റഹ്മാൻ ! ഓർമയുണ്ടോ ഈ വരികൾ

-

കോടമ്പാക്കം
30 വർഷങ്ങൾക്കു മുൻപ് ഒരുച്ചനേരം.

സംഗീതസംവിധായകൻ ആർ.കെ ശേഖറിന്റെ ചെറിയ വീട്ടിലെ മുറികളിലൊന്നിൽ ഹാർമോണിയത്തിനും തബലയ്ക്കും വയലിനുമിടയിൽ രണ്ടുപേർ. ആർ. കെ. ശേഖറും ഗാനരചയിതാവ് ഭരണിക്കാവ് ശിവകുമാറും. അന്നത്തെ ഏറ്റവും തിരക്കുള്ള പാട്ടുസൃഷ്ടാക്കൾ.

ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്യുന്ന ‘പെൺപട’ എന്ന ചിത്രത്തിനുവേണ്ടി പാട്ടുകളൊരുക്കുകയാണവർ. മൂന്നു പാട്ടുകളുടെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായി. നാലാമത്തെ പാട്ടിനുവേണ്ടി രാവിലെതൊട്ട് ഇരിക്കുകയാണ് രണ്ടുപേരും. ശേഖറിനാണെങ്കിൽ അസുഖം മൂലമുള്ള പ്രശ്നങ്ങളുമുണ്ട്. ഹാർമോണിയത്തിൽ ഇടയ്ക്കിടെ വിരലോടിക്കുന്നുണ്ടെങ്കിലും ഒന്നുമങ്ങോട്ടു ശരിയാകുന്നില്ല. ഊണു കഴിച്ചതിനുശേഷം വീണ്ടുമിരിക്കാമെന്നു പറഞ്ഞ് രണ്ടുപേരും എഴുന്നേറ്റു. ഊണു പെട്ടെന്നു കഴിച്ചുതീർത്ത് ശിവകുമാർ വീണ്ടും മുറിയിലെത്തി. അപ്പോഴാണ് ക്രിക്കറ്റു കളി കഴിഞ്ഞ് ശേഖറിന്റെ മകൻ ദിലീപിന്റെ വരവ്. പൊടി പുരണ്ട കാക്കി നിക്കറും കൈയില്ലാത്ത ബനിയനുമിട്ട എട്ടുവയസുകാരൻ. വീടിനു മുന്നിലുള്ള ചെറിയ റോഡിൽ കമ്പുകൾ നാട്ടി ഓലമടലും കൊണ്ടാണ് ക്രിക്കറ്റ് കളി.

പയ്യൻസ് നേരേ വന്നിരുന്നത് ഹാർമോണിയത്തിന്റെ മുന്നിൽ. ചെളി പുരണ്ട കൈകൊണ്ടുതന്നെ ഹാർമോണിയത്തിൽ ഒരു നാലുവരി. താനന... എന്ന മട്ടിലുള്ള താളംപിടിക്കലുണ്ട്. ദിലീപിന്റെ കൈവിരൽവേഗത കണ്ട് സ്തബ്ധനായിപ്പോയി, ഭരണിക്കാവ് ശിവകുമാർ. അച്ഛനെ അനുകരിക്കാനുള്ള മകന്റെ ശ്രമമായിരുന്നെങ്കിലും ആ ട്യൂൺ ശിവകുമാറിനിഷ്ടപ്പെട്ടു. അത് ഒന്നുകൂടി വായിക്കാൻ ശിവകുമാർ ആവശ്യപ്പെട്ടു.

ആ ട്യൂൺ കേട്ടുകൊണ്ടാണ് ശേഖർ മുറിയിലേക്കു വന്നത്. ’‘‘നെക്സ്റ്റ് പാട്ടുക്ക് ഇന്ത ട്യൂൺ പോടലാമാ?’’’ പെട്ടെന്ന് ശേഖർ ചോദിച്ചു. ഇതുതന്നെ മതിയെന്ന് ശിവകുമാറും. ’ബാക്കി കൂടി വായിക്കാൻ പറ്റുമോ’ എന്നായി ശേഖർ. ദിലീപ് അവനറിയാവുന്ന വിധം ബാക്കി കൂടി ചെയ്തു. കാര്യമായ മാറ്റങ്ങൾ വരുത്താതെതന്നെ ആ ട്യൂൺ ശേഖർ മിനുക്കിയെടുത്തു. ആശ്ചര്യം നിറഞ്ഞ മനസോടെ ഭരണിക്കാവ് ശിവകുമാർ ഇങ്ങനെ എഴുതി

വെള്ളിത്തേൻ കിണ്ണം പോൽ
വെണ്ണക്കൽ ശിൽപം പോൽ
തുള്ളിയരികത്തു വന്ന
പെണ്ണേ ശൃംഗാരം മാറത്ത്
ശ്രീവൽസം ചാർത്തിയ
ശ്രീകലയാം പഞ്ചമി നിലാവേ...


ജയചന്ദ്രനാണ് ആ പാട്ടിനു ശബ്ദം നൽകിയത്. വിൻസെന്റും വിജയലളിതയും ചുവടുവച്ചു. ‘പെൺപട’യിലെ ഏറ്റവും മികച്ച ഗാനമായി അതു മാറി. ഏറെക്കാലം മലയാളികളുടെ ചുണ്ടിൽ ആ പാട്ടു തത്തിനിന്നു.

ആ പാട്ടിന് ട്യൂൺ ഒരുക്കിയത് എ.എസ്. ദിലീപ് കുമാർ എന്ന എട്ടുവയസുകാരനാണെന്ന് ലോകം അറിഞ്ഞില്ല. വൈകാതെ ശേഖർ മരിച്ചു. സംഗീതമൊഴികെ അദ്ദേഹം ഒന്നും സമ്പാദിച്ചിരുന്നില്ല. അതോടെ കുടുംബം ശരിക്കും പട്ടിണിയിലായി. ശേഖറിന്റെ മകൻ ദിലീപിന്റെ അസാമാന്യ കഴിവുകളെക്കുറിച്ച് സിനിമാസംഗീതലോകം അപ്പോഴേക്കും അറിഞ്ഞുതുടങ്ങിയിരുന്നു. അടിമച്ചങ്ങല എന്ന സിനിമയ്ക്കുവേണ്ടി എം.കെ അർജുനൻ മാസ്റ്ററുടെ സഹായിയായി എത്തുമ്പോൾ ദിലീപിനു പ്രായം ഒൻപതു വയസായിരുന്നു. പിന്നീടുള്ള ദിലീപിന്റെ ജീവിതം സംഗീതവഴിയിൽ മാത്രമായി.

പതിനൊന്നാംവയസിൽ ഇളയരാജയുടെ ശിഷ്യനായി. അദ്ദേഹത്തിന്റെ ട്രൂപ്പിൽ സഹായിയായി. സഹോദരിക്കു മാരകമായ അസുഖം ബാധിച്ചതാണു ദിലീപിന്റെ ജീവിതം മാറ്റിമറിച്ചത്. പീർ മുഹമ്മദ് എന്ന സൂഫി പണ്ഡിതന്റെ പ്രാർഥനയുടെയും ചികിൽസയുടെയും ഫലമായി സഹോദരിക്കു രോഗശാന്തിയുണ്ടായി. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് ദിലീപും കുടുംബവും ഇസ്ലാംമതം സ്വീകരിച്ചു. എ.എസ് ദിലീപ്കുമാർ അങ്ങനെ അല്ലാരഖാ റഹ്മാനായി.

പരസ്യസംഗീതരംഗത്താണു റഹ്മാൻ ആദ്യം തിളങ്ങിയത്. രണ്ടുമൂന്നുവർഷം കൊണ്ടുതന്നെ പരസ്യരംഗത്ത് മുൻനിരക്കാരനായി. 1991ൽ സംവിധായകൻ മണിരത്നത്തെ പരിചയപ്പെട്ടതാണ് റഹ്മാന്റെ ജീവിതത്തിലെ വഴിത്തിരിവായത്. 1992ൽ മണിരത്നത്തിന്റെ റോജ എന്ന ചിത്രം പുറത്തിറങ്ങിയതോടെ റഹ്മാൻ തരംഗത്തിനു തുടക്കമായി. അതേവർഷം തന്നെ യോദ്ധ എന്ന ചിത്രത്തിലൂടെ വീണ്ടുമൊരു മലയാള സിനിമയ്ക്കു റഹ്മാൻ ഈണം നൽകി. പിന്നീടിങ്ങോട്ട് അതിർത്തികളില്ലാത്ത മാന്ത്രിക സംഗീതത്തിന്റെ വിജയഗാഥ.

 ‘‘ ഞാൻ പിന്നീടൊരിക്കൽ റഹ്മാനെ നേരിട്ടുകണ്ടിരുന്നു. അപ്പോഴേക്കും റഹ്മാൻ ഏറെ തിരക്കുള്ള സംഗീത സംവിധായകനായിക്കഴിഞ്ഞിരുന്നു. പഴയ സംഗീതസംവിധാനക്കാര്യം പറയണമെന്നു വിചാരിച്ചെങ്കിലും കഴിഞ്ഞില്ല’’ ഒരിക്കൽ ഭരണിക്കാവ് ശിവകുമാർ പറഞ്ഞു. അതിർത്തികളില്ലാത്ത സംഗീതവുമായി റഹ്മാൻ ലോകം കീഴടക്കുമ്പോൾ മലയാളികൾക്കു തീർച്ചയായും അഭിമാനിക്കാം. റഹ്മാന്റെ അരങ്ങേറ്റം മലയാള സിനിമയിലാണല്ലോ! വീണ്ടുമൊരു മലയാളം പാട്ടിന് ഈണമിടാൻ റഹ്മാൻ എത്തുമോ?

© Copyright 2017 Manoramaonline. All rights reserved....
മാസ്റ്റർ @ 50
കണ്ണാടി പൊരുൾ പോലടാ....
റഹ്മാനിലൂടെ....
അപവാദങ്ങളെ തോൽപ്പിച്ചവൻ
റഹ്മാൻ ! ഓർമയുണ്ടോ ഈ വരികൾ
ലോകത്തിന്റെ നെറുകയിലേക്ക്
റഹ്‌മാന്റെ ഏറ്റവും മികച്ച ഹിന്ദി പാട്ടുകൾ
സംഗീതം റഹ്മാൻ വരികള്‍ വൈരമുത്തു...
ഉയിരും നീയേ ഉടലും നീയേ....
നെഞ്ചോടു ചേർന്നിരിക്കുന്നൊരാൾ അന്നും ഇന്നും