജീവിതത്തിലേയ്ക്കു വന്നപ്പോള്‍ എന്തു മാറ്റമാണ് അപ്പയ്ക്കുണ്ടായത്?
പ്രഭ എനിക്കു ശരിക്കും പ്രഭ തന്നെയാണ്. അവള്‍ എന്റെ സംഗീതത്തെയാണ് ആദ്യം ഇഷ്ടപ്പെട്ടത്. പിന്നെയാണ് എന്നെ ഇഷ്ടപ്പെടുന്നത്. (എന്തോ ഓര്‍ത്തിട്ടെന്നപോലെ തലകുടഞ്ഞു ചിരിക്കുന്നു.) എപ്പോള്‍ ഭാര്യയെക്കുറിച്ചു നല്ല വാക്കു പറഞ്ഞിട്ടുണ്ടോ അപ്പോഴെല്ലാം വീട്ടില്‍ ചെന്ന് ഒന്നും രണ്ടും പറഞ്ഞ് ഉടക്കുണ്ടാകും. അവള്‍ക്കറിയില്ലല്ലോ, നമ്മള്‍ പത്രത്തിലും ടിവിയിലും അവളെക്കിറിച്ച് പൊന്നുംവര്‍ത്തമാനം പറഞ്ഞിട്ടാണ് എത്തിയിരിക്കുന്നതെന്ന്. പിന്നെ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ വഴക്കുണ്ടാവണം. ആത്മാര്‍ഥതയും സ്നേഹവും ഉള്ളിടത്തേ വഴക്കുണ്ടാവൂ. നീ നിന്റെ വഴി, ഞാന്‍ എന്റെ വഴി എന്നു തീരുമാനിച്ചാല്‍ വഴക്കില്ലായിരിക്കാം. പക്ഷേ, അതു കുടുംബമാവില്ല.

അമ്മയുടെ മുടി കണ്ടാണ് ഇഷ്ടപ്പെട്ടതെന്ന് മുമ്പ് ചില ഇന്റര്‍വ്യൂകളില്‍ അപ്പ പറഞ്ഞിട്ടുണ്ട്. അതുപോലെ മുടിയുള്ള ഒരു പെണ്‍കുട്ടി, മകളായി വേണമെന്ന് ആഗ്രഹിച്ചിട്ടില്ലേ?
ഇടതൂര്‍ന്ന മുടിയുണ്ടായിരുന്നു അന്നു പ്രഭയ്ക്ക്. ഇന്നാണെങ്കില്‍ ഒരുപക്ഷേ, നട്ടുവയ്ക്കുന്ന മുടിയാണെന്നു സംശയിച്ചേനെ. പിന്നെ...ഇടതൂര്‍ന്ന മുടിയുണ്ടല്ലോ എന്റെ രണ്ടു പെണ്‍മക്കള്‍ക്കും. നീ കൊണ്ടുവന്ന ദര്‍ശനയ്ക്കും വിശാലിന്റെ ഭാര്യ വിനയയ്ക്കും.

ആയിരം പാദസരങ്ങള്‍ കിലുങ്ങി എന്ന ഗാനം ഈയിടെ ആകാശവാണി എക്കാലത്തേയും മികച്ച ഗാനമായി തിരഞ്ഞെടുത്തു. അതുപാടിയത് അപ്പയാണ്. വളരെ അഭിമാനം തോന്നിയില്ലേ?
ഞാന്‍ ഒരു മികച്ച ഗാനം പാടി, എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം ഇതാണ് എന്നൊന്നും ഞാന്‍ ഒരിക്കലും ചിന്തിക്കാറില്ല. ആയിരം പാദസരങ്ങള്‍ പാടിയ രംഗമൊക്കെ ഇപ്പോഴും മനസിലുണ്ട്. വിജയാ ഗാര്‍ഡന്‍സിലായിരുന്നു റെക്കോര്‍ഡിങ്. രണ്ടു ദിവസം മുമ്പേ പ്രാക്ടീസ് തുടങ്ങിയിരുന്നു. ആലപ്പുഴയിലെ വെണ്‍നുരകളാണ് ആ പാട്ടില്‍ പാദസരമായി സങ്കല്‍പിച്ചിരുന്നത്. അതൊക്കെ മനസില്‍ കണ്ടാണ് അന്ന് പാടിയതും. ഇപ്പോഴും ആലുവാപ്പുഴയിലെ വെണ്‍നുരകളാണ് ആ പാട്ടില്‍ പാദസരമായി സങ്കല്‍പിച്ചിരുന്നത്. അതൊക്കെ മനസില്‍ കണ്ടാണ് അന്ന് പാടിയതും. ഇപ്പോഴും ആലുവാപ്പുഴയില്‍ നുരകളുണ്ട്. അവിടേയ്ക്കു തള്ളുന്ന വേസ്റ്റും ചളിയും ഉണ്ടാക്കുന്ന നുരകള്‍. കാന്‍സര്‍ പോലുള്ള രോഗങ്ങളുണ്ടാക്കുന്ന നുരകള്‍. ഈയിടെ പുഴയുടെ തീരത്ത് ഒരു വീട്ടില്‍ പോയപ്പോള്‍ ഒരു അമ്മ പറഞ്ഞു. ഇവിടെ ജീവിതം സുഖമാണ്. ഒറ്റക്കൊതുകുപോലും ഇല്ല. വെള്ളത്തില്‍ കൊതുകിനു ജീവിക്കാന്‍ പറ്റില്ല എന്ന്.

സുശീലാമ്മ, ജാനകിയമ്മ, മാധുരിയമ്മ, ചിത്രേച്ചി, സുജാതേച്ചി....എത്രയോ ഗായികമാര്‍ക്കൊപ്പം അപ്പ പാടിയിരിക്കുന്നു. അതേക്കുറിച്ച് എന്താണ് അപ്പയുടെ അഭിപ്രായം?
സുശീലാമ്മയുടെ പാട്ട് സുശീലാമ്മയ്ക്കു മാത്രമേ പാടാനാവൂ. ചിത്രയുടേതു ചിത്രതന്നെ പാടണം. സുജാതയുടെ പാട്ട് ചിത്ര പാടിയാല്‍ അതു മറ്റൊന്നാണ്. ഓരോ ധാന്യമണിയിലും അതു ഭക്ഷിക്കാനുള്ളവന്റെ പേര് എഴുതിയിരിക്കുന്നു (ധാനേ ധാനേ പേ ലിഖേ ഹേ, ഖാനേ വാലാ കാ നം) എന്നൊരു ചൊല്ലുണ്ട്. അതുപോലെ ഓരോ ഗാനത്തിലും അതാലപിക്കാനുള്ളവരുടെ പേരും ദൈവം എഴുതിയിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പാടും മുമ്പ് മുതിര്‍ന്ന ഗായികമാരുടെ കാല്‍തൊട്ടു വന്ദിക്കുമായിരുന്നു ഞാന്‍. ഇപ്പോഴത്തെ കുട്ടികളെല്ലാം അതു ചെയ്യാറുണ്ട്. ഞാന്‍ ചെയ്യുന്നതു കണ്ടു പഠിച്ചു എന്നല്ല പറയുന്നത്. നമ്മുടെ സംസ്കാരം പിന്തുടരാന്‍ കുട്ടികളെ കാണിച്ചു കൊടുക്കണമെന്നാണ്.

പാട്ട് കഴിഞ്ഞാല്‍ അപ്പയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങള്‍?
പെയിന്റിങ് ഇഷ്ടമാണ്. കൃഷിയില്‍ താല്‍പര്യമുണ്ട്. വേണ്ടി വന്നാല്‍ പറമ്പില്‍ തൂമ്പ കൊണ്ടു കിളച്ച്, രണ്ടു മൂടു കപ്പയിട്ടാണെങ്കിലും ഞാന്‍ ജീവിക്കും. മരപ്പണി ചെയ്യാനും അറിയാം. അമേരിക്കയിലെ സ്റ്റുഡിയോ ഉണ്ടാക്കിയപ്പോള്‍ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ലല്ലോ, നിങ്ങള്‍ മക്കളല്ലാതെ. ഏതു കാര്യവും സ്വയം ചെയ്യാന്‍ വിഷമിക്കേണ്ടന്നും അതിലൂടെ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും വളരെ വലുതാണെന്നും പഠിപ്പിക്കുക കൂടിയായിരുന്നു ഞാന്‍.

പുതുതലമുറ പാടുന്ന അടിപൊളി പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എന്തുതോന്നും?
ഞാനും പാടിയിട്ടുണ്ടല്ലോ ധാരാളം. ഒരിക്കല്‍ ജോണി സാഗരിക വന്നു പറഞ്ഞു, ദാസേട്ടാ ചില പിള്ളേര്‍ക്ക് ഒരു വിചാരമുണ്ട് ദാസേട്ടന് അടിപൊളി പാട്ടു പാടാനാവില്ലെന്ന്....അയാള്‍ടെ കാര്യം നടക്കാന്‍ പറഞ്ഞതാവും. എന്തായാലും ഒരു കൈ നോക്കാമെന്ന് ഞാനും കരുതി. അങ്ങനെയാണ് ഒരു ചിക് ചിക് ചിക് ചിക് ചിക് ചിറകില്‍....പാടാനിടയായത്.

എത്ര നാളായി ഈ വെള്ള വേഷം മാത്രം. നിറമുള്ള വസ്ത്രങ്ങളണിയാന്‍ കൊതിയില്ലേ?
ഒരിക്കല്‍ വേണ്ടെന്നുവച്ചത് പിന്നെ ഒരിക്കലും വേണമെന്ന് തോന്നാറില്ല. വെള്ള ഉടുപ്പാണെങ്കില്‍ കൂടുതല്‍ എണ്ണം വേണ്ടല്ലോ. ദിവസവും കഴുകിയുണക്കി പുത്തനായി ഇടാമല്ലോ എന്നു കരുതി തുടങ്ങിയതാണ്. പിന്നെ ശീലമായി. അമേരിക്കയില്‍ ഗാനമേളയ്ക്കും മറ്റും പോകുമ്പോള്‍ വെള്ള സ്യൂട്ട് ഇടുമായിരുന്നു. അവിടെ ബ്രൈഡ്ഗ്രൂമാണ് വെള്ള സ്യൂട്ട് ധരിക്കുക. അങ്ങനെ പലേടത്തും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.

അപ്പ പലപ്പോഴും ഒറ്റയ്ക്കിരുന്നു സംഗീതം കേള്‍ക്കാറുണ്ട്, പാടാറുണ്ട്. എപ്പോഴെങ്കിലും എന്റെ പാട്ട് പാടിയിട്ടുണ്ടോ?
ഉണ്ടല്ലോ. എന്റെ പേരക്കുട്ടി അമേയയ്ക്കുവേണ്ടി. അച്ഛയുടെ പാട്ടുതന്നെ പാടിത്തരണമെന്ന് അവള്‍ വാശിയെടുക്കുമ്പോള്‍ അതു ഞാന്‍ പാടും. പിന്നെ കൈ വിരലുകള്‍ കൊണ്ടു പതിയെ താളമിട്ട് യേശുദാസ് മൂളിത്തുടങ്ങുന്നു. കൂവരംകിളി പൈതലേ.... കുണുക്കു ചെമ്പക തേന്‍ തരാം...