എം എസ് ‌വിയുടെ ഓര്‍മകള്‍ പങ്കിട്ട് പ്രമുഖര്‍

ജിജിന്‍

എം എസ് വിശ്വനാഥന്റെ ആരാധകരാണ്‌ സംഗീതലോകത്തെ പ്രതിഭകള്‍ മിക്കവരും. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കാത്ത ഒരു കലാകാരനുമുണ്ടാകില്ല. സംഗീതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് എം എസ് വിയെക്കുറിച്ച് പറയാന്‍ എന്തെങ്കിലുമൊക്കെ ഓര്‍മകളും ഉണ്ടാകും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സംഗീത ലോകത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു.

കെ ജെ യേശുദാസ്

എന്റെ ജീവിതത്തിൽ തമിഴിൽ ആദ്യമായി പാടിയത് നീയും ബൊമ്മയ്ക്കുശേഷം അദ്ദേഹത്തിന്റെ കാതല്ക്ക് നേരമില്ലേ എന്ന പടത്തിലാണ്. ഞാൻ പാടിയതിനെപ്പറ്റി പറയുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ നമ്മൾ കേട്ട് സന്തോഷിച്ച് എത്രയോ കൊല്ലങ്ങൾ അദ്ദേഹത്തിന്റെ ക്രിയേറ്റീവ്നസ് അദ്ദേഹത്തിന്റെ സംഗീതത്തിലുള്ള കഴിവിനെ നമ്മൾ ആസ്വദിച്ചു. ഞങ്ങളെപ്പോലുള്ളവർക്ക് കിട്ടിയിട്ടുള്ള വല്യ വല്യസ്ഥാനമാനങ്ങൾ ഭാരതം അദ്ദേഹത്തിനു കൊടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. കാരണം അത്രയ്ക്ക് ഒരു വല്യ മഹാനെ മറന്നുപോയതുപോലെ.ഞങ്ങൾക്കൊന്നും പറയാൻ പറ്റില്ല. നിങ്ങൾക്ക് കിട്ടിയിട്ട് മിണ്ടാതിരുന്നാൽ പോരേ എന്ന് പലരും ചോദിച്ചേക്കും.

എന്തു ചെയ്യാം പറയാതിരിക്കാനും വയ്യ. ഇനി പറഞ്ഞിട്ടും കാര്യമില്ല. കാരണം അദ്ദേഹത്തിന്റെ പാട്ടുകേട്ട് പഠിച്ചവർക്കും അതുകേട്ട് എഴുതിയവർക്കും വല്യ സ്ഥാനവും അവാർഡുകളും സർക്കാരിൽ നിന്നും കിട്ടിയിട്ടുണ്ട്. വല്യ ഒരു രത്നമായിരുന്നു അദ്ദേഹം എന്നുള്ളത് അറിവു‌ള്ളവർക്ക് മനസിലാകും അറിവില്ലാത്തവർക്ക് അറിയില്ലല്ലോ. അദ്ദേഹത്തിന് അംഗീകാരത്തിന്റെ ആവശ്യമില്ലായിരിക്കാം. കാരണം ഓരോ പാട്ടുകളും അദ്ദേഹം ചെയ്തിട്ട് കേട്ടിട്ട് അതുൾക്കൊണ്ടിട്ടുള്ള കാര്യങ്ങൾ അത്രയ്ക്ക് അനുഭവിച്ചിട്ടുള്ളവരാണ്. ദുഃഖമുണ്ട്. ഇനി പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരും കഴിഞ്ഞ് കഴിഞ്ഞിട്ടാണല്ലോ ബഹളം ഉണ്ടാക്കുന്നത്. അത് പറയാതിരിക്കാൻ നിവൃത്തിയില്ല. ഇപ്പോൾ എങ്കിലും അത് പറയാതിക്കാനും വയ്യ.നമ്മുടെ രാജ്യത്തിൽ നിന്ന് അദ്ദേഹത്തിനു വല്ലതും ചെയ്തോ എന്നുള്ളതാണ്. അഞ്ചു വർഷം മുൻപ് അദ്ദേഹത്തിന്റെ മക്കളെല്ലാവരും കൂടി സംസാരിച്ചു. പ്രത്യേകിച്ച് സെൻട്രൽ ഗവൺമെന്റിനോട് നിങ്ങൾ പറയണം. അദ്ദേഹത്തിന് കൊടുക്കേണ്ടത് ജീവിച്ചിരിക്കുമ്പോൾ കൊടുക്കണം അതിനുശേഷം കൊടുക്കുന്നതിൽ യാതൊരു അർഥവുമില്ല. ഞാൻ എത്രകാലമായും ഞാൻ അത് പറയും. സംഗീതത്തെപ്പറ്റിപറയുമ്പോൾ അദ്ദേഹം പറയുന്നത് എനിക്കൊന്നുമറിയില്ല എല്ലാം ഈശ്വരന്റെ കൃപകൊണ്ടു ചെയ്യുന്നതാണ്. ഇത്രയും എളിമയോടുകൂടി പലയിടത്തും പറയുന്നത് ഒരു കലാകാരനേയും ഞാൻ കണ്ടിട്ടില്ല.

ഔസേപ്പച്ചൻ

80-87 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹത്തിനുവേണ്ടി വയലിൻ വായിച്ചിട്ടുള്ള ഒരു മ്യുസീഷ്യനാണ് ഞാൻ. അന്ന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മണി, ജോസഫ്, കൃഷ്ണ ഗ്രേറ്റ് മ്യുസീഷൻസാണ്. അവരൊക്കെ റിട്ടയർമെന്റ് ആയതിനുശേഷമാണ് ഞാൻ ചേരുന്നത്.അദ്ദേഹത്തിന് എന്നെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം ചെയ്യുന്ന സംഗീതത്തിലെ ഓവർ കോൺസൺട്രേഷനും ഡെഡിക്കേഷനും മാത്രമാണ് ലക്ഷ്യം. അപ്പോൾ ചിലപ്പോൾ നമുടെയൊക്കെ പേരു പോലും മറന്നുപോകും. മ്യൂസിക് മാത്രമേ ഉള്ളൂ അദ്ദേഹത്തിന്. അദ്ദേഹത്തെക്കുറിച്ച് എനിക്ക് ചെറിയൊരു ഓർമയുണ്ട്. ഒരു മീറ്റിങ്ങിൽ വച്ച് കണ്ടപ്പോൾ എനിക്ക് ഒരു നാഷണൽ അവാർഡ് കിട്ടിയെന്നും ഇന്ന് സൗത്ത് ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാധരനായ മ്യൂസിക് ഡയറക്ടർ അല്ലെങ്കിൽ മ്യുസീഷൻ ആണ് താങ്കളെന്നും എന്നാൽ താങ്കൾക്ക് ഇന്നേവരെ ഒരു നാഷണൽ പുരസ്കാരം കിട്ടിയിട്ടില്ലല്ലോ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഒരു ചിരിയിൽ ഒതുക്കി.

മ്യൂസിക് ഇൻസ്റ്റന്റ് ആയി കംപോസ് ചെയ്യുന്ന ആളാണ് അദ്ദേഹം. ഇളയരാജാ സാറൊക്കെ എല്ലാം പ്രിപ്പയർ ചെയ്തിട്ടേ മ്യൂസിക് ചെയ്യുകയുള്ളൂ. ഇദ്ദേഹം അദ്ദേഹത്തിന്റെ മ്യൂസിക്കിൽ വരുന്ന ഓരോ കണികകളും തന്നെ കമ്പോസ് ചെയ്ത് പാടി ഉണ്ടാക്കുന്നതാണ്. മ്യൂസിക് കമ്പോസ് മുൻ കൂട്ടി പ്ലാൻ ചെയ്ത് കമ്പോസ് ചെയ്യുന്ന ഒരു രീതി അദ്ദേഹത്തിനില്ലായിരുന്നു. പാട്ട് മാത്രം കമ്പോസ് ചെയ്യും. അത് ഡയറക്ടറുമാരുടെ കൂടെ ഇരുന്നിട്ട്. ബാക്കി അതിന്റെ ചട്ടവട്ടങ്ങൾ ഒരുക്കുന്നത് മുഴുവനും സെറ്റിൽ റെക്കോർഡിങ് സമയത്തായിരിക്കും. അദ്ദേഹത്തിന്റെ നൊട്ടേഷൻസൊക്കെ ഭയങ്കര പ്രയാസമാണ്. മനസിൽ ആ സമയത്ത് പൊട്ടി പുറത്തേക്കുവരുന്ന ഗാനങ്ങളാണ് പിന്നീട് നമ്മൾ സൂപ്പർഹിറ്റ് ഗാനങ്ങളായി കേൾക്കുന്നത്.

എം ജയചന്ദ്രൻ

സിനിമാ സംഗീതത്തിന്റെ മഹാ ഗുരുനാഥനായിട്ടാണ് എം എസ് വിശ്വനാഥൻ സാറിനെ കാണുന്നത്. ഒരു പാട്ട് എങ്ങനെ ചെയ്യണം, അതിന്റെ സ്ട്രക്ചർ എങ്ങനെയാകണം ഇവയൊക്കെ നമ്മളെ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും. വളരെ അടുത്ത് ഇടപഴകാനും, അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ പാത്രമാകാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. കുഞ്ഞനന്തന്റെ കട എന്ന സിനിമയിൽ നടന്ന് നടന്ന് എന്ന പാട്ട് അദ്ദേഹം പാടണമെന്ന് ഞാനാഗ്രഹിച്ചു. അദ്ദേഹത്തിനോട് ചോദിച്ചു. അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു ആ പാട്ടു പാടി. എനിക്ക് എന്നും ഓർക്കാവുന്ന ഒരു ഓർമയാണ്.

ജി വേണുഗോപാൽ

എം എസ് വിയെക്കുറിച്ച് ഓർക്കുമ്പോൾ നാല് ഘട്ടങ്ങളാണ് ഓര്‍മ വരുന്നത്. ഒന്ന് എം എസ് വി സാറിന്റെ മുന്നിലുണ്ടായിരുന്ന തെന്നിന്ത്യൻ സിനിമാ സംഗീത കാലം, 25-28 വർഷങ്ങളായി എം എസ് വി തുടരുന്ന സമയം, ഇളയരാജാസാറിനോടൊപ്പമുള്ള വർഷങ്ങൾ, അവസാനം എ ആർ റഹ്മാനോടൊപ്പമുള്ള വർഷം അങ്ങനെ ഒരു നാലു ഘട്ടങ്ങള്‍ തമിഴ് സംഗീത രംഗത്തെ വേർതിരിക്കാം. അദ്ദേഹം ഒരു ജീനിയസ് ആയിരുന്നു. ശാസ്ത്രീയ സംഗീതം അടിസ്ഥാനമായി പഠിച്ച ആളല്ല. തുച്ഛമായ സംഗീത ജ്ഞാനത്തിൽ നിന്ന് ചെയ്ത ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. ഹിറ്റ് എന്ന് മാത്രമല്ല. ഇന്നും ഏവരും മനസ്സില്‍ പേറി നടക്കുന്ന ഗാനങ്ങളാണവ.

എഴുപതുകളിലാണ് മലയാളത്തിലേക്കുള്ള കാൽവയ്പ് ശ്രീകുമാരൻ തമ്പിസാറുമായുള്ള കൂട്ടുകെട്ടിൽ. അനേകം ഗാനങ്ങള്‍ അവരുടെ കൂട്ടുക്കെട്ടില്‍ പിറന്നു. ഒരോന്നും ഒന്നിനൊന്ന് മെച്ചമായിരുന്നു. അദ്ദേഹത്തോടൊപ്പം സഹകരിക്കാന്‍ ഒരിക്കല്‍ എനിക്ക് അവസരം കിട്ടിയിരുന്നു. അന്ന് അദ്ദേഹം റിഹേഴ്‌സലിനായി ഒരു ഗാനം ആപലിച്ചപ്പോള്‍ ഒരു വാക്കില്‍ തെറ്റ് സംഭവിച്ചു. ഗുരുഭയത്തോടെയാണെങ്കില്‍ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അത് ചൂണ്ടി കാണിച്ചപ്പോള്‍ അദ്ദേഹം അത് അംഗീകരിച്ചു. തന്റെ തെറ്റുകള്‍ ആരെങ്കിലും ചൂണ്ടികാണിച്ചാല്‍ അത് സ്വീകരിക്കാനുള്ള വലിയ മനസ്സ് കൂടിയാണ്‌ നമുക്ക് മുന്നില്‍ വെളിപ്പെട്ടത്. തെറ്റ് ചൂണ്ടി കാണിച്ചത് ഗുരുനിന്ദയാകുമോയെന്ന് ഭയം എനിക്കുണ്ടായിരുന്നു. അന്ന് പ്രോഗാം കഴിഞ്ഞ് പോകുമ്പോള്‍ അതിന്‌ ഞാന്‍ ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ തെറ്റ് ആരുചെയ്‌താലും തെറ്റ് തന്നെയാണെന്ന മറുപടിയാണ്‌ എനിക്ക് ലഭിച്ചത്. അവസാനം കണ്ടപ്പോഴും എന്നാ തമ്പി എന്ന സമാചാരം എന്ന് ചോദിച്ചു. എപ്പോള്‍ കണ്ടാലും കുശലാന്വേഷണം നടത്തുമായിരുന്നു.

സന്തോഷ് വർമ

എം എസ് വിശ്വനാഥനെക്കുറിച്ച് പറയാൻ വാക്കുകളില്ല. ഇന്ത്യൻ സംഗീതത്തിലെ ഏറ്റവും വലിയ ലെജന്റുകളിലൊരാളായാണ് അദ്ദേഹത്തെ കാണുന്നത്. എത്രയോ എണ്ണമറ്റ പാട്ടുകൾ, മെലഡികൾ നിമിഷങ്ങൾകൊണ്ട് അക്ഷരങ്ങളാകുന്ന ഗാനങ്ങൾ സൃഷ്ടിക്കുന്ന ഒരു അത്ഭുതപ്രതിഭയാണ് അദ്ദേഹം. നിമിഷങ്ങൾകൊണ്ട് സൃഷ്ടിക്കപ്പെടുന്നതാണെങ്കിലും അതിന്റെ ആയുസ് ഓരോ യുഗങ്ങളാണ്. വലിയ സംഗീതസംവിധായകരൊക്കെ പറയും അദ്ദേഹത്തിന്റെ പാട്ടിന്റെ തീം നമുക്ക് പത്ത് പാട്ട് സൃഷ്ടിക്കാമെന്ന്. അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും ഓരോ പാട്ടുപുസ്തകങ്ങളാണ്. സംഗീതത്തിന്റെ മഹത് ജീവിതം അവസാനിച്ചു എന്നാണ് പറയാനുള്ളത്. ഇതു പോലെ ഒരു സംഗീത സംവിധായകൻ ഉണ്ടാവില്ല.

ഗോപീ സുന്ദർ

ഞാനൊക്കെ വളരെ ആരാധനയോടെ നോക്കിക്കണ്ട വ്യക്തിത്വമായിരുന്നു വിശ്വനാഥൻ സാറിന്റേത്. അറുപതുകളിൽ തന്നെ അദ്ദേഹം സംഗീതത്തിന്റെ എല്ലാ സാധ്യതകളേയും ഉപയോഗിച്ചു. ഞങ്ങളുടെ തലമുറയൊക്കെ അദ്ദേഹം ചെയ്തതുതന്നെയാണ് പല രീതിയിലും പ്രയോഗിച്ചിരിക്കുന്നത്. എഴുപതുകളിൽ തന്നെ അദ്ദേഹം ജാസും ബ്ലൂസും മനോഹരമായി കൈകാര്യം ചെയ്തിരുന്നു. ഈ ലോകത്തുള്ള സംഗീതം മുഴുവനും എടുത്തുകൊണ്ടാണ് അദ്ദേഹം ലോകത്തുനിന്ന് യാത്രയാകുന്നത്. 18-20 വർഷക്കാലം ഞാൻ ചെൈന്നയിൽ ആയിരുന്നു. അന്നൊക്കെ ഞാൻ കാറിൽ പോകുമ്പോൾ എതിരെയായി അദ്ദേഹം ഒരു കൈനറ്റിക് ഹോണ്ടയിൽ വരും. ബഹുമാനത്തോടെ അദ്ദേഹത്തെ കൈകാട്ടി അഭിവാദ്യം ചെയ്യുമായിരുന്നു. അതിൽ കൂടുതൽ എന്റെ സംഗീതത്തെ കുറിച്ചൊന്നും അദ്ദേഹത്തോടു ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അത്രത്തോളം ആദരവായിരുന്നു അദ്ദേഹത്തോട്. ചടുലമായ തലങ്ങൾ അദ്ദേഹത്തിൽ നിന്നും ഇടതടവില്ലാതെ ഉണ്ടായിക്കൊണ്ടിരുന്നു. എന്റെ തലമുറയ്ക്കും ഇനിയുള്ള തലമുറയ്ക്കും അദ്ദേഹം എക്കാലവും മാതൃകയാകുന്ന വ്യക്തിയാണ്.

രാജലക്ഷ്മി

എം എസ് വിശ്വനാഥൻ എന്ന വലിയൊരു ആൽമരത്തിന്റെ താഴെയുള്ള ചെറിയൊരു പുൽക്കൊടിയാണ് നമ്മൾ. അത്രയും വലിയ ഒരു ആർട്ടിസ്റ്റ് ആണ് അദ്ദേഹം. അത്രയും വലിയൊരു സംഗീതജ്ഞനായിരുന്നു. തമിഴിൽ സുശീലാമ്മയും, ടി എൻ സൗന്ദർരാജൻ സാറാണെങ്കിലും പാടിയ ഹിറ്റുകളിൽ കൂടുതലും ഇദ്ദേഹത്തിന്റേതാണ്. അതുപോലെതന്നെ മലയാളികൾക്ക് ഏറെപ്രിയനും ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ ഒരു പ്രതിഭയാണ് അദ്ദേഹം. നമ്മുടെ മ്യൂസിക് ഇൻഡസ്ട്രിയിൽ തന്നെ തീരാ നഷ്ടമാണ്. സംഗീതാസ്വാദാകർക്കും, പാട്ടുകാർക്കും, മ്യുസിഷ്യൻസിനും വല്ലാത്തൊരു വേദനയാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ അദ്ദേഹം എന്നും ജീവിക്കും.

അഫ്സൽ യൂസഫ്

സംഗീത സംവിധാനത്തിൽ നമ്മൾ കേട്ട പാട്ടുകളും സംഗീത സംവിധായകരും നമ്മളെ ഓരോന്നാണ് അനുഭവിച്ച വിധത്തിൽ നമ്മളെ സ്വാധീനിക്കും. എം എസ് വിശ്വനാഥൻ സാറിന്റെ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ ഇത് വിശ്വനാഥൻ സാറിന്റെ തന്നെയാണെന്നു തിരിച്ചറിയാൻ സാധിക്കും. വരികളുടെ അർഥം സംഗീതം നൽകുന്നതിലും ഭാവം കൊടുക്കുന്നതിലും കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഉദാഹരണത്തിന് ‘ കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച’ എന്നു തുടങ്ങുന്നതുപോലെയുള്ള ഗാനങ്ങൾക്ക് അദ്ദേഹം നൽകിയ ഭാവം സംഗീത സംവിധാനത്തിലുള്ള അദ്ദേഹത്തിന്റെ ഈ പ്രത്യേക ഗുണം എന്നെ ഒരുപാട് ആകർഷിച്ചിട്ടുണ്ട്.

നജിം അർഷാദ്

നമ്മൾ ഇപ്പോൾ കേൾക്കുന്ന പാട്ടുകളൊക്കെ ടെക്നോളജിയുടെ സഹായത്തിലൂടെ കേൾക്കുന്ന പാട്ടുകളാണ് അപ്പോഴാണ് അതിന് കൂടുതൽ കേൾക്കാൻ കാതിന് ഇമ്പമായി തീരുന്നത്. ഈ ടെക്നോളജിയൊന്നും ഇല്ലാതിരുന്ന കാലത്ത് ഇപ്പോഴത്തെ ട്രെൻഡിനേക്കാളും നല്ല നല്ല കോമ്പസിഷൻ ഉണ്ടാക്കിയ ഒരു ഇതിഹാസമായാണ് എം എസ് വിശ്വനാഥൻ സാറിനെ കരുതുന്നത്. അദ്ദേഹത്തിന്റെ കോമ്പസിഷൻസ് പറഞ്ഞാലും ഇപ്പോഴുള്ള പാട്ടുകളുമായി കംപയർ ചെയ്യുമ്പോൾ ഒരിക്കലും അത് ചെയ്യാൻ പറ്റുകയില്ല. വളരെ വിഷമമുണ്ട് അദ്ദേഹത്തിന്റെ വിയോഗത്തിൽ. അദ്ദേഹത്തിന്റെ സംഗീതം ഈ ലോകമെങ്ങും ഭൂമിയുടെ അവസാനം വരെ ജനങ്ങൾക്കിടയിൽ ഉണ്ടാകും എന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.