തമിഴിന്റെ സ്വന്തം മെല്ലിസൈ മന്നൻ

തമിഴ്നാട്ടിലെ മൂന്ന് മുഖ്യമന്ത്രിമാരുടെ തിരൈപ്പടങ്ങൾക്ക് ഹിറ്റ് ഗാനങ്ങൾ രചിക്കുകയെന്ന അപൂർവതയുണ്ട് എംഎസ്‌വിയെന്ന ചുരുക്കപ്പേരിൽ സംഗീതരംഗത്ത് അറിയപ്പെടുന്ന എം.എസ്.വിശ്വനാഥന്. 2012 ഓഗസ്റ്റിൽ തിരൈ ഇസൈ ചക്രവർത്തിയെന്ന പദവി നൽകി ആദരിച്ചപ്പോൾ ജയലളിത അദ്ദേഹത്തിന് ഒപ്പം നൽകിയ 60 സ്വർണനാണയങ്ങളും പുതിയ കാറും അവർക്ക് അദ്ദേഹത്തോടുളള അളവറ്റ സ്നേഹത്തിന്റെയും ആദരവിന്റെയും കൂടി സൂചനയായിരുന്നു.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ 1300 ലേറെ ചിത്രങ്ങൾക്ക് ഈണം നൽകിയ എംഎസ്‌വിക്ക് അദ്ദേഹം ജീവൻ പകർന്ന ഹിറ്റ് ഈണങ്ങൾ തന്നെയാവും ഇനി സംഗീതാസ്വാദകരുടെ ഓർമകളിൽ എന്നും അനശ്വരത പകരുക. എംജിആർ നായകനായെത്തിയ ജെനോവയായിരുന്നു എംഎസ്‌വിക്ക് തമിഴിൽ ശ്രദ്ധേയമായ ബ്രേക്ക് നൽകിയ ചിത്രം. അത്ര പേരെടുക്കാത്ത സംഗീതസംവിധായകനെ ചിത്രത്തിൽ സഹകരിപ്പിക്കുന്നതിൽ ആദ്യം വിമുഖത കാട്ടിയെങ്കിലും സംഗീതം എംഎസ്‌വിയില്ലെങ്കിൽ എംജിആറിന് ഈ പ്രോജക്റ്റിൽ നിന്നു തന്നെ പിൻമാറാമെന്ന നിർമാതാക്കളുടെ സമ്മർദ്ദത്തിനു എംജിആർ വഴങ്ങുകയായിരുന്നു.

എംജിആറിന്റെ പ്രിയ സംഗീത സംവിധായകരിൽ ഒരാളായി പിന്നീട് എം.എസ്.വിശ്വനാഥൻ മാറുന്നതാണ് കാലം കാത്തുവച്ചത്. പാലക്കാട്ടെ എലപ്പുളളിയിൽ ജനിച്ച വിശ്വനാഥൻ യാദൃശ്ചികമായാണ് സംഗീത സംവിധാന രംഗത്തെത്തുന്നത്. ചലച്ചിത്രവുമായി ആദ്യ ബന്ധം ഒരു ബാലനടനായിട്ടായിരുന്നു. തിരുപ്പൂരിലെ ജൂപ്പിറ്റർ പിക്ചേഴ്സ് നിർമിച്ച കണ്ണകി എന്ന പുരാണ ചിത്രത്തിൽ കോവലന്റെ ബാല്യകാലം അവതരിപ്പിക്കാനായിരുന്നു എത്തിയത്. എന്നാൽ കഥാപാത്രത്തിന് യോജിച്ചയാളെന്നു കണ്ട് അദ്ദേഹത്തിനു പകരം ലഭിച്ച റോൾ ബാലമുരുകന്റേതായിരുന്നു. അച്ഛൻ സുബ്രഹ്മണ്യൻ പാടുന്നത് അദ്ദേഹത്തിന്റെ മടിയിലിരുന്നു കേട്ടതൊഴിച്ചാൽ പറയത്തക്ക സംഗീതപാരമ്പര്യം എംഎസ്‌വിക്കില്ലായിരുന്നു. ജയിലറായിരുന്ന അച്ഛൻ എംഎസ്‌വിക്ക് നാലു വയസുളളപ്പോൾ മരിച്ചു.

അച്ഛന്റെ മരണ ശേഷം അമ്മയ്ക്കും സഹോദരിക്കുമൊപ്പം ദാരിദ്രദുരിതത്തിലാണ്ടപ്പോൾ കൂട്ടആത്മഹത്യയ്ക്കു പോലും എംഎസ്‌വിയുടെ കുടുംബം ഒരുങ്ങിയതാണ്. വെള്ളത്തിൽചാടി മരിക്കാമെന്ന തീരുമാനപ്രകാരം എത്തിയെങ്കിലും ആദ്യം അമ്മ ചാടണം എന്നതായിരുന്നു എംഎസ്‌വിയുടെ നിലപാട്. അത് എന്തിനെന്ന ചോദ്യത്തിന് ഞാൻ മുങ്ങുന്നതിനിടെ അമ്മയുടെ മനസുമാറിയാലോ എന്നതായിരുന്നു എംഎസ്‌വിയുടെ മറുപടി. മകനും അമ്മയുമായുള്ള വാഗ്വാദത്തിനിടെ അവിടെയത്തിയ അപ്പൂപ്പൻ ഇരുവരെയും ആത്മഹത്യയിൽ നിന്ന് അകറ്റിയ കഥ എം‌എസ്‌വി കൗതുകത്തോടെയാണ് ജീവചരിത്രത്തിൽ ഓർമിക്കുന്നത്. തിയറ്ററുകളിൽ അഷ്ടിക്കു വകതേടി വടയും മുറുക്കും വിറ്റ് കഴിഞ്ഞ കാലത്ത് കേട്ട ചലച്ചിത്രഗാനങ്ങളിലൂടെയാണ് സംഗീതം എം‌എസ്‌വിയെന്ന ബാലന്റെ മനസിൽ ചേക്കേറുന്നത്. സ്കൂളിൽ പോകാതെ സമീപത്തെ സംഗീത അധ്യാപകനായ നീലകണ്ഠ ഭാഗവതർ കുട്ടികൾക്ക് സംഗീതപാഠം പകരുന്നത് കേട്ടുനിൽക്കാൻ അദ്ദേഹം പോയിത്തുടങ്ങി. പതിയെ നീലകണ്ഠഭാഗവതരുടെ ശിഷ്യനായ അദ്ദേഹത്തിന്റെ പ്രതിഭ കണ്ടറിഞ്ഞ അധ്യാപകൻ ടൗൺ ഹാളിൽ മൂന്നു മണിക്കൂർ നീണ്ട കച്ചേരിക്ക് അവസരമൊരുക്കിയാണ് ശിഷ്യനെ സംഗീതവഴിയിൽ കൈപിടിച്ചുയർത്തിയത്.

തിരുപ്പൂരിലെ ജൂപ്പിറ്റർ സ്റ്റുഡിയോയിൽ ഓഫിസ് ബോയ് എന്ന നിലയിൽ ജോലി തുടങ്ങിയ എംഎസ്‌വി ആദ്യകാലങ്ങളിൽ എസ്.എം.സുബ്ബയ്യനായിഡു എന്ന സംഗീത സംവിധായകന്റെ ഹാർമോണിയം തുടച്ചുവയ്ക്കുന്ന ജോലിയായിരുന്നു. പിന്നീട് സി.വി.സുബ്ബരാമൻ എന്ന മറ്റൊരു സംഗീത സംവിധായകന്റെ സഹായിയായി. സുബ്ബരാമന്റെ വയലിനിസ്റ്റായ ടി.കെ.രാമമൂർത്തിക്കൊപ്പം ചേർന്ന് സ്വതന്ത്ര സംഗീത സംവിധാനവഴിയിലെത്തിയ എംഎസ്‌വി പിന്നീട് ഹിറ്റ് ഈണങ്ങളിലൂടെ തമിഴകത്തിന്റെ മനംകവർന്നു. 1952 ൽ ശിവാജി ഗണേശൻ നടിച്ച പണം എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീതസംവിധാനത്തിൽ അരങ്ങേറ്റം. എംഎസ്‌വി - ടി.കെ.രാമമൂർത്തി സഖ്യം ഏതാണ്ട് 750 ഓളം ചിത്രങ്ങളിൽ ഈണമിട്ടു.

1953 മുതൽ 1965 വരെ മെലഡി തുളുമ്പുന്ന പുതുഈണങ്ങളിലൂടെ ഇവർ തമിഴക ചലച്ചിത്രരംഗം വാണു. പാവമന്നിപ്പ്, പാശമലർ, കർണൻ, നെഞ്ചിൽ ഒരു ആലയം, സെർവർ സുന്ദരം, ആയിരത്തിൽ ഒരുവൻ, എങ്ക വീട്ടുപിള്ളൈ, റിക്ഷാക്കാരൻ, പാലും പഴവും തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ എടുത്തുപറയേണ്ടവയാണ്. ഹാർമോണിയത്തിൽ മാന്ത്രികൻ തന്നെയായിരുന്ന എംഎസ്‌വി പാട്ടുകേട്ടയുടൻ അതിനു യോജിച്ച ഈണം പാടി നൽകിയ കഥകൾ തമിഴ് ചലച്ചിത്രരംഗത്ത് ഏറെയുണ്ട്. എംഎസ്‌വി - ടി.കെ.രാമമൂർത്തി സഖ്യം എന്നു പേരുകേട്ടെങ്കിലും ഗാനങ്ങൾക്ക് ഹാർമോണിയത്തിൽ വിരലുകൾ ഓടിച്ച് ഉചിതമായ ഈണം നൽകിയത് എം.എസ്.വിശ്വനാഥൻ തന്നെയായിരുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ തനിമ ചോരാതെ കാക്കുകയായിരുന്നു ഈ ഹിറ്റ് സഖ്യത്തിൽ രാമമൂർത്തിയുടെ നിയോഗം. 1965 ൽ പിരിഞ്ഞ ശേഷം 1995 ൽ യെങ്കിരുന്തോ വന്താൻ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചു. ചിത്രം പരാജയപ്പെട്ടെങ്കിലും ഗാനങ്ങൾ ആസ്വാദകലക്ഷങ്ങൾ നിറഞ്ഞ മനസോടെ ഏറ്റുവാങ്ങി.

1965 മുതൽ സ്വതന്ത്ര സംഗീത സംവിധായകനായി എംഎസ്‌വി തമിഴ് വെളളിത്തിര വാണു. ഇതിനിടെ ഒരു വേള രൂപം കൊണ്ട എംഎസ്‌വി-കണ്ണദാസൻ സംഗീതസഖ്യം നിരവധി ഭക്തിഗാനങ്ങളിലൂടെ തമിഴകത്തിന് പ്രിയപ്പെട്ടവരായി. ഇവരുടെ കൃഷ്ണഗാനം എന്ന ആൽബം ഇന്നും തമിഴ്ഭക്തി ആൽബങ്ങളിലെ ഒരു വേറിട്ട സ്വത്താണ്. സ്വതന്ത്രസംവിധായകനായ ശേഷം സംഗീതത്തിലെ വിവിധ വഴികൾ ഒത്തുചേർത്തു മുന്നേറിയാണ് എംഎസ്‌വി തമിഴ് ആസ്വാദകഹൃദയങ്ങളിൽ ഇടം നേടിയത്. വെസ്റ്റേണും ഡിസ്കോയും ശാസ്ത്രീയസംഗീതവുമെല്ലാം ഈണംകൂടിയ അദ്ദേഹത്തിന്റെ പാട്ടുകളിൽ മൂളിപ്പാട്ടും ചൂളമടിയും മറ്റും പുതുമ പകർന്നു. മെലഡികളുടെ തനിമ ചോരാത്ത ഓർക്കസ്ട്രേഷനായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളുടേത്. എസ്.പി.ബാലസുബ്രഹ്മണ്യം, വാണി ജയറാം, പി.സുശീല, എൽ.ആർ.ഈശ്വരി, ടി.എം.സുന്ദരരാജൻ തുടങ്ങിയ പുതുനിര ഗായകർക്ക് ഏറെ അവസരം പകരാനും എംഎസ്‌വി ശ്രദ്ധപതിപ്പിച്ചു.

മന്നിപ്പയൽ(1973) എന്ന ചിത്രത്തിലെ തങ്ക ചിമിഴ് പോൽ ഇദയോ... എന്ന ഗാനത്തിലൂടെ മലയാളികളുടെ സ്വന്തം ഗായകൻ ജയചന്ദ്രനെ തമിഴിൽ ആദ്യമായി അവതരിപ്പിക്കുന്നത് എംഎസ്‌വിയാണ്. തമിഴിന്റ ജനപ്രിയ ഗായകരിൽ ഒരാളായി ജയചന്ദ്രൻ മാറുന്നതിന്റെ നിയോഗദൗത്യമായിരുന്നു അത്. തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സം‌ഗീത സം‌വിധാനം നിർ‌വഹിച്ചതും മറ്റാരുമല്ല. പട്ടുക്കോട്ടൈ കല്യാണസുന്ദരം, വാലി തുടങ്ങി നിരവധി ഗാനരചയിതാക്കളും എംഎസ്‌വിയുടെ ഈണങ്ങളിൽ ശ്രദ്ധേയരായവരാണ്. അപ്രതീക്ഷിതമായി സംഗീതവഴിയിലെത്തി പതിയെപതിയെ സംഗീതവഴിയിൽ ഈണങ്ങളുടെ സ്വന്തം കൂട്ടുകാരനായി പുകൾപെറ്റ എംഎസ്‌വിയുടെ ഈണവഴികളിൽ പശ്ചാത്തല സംഗീതമൊരുക്കി കൂട്ടുചേർന്നവരിൽ ഇളയരാജയും എ.ആർ.റഹ്മാനും പോലുളള അതുല്യപ്രതിഭകൾ വന്നെത്തിയതും കാലം കാത്തുവച്ച കൗതുകങ്ങൾ.