മാസ്റ്റർ @ 50

ഷാജൻ സി. മാത്യു

ദ് മാസ്റ്റര്‍ – ജീവിതത്തില്‍ അരനൂറ്റാണ്ടും സംഗീതജീവിതത്തിൽ കാൽനൂറ്റാണ്ടും പൂർത്തിയാക്കുമ്പോൾ എ.ആർ.റഹ്മാന് ചേരുക ഈ വിശേഷണമാണ്. 25 വർഷം മുൻപു ‘റോജ’യിലൂടെയുള്ള ആ വരവ് ഒരു സംഭവം തന്നെയായിരുന്നു. ആദ്യ സിനിമയിൽത്തന്നെ ദേശീയ പുരസ്കാരവും നേടി. ഇത്രത്തോളമോ ഇതിലേറെയോ തിളക്കത്തോടെ സംഗീതരംഗത്തേക്കു കടന്നുവന്നവരുണ്ട്. ഇതേ തിളക്കത്തോടെ ഇതിലേറെക്കാലം നിലനിന്നവരും ഇന്ത്യൻ സംഗീതത്തിലുണ്ട്. വ്യത്യസ്ത മേഖലകളിൽ കൈവച്ചു വിസ്മയം കാട്ടിയവരും ഒട്ടേറെ. പിന്നെ, എന്താണ് റഹ്മാന്റെ അനന്യത? താരതമ്യേന ചെറുപ്പമായ അദ്ദേഹത്തെ ‘മാസ്റ്റർ’ എന്നു വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്? (രണ്ട് പടം കംപോസ് ചെയ്യുമ്പോൾ തന്നെ പേരിനൊപ്പം മാസ്റ്റർ ചേർക്കപ്പെടുന്നവരുടെ രാജ്യത്ത് ഇത്രകാലമായി ‘റഹ്മാൻ മാസ്റ്റർ’ എന്ന് അദ്ദേഹത്തെ ആരും വിളിച്ചിട്ടില്ലെന്നതും കൗതുകമാവും.). വ്യത്യസ്ത മേഖലകളിൽ വിജയം വരിക്കുകയും അതിലെല്ലാം ‘ആധികാരികത’ പുലർത്തുകയും ചെയ്ത മറ്റൊരു സംഗീതജ്ഞനെ ഇന്ത്യ കണ്ടിട്ടില്ല എന്നതാണ് റഹ്മാനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടാണ് റഹ്മാൻ വെറും അൻപതാം വയസ്സിൽ മാസ്റ്റർ ആവുന്നത്. ‘ഇളയരാജ’ അവസാനവാക്കായിരുന്ന ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ വീണ ബോംബായിരുന്നു ‘റോജ’. നമ്മുടെ മിൻമിനി പാടിയ ‘ചിന്ന ചിന്ന ആശൈ...’ പറന്നെത്താത്ത ഒരു കൊച്ചുഗ്രാമം പോലും ദേശത്തുണ്ടായില്ല.

ബോംബെ, കാതലൻ, തിരുടാ തിരുടാ, ജെന്റിൽമേൻ... രാജ്യം ഞെട്ടിപ്പോയി! ഇന്ത്യയിലെ സംഗീതജ്ഞർ തരിച്ചുനിന്നു. പക്ഷേ, ആസ്വാദകരുടെ ഉന്മാദകാലമായിരുന്നു. തെരുവുകളിലും വാഹനങ്ങളിലും ഉത്സവങ്ങളിലും സാധാരണക്കാരന്റെ ചുണ്ടുകളിലും നിറഞ്ഞ ലഹരിമന്ത്രങ്ങൾ. ലക്ഷക്കണക്കിനും ദശലക്ഷക്കണക്കിനും കസെറ്റുകൾ വിറ്റു സംഗീതക്കമ്പനികൾ കോടികൾ കൊയ്ത വിളവെടുപ്പുകാലം. മരുമകൻ ജി.വി.പ്രകാശ്കുമാർ പാടിയ ‘ചിക്കുപുക്കു ചിക്കുപുക്കു റെയിലേ...’ ആയിരുന്നു എത്രയോ കാലത്തോളം ഇന്ത്യൻ യുവതയുടെ താളം. സിനിമാറ്റിക് ഡാൻസ് എന്നൊരു കലാരൂപം തന്നെ പിറവിയെടുത്തത് ഈ ഗാനത്തിൽനിന്നാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. അക്കാലത്തും വിമർശകർ വെറുതേയിരുന്നില്ല. വെസ്റ്റേൺ, ഇലക്ട്രോണിക് സംഗീതമേ റഹ്മാനു വഴങ്ങുകയുള്ളൂ എന്നും ഡപ്പാൻകൂത്ത് സംഗീതമാണ് അദ്ദേഹത്തിന്റേതെന്നും നാവേറുണ്ടായി.

ഇളയരാജയുടെ തനി നാടൻ ഈണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. അക്കാലത്താണ് ഭാരതിരാജയുടെ കിഴക്കു ചീമയിലേ, കറുത്തമ്മ എന്നീ ചിത്രങ്ങളിൽ അതിമനോഹരമായ നാടൻ ഈണങ്ങളുമായി റഹ്മാന്റെ വരവ്. പച്ചക്കിളി പാടും ഊര്..., പോരാളി.... തുടങ്ങിയ ഗാനങ്ങളൊന്നും അന്നുവരെ കേട്ട ഒരു നാടൻ ഈണങ്ങളുടെയും അനുകരണം ആയിരുന്നില്ല. നാടൻശീലുകളിൽ പരിലസിച്ച സാങ്കേതികമേന്മയുടെ നറുമണം നാം നന്നായി ആസ്വദിച്ചു. പശുവും ആടും കോഴിയുമൊക്കെ സംഗീതോപകരണങ്ങളായി. സുഹാസിനി സംവിധാനം ചെയ്ത ‘ഇന്ദിര’യിലെ ‘ഓടക്കാരൻ മാരിമുത്ത്...’ കൂടി വന്നതോടെ ഈ ശ്രേണിയിലും താൻ അതികായനാണെന്നു റഹ്മാൻ തെളിയിച്ചു. ‘ഊരുക്കുള്ളേ വയസ്സുപ്പൊണ്ണുങ്ക സൗക്യമാ?’ എന്നത് എത്രയോ നാളത്തേക്കു തമാശ കലർന്ന കുശലാന്വേഷണമായി. സലിൽ ചൗധരിയും നൗഷാദുമടക്കം ഒട്ടേറെ ബോളിവുഡ് സംഗീതസംവിധായകർ ദക്ഷിണേന്ത്യയിൽ ജൈത്രയാത്ര നടത്തിയിട്ടുണ്ടെങ്കിലും തിരിച്ചൊരു പടയോട്ടം ഉണ്ടായിരുന്നില്ല.

റാം ഗോപാൽവർമ സംവിധാനം ചെയ്ത ‘രംഗീല’യിലൂടെ റഹ്മാൻ അതും സാധിച്ചു. ഹിന്ദിയുടെ ഹൃദയം ഈ തമിഴൻ കവർന്നു. ദിൽസേ, താൾ... തുടങ്ങി ബോളിവുഡ് ഹിറ്റുകളുടെ തുടർക്കഥയായിരുന്നു പിന്നീട്. ദിൽസേയിലെ ‘ഛയ്യ ഛയ്യ...’ ഇന്ത്യൻ യുവതയുടെ ഹൃദയതാളമായി. അതിനൊപ്പിച്ചു ചുവടുവയ്ക്കാൻ ട്രെയിനിനു മുകളിൽ കയറി കുട്ടികൾ വീണുമരിച്ച സംഭവങ്ങൾ വരെ രണ്ടായിരത്തിൽ ഡൽഹിയിലുണ്ടായി. അത്ര വലിയ അടിമത്തമായിരുന്നു റഹ്മാൻ ഈണങ്ങളോടു യുവാക്കൾക്ക്. ഇന്നു തമിഴിനെക്കാൾ അധികമാണ് അദ്ദേഹം സംഗീതം നൽകുന്ന ബഹുഭാഷാഗാനങ്ങൾ. രാജ്യാന്തരവേദികളിൽ സംഗീതത്തിന്റെ ഇന്ത്യൻ മുഖമാണ് റഹ്മാൻ. ‘സ്​ലം ഡോഗ് മില്യനയറി’ലൂടെ ഓസ്കർ പുരസ്കാരം നേടിയതും അടുത്ത ഓസ്കറിന്റെ പരിഗണനാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നതും നമ്മുടെ ഒരു മ്യുസിഷ്യനും സ്വപ്നം കാണാൻ കഴിയാത്ത നേട്ടം. ഒരു സംഗീതജ്ഞനു നമ്മുടെ രാജ്യത്തു ലഭിക്കാവുന്ന ‘ഭാരതരത്നം’ ഒഴികെയുള്ള എല്ലാ പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു. എന്താണ് ഇത്ര വലിയ നേട്ടങ്ങളുടെ രഹസ്യം? സംഗീതജ്ഞനായിരുന്ന പിതാവ് ആർ.കെ.ശേഖറിൽനിന്നു ലഭിച്ച ജന്മസിദ്ധമായ പ്രതിഭ ഏറ്റവും പ്രധാനം. കർമമേഖലയിൽ പുലർത്തുന്ന പരിപൂർണ സമർപ്പണം എടുത്തുപറയേണ്ട ഗുണം.

ജനുവരി ആറിന് 50 വയസ്സു തികയുമ്പോൾ മറ്റേതൊരു സമപ്രായക്കാരനെക്കാൾ എത്രയോ ഇരട്ടി മണിക്കൂറുകൾ റഹ്മാൻ പണിയെടുത്തിട്ടുണ്ടാവും! പരിസരങ്ങളിൽ നിഷ്കർഷിച്ചുപോരുന്ന ഉന്നതമായ ഗുണമേന്മയാണു മറ്റൊരു വിജയരഹസ്യം. ഇന്ന് ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റുഡിയോയാണ് അദ്ദേഹത്തിന്റേത്. ഉപയോഗിക്കുന്ന സംഗീതോപകരണങ്ങളും സങ്കേതങ്ങളും എന്നും ഒന്നാംതരമായിരിക്കും. ഇടപെടുന്ന നിർമാണ കമ്പനികൾ, ഗാനരചയിതാക്കൾ, ഉപകരണസംഗീതവിദഗ്ധർ, സൗണ്ട് എൻജിനീയർമാർ എന്നിവരെല്ലാം മുൻനിരക്കാർ. ഏറ്റവും മികച്ച ഗാനരചയിതാക്കളുമായാണ് അദ്ദേഹം സഹകരിക്കുന്നത്. പാട്ടിനെ അദ്ദേഹം ഒരു ഉൽപന്നമായി കാണുന്നു. അതിന്റെ സൃഷ്ടിയിൽ സ്നേഹബന്ധങ്ങൾക്കും മമതകൾക്കും സ്ഥാനമില്ല. രാജ്യത്തെ ഒരു സംഗീതജ്‍ഞനും ഇന്നുവരെ പുലർത്താത്ത ഒരു ശീലമാണത്. അതുകൊണ്ടുതന്നെ സ്ഥിരം ഗായകരും അദ്ദേഹത്തിനില്ല, യേശുദാസായാലും എസ്.ജാനകിയായാലും ഇനി സ്വന്തം ശബ്ദം തന്നെയായാലും റഹ്മാന് അതൊരു അസംസ്കൃതവസ്തു മാത്രമാണ്. ലോകം കൊതിക്കുന്ന ഒരു ശിൽപം മെനയുന്ന കലാകാരന്റെ കയ്യിലെ കളിമണ്ണുപോലെ മാത്രം. അതുകൊണ്ടാണ് ആ പാട്ടുകളെയെല്ലാം നാം ‘റഹ്മാന്റെ പാട്ടുകൾ’ എന്നു വിളിക്കുന്നത്.

© Copyright 2017 Manoramaonline. All rights reserved....
മാസ്റ്റർ @ 50
കണ്ണാടി പൊരുൾ പോലടാ....
റഹ്മാനിലൂടെ....
അപവാദങ്ങളെ തോൽപ്പിച്ചവൻ
റഹ്മാൻ ! ഓർമയുണ്ടോ ഈ വരികൾ
ലോകത്തിന്റെ നെറുകയിലേക്ക്
റഹ്‌മാന്റെ ഏറ്റവും മികച്ച ഹിന്ദി പാട്ടുകൾ
സംഗീതം റഹ്മാൻ വരികള്‍ വൈരമുത്തു...
ഉയിരും നീയേ ഉടലും നീയേ....
നെഞ്ചോടു ചേർന്നിരിക്കുന്നൊരാൾ അന്നും ഇന്നും