നെഞ്ചോടു ചേർന്നിരിക്കുന്നൊരാൾ അന്നും ഇന്നും

ലക്ഷ്മി വിജയൻ

ഇതെന്റെ ആദ്യത്തെ ചിത്രമാണ്. ഒരു പാട്ട് എനിക്കായി പാടി തരാമോ? സംഗീതം അവർക്ക് ഇഷ്ടപ്പെട്ടാൽ എനിക്ക് സിനിമയിലെ ബാക്കി പാട്ടുകൾ ചെയ്യാം. നിങ്ങളുടെ സ്വരം ഇഷ്ടപ്പെട്ടാൽ പാട്ട് സിനിമയിൽ ഉപയോഗിക്കും. ‌അല്ലെങ്കിൽ മറ്റൊരാളുടെ. ഇതൊക്കെ സമ്മതമാണെങ്കിൽ ഒരു പാട്ട് പാടാമോ? അപ്രതീക്ഷിതമായി എത്തിയ ഈ ക്ഷണം ഉണ്ണി മേനോൻ സ്വീകരിച്ചു. ആ തുടക്കക്കാരനായി പാട്ടുപാടി. മറ്റൊരിക്കലും അനുഭവിച്ചിട്ടില്ലാത്തൊരു റെക്കോഡിങ് എന്ന് അപ്പോഴേ തോന്നിയിരുന്നു. പാട്ട് സിനിമയിലെത്തി...ഇന്ത്യയൊന്നാകെ അത് ഏറ്റെടുത്തു. ഉണ്ണി മേനോനോടു സംസാരിച്ച ആ ചെറിയ പയ്യൻ അതോടെ പുതിയ സംഗീത സമവാക്യങ്ങളുമായി ദേശാന്തരങ്ങൾ പാറിപ്പോയി...ആ ചെറിയ പയ്യന്റെ പേര് അന്ന് ദിലീപ് എന്നായിരുന്നു. ഏ ആർ റഹ്മാൻ ആകുന്നതിനും മുൻപ് ദിലീപ് എന്നായിരുന്നു പേര്...

ആ പാട്ടാണ് പുതുവെള്ളൈ മഴൈ...ഒരു ചെമ്പനീർ പൂവിനെയാണ് ഉണ്ണി മേനോൻ എന്ന പേര് കേൾക്കുമ്പോൾ മലയാളിക്ക് ഓർമ വരിക. പക്ഷേ ഇന്ത്യയ്ക്ക് മഞ്ഞിൻ മുഖപടത്തിലൂടെ പെയ്തിറങ്ങുന്നൊരു മഴയേയും...കാരണം ഈ പാട്ടു തന്നെ... സുജാതയ്ക്കൊപ്പം പുതുവെള്ളൈമഴൈ പാട്ടു പാടുമ്പോൾ എന്തോ ഒരു അസാധാരണത്വം തോന്നിയിരുന്നുവെങ്കിലും അത് ഇത്രയേറെ ഗംഭീരമായിരിക്കുമെന്ന് ഒരിക്കലും ഉണ്ണി മേനോൻ പ്രതീക്ഷിച്ചിരുന്നേയില്ല. ഡിജിറ്റൽ റെക്കോ‍ഡിങിന്റെ മാജിക് ആദ്യമായി അറിഞ്ഞതും അനുഭവിച്ചതും റഹ്മാന്റെ ആ കുഞ്ഞു സ്റ്റുഡിയോയിൽ തീർത്ത പാട്ടിൽ നിന്നായിരുന്നു...

ഹൃദയത്തോടു ചേർന്നു നിൽ‌ക്കുന്ന ഉണ്ണി മേനോന്റെ സ്വരഭംഗി റഹ്മാൻ അറിഞ്ഞത് ഒരു ഔസേപ്പച്ചൻ ഗാനത്തിലൂടെയായിരുന്നു. റഹ്മാന്റെ വീട്ടിലുളള കുഞ്ഞു സ്റ്റുഡിയോയിൽ സുജാതയ്ക്കൊപ്പം ഒരു ഔസേപ്പച്ചന്റെ സംഗീത സംഗമം എന്ന ആൽബത്തിലേക്കായി പാടാൻ പോയതായിരുന്നു. പ്രോഗ്രാമിങ് ചെയ്തത് റഹ്മാനും. പാട്ടു പാടിക്കഴിഞ്ഞപ്പോൾ പ്രോഗ്രാമിങ് ആരാണെന്നറിയാൻ എന്തോ കൗതുകം തോന്നി ഉണ്ണി മേനോന്. കാരണം അത്രയേറെ വ്യത്യസ്തമായ സ്വീക്വൻസിങ് ആയിരുന്നു ആ പ്രോഗ്രാമിങിന്. ഉണ്ണി മേനോന്റെ അന്വേഷണത്തിന് ഔസേപ്പച്ചൻ പറഞ്ഞ മറുപടി ഡിഫറന്റ് ഔട്ട്ലുക്ക് ആണ് പ്രോഗ്രാമിങിന് എന്നായിരുന്നു. പിന്നെ ഇരുപത്തിയാറോളം പാട്ടുകൾ ഉണ്ണി മേനോൻ റഹ്മാൻ സംഗീതത്തിൽ പാടി. ആ പാട്ടുകൾ പോലെ തന്നെ മോനഹരമായ വ്യക്തിത്വമുള്ളൊരാൾ എന്നാണ് റഹ്മാനെ കുറിച്ചു ചോദിച്ചാൽ ഉണ്ണി മേനോൻ അന്നും ഇന്നും പറയുന്നത്.

ഇരുപത്തിയാറു പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ഞങ്ങൾ തമ്മിൽ ഇരുപത്തിയാറ് വാ‌ചകങ്ങൾ പോലും സംസാരിച്ചിട്ടില്ല. ഉണ്ണി മേനോൻ പറഞ്ഞു. പക്ഷേ അന്നും ഇന്നും ഒരേ അടുപ്പം. നെഞ്ചോടു ചേർന്നിരിക്കുന്നൊരാളെന്ന തോന്നലുണ്ട്. അന്നും ഇന്നും....ഞാൻ സംഗീത ജീവിതത്തിൽ മുപ്പത്തിമൂന്നു കൊല്ലം തികച്ചപ്പോൾ ഒരു ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ എത്താമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ സുഖമില്ലാത്തതു കൊണ്ട് എത്താനായില്ല. എന്നിട്ടും തിരക്കിനിടയിൽ എനിക്കായി ഒരു വിഡിയോ ചെയ്ത് അയച്ചു തന്നു....ആ വ്യക്തിത്വം അതിൽ നിന്നു തന്നെ അറിയാമല്ലോ... 

© Copyright 2017 Manoramaonline. All rights reserved....
മാസ്റ്റർ @ 50
കണ്ണാടി പൊരുൾ പോലടാ....
റഹ്മാനിലൂടെ....
അപവാദങ്ങളെ തോൽപ്പിച്ചവൻ
റഹ്മാൻ ! ഓർമയുണ്ടോ ഈ വരികൾ
ലോകത്തിന്റെ നെറുകയിലേക്ക്
റഹ്‌മാന്റെ ഏറ്റവും മികച്ച ഹിന്ദി പാട്ടുകൾ
സംഗീതം റഹ്മാൻ വരികള്‍ വൈരമുത്തു...
ഉയിരും നീയേ ഉടലും നീയേ....
നെഞ്ചോടു ചേർന്നിരിക്കുന്നൊരാൾ അന്നും ഇന്നും