ദൈവം നെഞ്ചോടു ചേർത്ത ഒരേയൊരു എ.ആർ. റഹ്മാൻ

നവീൻ മോഹൻ

പ്രശസ്ത തമിഴ് ഗാനരചയിതാവ് വൈരമുത്തു ഒരിക്കൽ പറഞ്ഞു: ‘എ.ആർ.റഹ്മാനെ എനിക്കിഷ്ടപ്പെടാൻ ഒരൊറ്റ കാരണമേയുള്ളൂ, അത് സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥതയാണ്. ജീവിതം മുഴുവനും സംഗീതത്തിനു വേണ്ടി മാത്രമായി മാറ്റിവച്ച ഒരു മനുഷ്യൻ. കമ്പോസ് ചെയ്യാനിരുന്നു കഴിഞ്ഞാൽ നെല്ലേതാണ്, പതിരേതാണ് എന്നു തിരിച്ചറിയാനുള്ള കഴിവുണ്ട് അദ്ദേഹത്തിന്. എല്ലാം കഴിഞ്ഞ് പാട്ട് നമുക്കു മുന്നിലെത്തുമ്പോൾ അതിൽ പതിരൊട്ടും തന്നെ കാണുകയുമില്ല...’

വൈരമുത്തുവിനു മാത്രമല്ല ഈ അഭിപ്രായം. സംഗീതലോകവും ആരാധകരും ഒരേസ്വരത്തിൽ തന്നെ പറയും-‘ഇത്രമേൽ സംഗീതത്തെ സ്നേഹിക്കുന്നൊരാളിൽ നിന്നു പിന്നെ മാസ്റ്റർപീസുകളല്ലാെത വേറെന്തു പിറക്കാനാണ്...!’ പക്ഷേ റഹ്മാനോടാണ് ഇതുപറയുന്നതെങ്കിൽ ജീവിതത്തിന്റെ ഈ അൻപതാം വർഷാഘോഷത്തിനിടയിലും അദ്ദേഹം തിരുത്തും-‘ഓരോ തവണയും സംഗീതം ചിട്ടപ്പെടുത്താനിരിക്കുമ്പോൾ എനിക്കൊരു കാര്യം മനസിലാകുന്നുണ്ട്. ഞാനിപ്പോഴും എല്ലാം പഠിച്ചുവരുന്നതേയുള്ളൂ. അങ്ങനെയൊരു ചിന്തയിൽ നിന്നു ലഭിക്കുന്ന ഊർജം ചെറുതൊന്നുമല്ല. സംഗീതത്തെപ്പറ്റി എല്ലാം മനസിലാക്കിക്കഴിഞ്ഞുവെന്നു തോന്നുന്ന ആ നിമിഷത്തിൽ എല്ലാം തീരും. പിന്നെ ചെയ്യുന്നതെല്ലാം നേരത്തേ ചെയ്തതിന്റെ ആവർത്തനം മാത്രമായിരിക്കും...’ 2007ൽ മണിരത്നത്തിന്റെ ‘ഗുരു’വിന്റെ ഷൂട്ടിങ്ങിനിടെ ഒരു അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യം പറഞ്ഞത്. ഗ്രാമിയും ഓസ്കറുമുൾപ്പെടെ സ്വന്തമാക്കിയിട്ടും താനിപ്പോഴും സംഗീതം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന ചിന്തയുമായി ജീവിക്കുന്ന റഹ്മാനെപ്പോലെ എത്രപേരെ ഇന്നു നമുക്ക് കാണാനാകും.

എല്ലാറ്റിനും പക്ഷേ അദ്ദേഹം നന്ദി പറയുന്നത് ദൈവത്തോടും പിന്നെ അമ്മയോടുമാണ്. സംഗീതസംവിധായകനായ അച്ഛൻ ആർ.കെ. ശേഖർ മരിക്കുമ്പോൾ അദ്ദേഹം ആ കുടുംബത്തിനു വേണ്ടി ആകെ നീക്കിവച്ചിരുന്നത് കുറേ സംഗീതോപകരണങ്ങൾ മാത്രമായിരുന്നു. അന്ന് റഹ്മാന് ഒൻപത് വയസ്സ്. പക്ഷേ അച്ഛനൊപ്പം പോയി മകൻ നല്ല പോലെ കീബോർഡ് വായിക്കാൻ പഠിച്ചുകഴിഞ്ഞിരുന്നു. ശേഖറിന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്കു നൽകിയായിരുന്നു പിന്നീട് അമ്മ കസ്തൂരി ശേഖർ വീട്ടുചെലവുകൾക്കുള്ള പണം കണ്ടെത്തിയിരുന്നത്. അഞ്ചു വർഷം കഴിഞ്ഞു. അതിനിടെ പലരും പറഞ്ഞു- ‘ആ സംഗീതോപകരണങ്ങൾ വിറ്റു കൂടേ? എന്നിട്ടാ പണത്തിന്റെ പലിശ കൊണ്ട് ജീവിതച്ചെലവുകൾ കണ്ടെത്താമല്ലോ!’ പക്ഷേ കസ്തൂരി പറഞ്ഞത് മറ്റൊന്നായിരുന്നു: ‘ഇവയൊന്നും ഞാൻ വിൽക്കില്ല. എന്റെ മകനുണ്ട്, അവനു വേണ്ടിയാണ് ഇതെല്ലാം...’ അമ്മ അന്നേ തിരിച്ചറിഞ്ഞിരുന്നു റഹ്മാന്റെ സംഗീതപാടവം. അതുകൊണ്ടു തന്നെയാണ് പാതിവഴിയിൽ പഠനം നിർത്തിച്ച് അമ്മ അവനെ സംഗീതലോകത്തേക്കയച്ചതും. ഇന്ത്യയുടെയെന്നല്ല ലോകത്തിന്റെ തന്നെ സംഗീതാഭിരുചികളെ മാറ്റിക്കുറിക്കുന്ന തരം ഈണങ്ങൾ പിറക്കാൻ കാരണമായതും ആ അമ്മയുടെ രണ്ടുംകൽപിച്ചുള്ള ഈ തീരുമാനമായിരുന്നു.

പഠനം പാതിവഴിയിൽ നിന്നതിന് ആദ്യമൊക്കെ റഹ്മാന് സങ്കടമുണ്ടായിരുന്നു. പക്ഷേ താൻ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ആദ്യമായി ഒരു സംഗീതോപകരണം വാങ്ങിയപ്പോൾ ആ സങ്കടമെല്ലാം മാഞ്ഞുപോയി. പിന്നീട് മ്യൂസിക് ബാൻഡായി, സംഗീതസംവിധായകനായി, എ.എസ്.ദിലീപ്കുമാറെന്ന കുട്ടിയിൽ നിന്ന് ലോകമറിയപ്പെടുന്ന അല്ലാ‌രഖാ റഹ്മാനായി. ഇതിനെല്ലാം പക്ഷേ അദ്ദേഹം നന്ദിയുടെ അവസാനവാക്കു പറയുന്നത് ദൈവത്തോടാണ്. ദൈവത്തോടുള്ള പ്രാർഥനകളാണ് തന്റെ ജീവവായുവെന്നു പറയുന്നു അദ്ദേഹം. ‘ഓരോ ഗാനത്തിനു മുൻപും ആ ദൈവത്തിനു മുന്നിൽ ഒരു ഭിക്ഷക്കാരനെപ്പോലെ കൈകൂപ്പിയിരിക്കും. എനിക്കും എന്റെ ഗാനം കേൾക്കാനിരിക്കുന്നവര്‍ക്കും വേണ്ടത് എന്നിലേക്കെത്തിക്കണമേയെന്നു മാത്രമാണ് അന്നേര മെന്റെ പ്രാർഥന...’

© Copyright 2017 Manoramaonline. All rights reserved....
മാസ്റ്റർ @ 50
കണ്ണാടി പൊരുൾ പോലടാ....
റഹ്മാനിലൂടെ....
അപവാദങ്ങളെ തോൽപ്പിച്ചവൻ
റഹ്മാൻ ! ഓർമയുണ്ടോ ഈ വരികൾ
ലോകത്തിന്റെ നെറുകയിലേക്ക്
റഹ്‌മാന്റെ ഏറ്റവും മികച്ച ഹിന്ദി പാട്ടുകൾ
സംഗീതം റഹ്മാൻ വരികള്‍ വൈരമുത്തു...
ഉയിരും നീയേ ഉടലും നീയേ....
നെഞ്ചോടു ചേർന്നിരിക്കുന്നൊരാൾ അന്നും ഇന്നും