മരണം മതിയെന്നു പറയുന്നിടം വരെ: കലാമിന്റെ അവസാന ദിവസം...

അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ അവസാനദിവസം ഓർമിച്ചെ‌ടുക്കുകയാണ് അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച ശ്രീജൻ പാൽ സിങ്. അദ്ദേഹത്തിന്റെ ഓർമക്കുറിപ്പിലൂടെ...

ഞാൻ ഓർമിക്കപ്പെടുന്നത് ഇങ്ങനെയായിരിക്കും, മഹാനായ കലാം സാറിന്റെ അവസാന ദിവസത്തിന്റെ ഓർമയോടൊപ്പം...

ജൂലൈ 27 ഉച്ചയ്ക്ക് 12നാണ് ഞങ്ങൾ ഒരുമിച്ചുള്ള അവസാന ദിവസം തുടങ്ങുന്നത്. ഗുവാഹത്തിയിലേക്കുള്ള വിമാനത്തിൽ കയറിയപ്പോൾ ഡോ. കലാം 1എ എന്ന സീറ്റിലും ഞാൻ 1സി എന്ന സീറ്റിലും. ഇരുണ്ട നിറത്തിലുള്ള കലാം സ്യൂട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്. ആദ്യമേ തന്നെ നല്ല നിറം എന്നാണ് ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചത്. അദ്ദേഹത്തിൽ അവസാനം കാണുന്ന നിറം അതായിരിക്കുമെന്നു ഞാൻ ചിന്തിച്ചിരുന്നേയില്ല.

മൺസൂൺ കാലാവസ്ഥയിൽ രണ്ടര മണിക്കൂർ ദൈർഘ്യമുള്ള വിമാനയാത്ര! ടർബുലൻസിനെ പേടിയാണ് എനിക്ക്. അദ്ദേഹം അതിൽ അതികായനും. വിമാനത്തിനകത്തു തണുത്തുവിറച്ചിരിക്കുമ്പോൾ ജനാലയുടെ ഗ്ലാസ് താത്തിയിട്ട് അദ്ദേഹം പറയും ഇനി ഒരു പേടിയും ഉണ്ടാകില്ല!

വിമാനത്തിൽ നിന്നിറങ്ങി വീണ്ടുമൊരു രണ്ടര മണിക്കൂർ കാർ യാത്ര, ഐഐഎം ഷില്ലോങ്ങിലേക്ക്. ഈ അഞ്ച് മണിക്കൂർ നേരം ഞങ്ങൾ സംസാരിക്കുകയും ചർച്ച ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ആറ് വർഷമായി ദീർഘദൂര വിമാന, കാർ യാത്രകളിൽ ഇങ്ങനെ തന്നെയായിരുന്നു ഞങ്ങൾ സമയം ചെലവഴിച്ചിരുന്നത്. ഈ യാത്രകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇത്തവണത്തേതാണ്. ഞങ്ങളുടെ അവസാന യാത്ര.

മൂന്നു കാര്യങ്ങളാണ് ഈ യാത്രയിൽ ഞങ്ങൾ ചർച്ച ചെയ്തത്. ആദ്യം, പഞ്ചാബിലെ ഭീകരാക്രമണം, കലാം അതിൽ ഭയപ്പെട്ടിരുന്നു. നിഷ്കളങ്കരായവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്ന വാർത്ത അദ്ദേഹത്തെ ദുഃഖത്തിലാഴ്ത്തി. ഐഐഎം ഷില്ലോങ്ങിൽ അവതരിപ്പിക്കുന്ന പ്രബന്ധം ലിവബിൾ പ്ലാനെറ്റ് എർത്ത് എന്നതായിരുന്നു. അതും ഭീകരാക്രമണവുമായി അദ്ദേഹം ബന്ധപ്പെടുത്തി. ഭൂമിയുടെ നിലനിൽപ്പിന് മനുഷ്യനിർമിത ശക്തികളായ മലിനീകരണം പോലുള്ളവ ശക്തമായ ഭീഷണിയാണ് ഉയർത്തുന്നതെന്നും കലാം പറഞ്ഞു. ഈ അക്രമവും മലിനീകരണവും മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളും നീണ്ടുപോയാൽ നമുക്ക് ഭൂമി വിടേണ്ടിവരും. ഇതേ രീതിയിൽ പോയാൽ 30 വർഷത്തോളമെ ഇങ്ങനെ നിലനിൽക്കാൻ കഴിയൂ. നിങ്ങൾ എന്തെങ്കിലും ചെയ്തേ പറ്റൂ, ഇതു നിങ്ങളുടെ ഭാവിലോകമാണ്, അദ്ദേഹം ഓർമിപ്പിച്ചു.

രണ്ടാമത്തെ ചർച്ച കുറച്ചുകൂടി ദേശീയത നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് പ്രക്ഷ്ധമാകുന്നതിൽ കലാം അസ്വസ്ഥനായിരുന്നു. തന്റെ കാലത്ത് രണ്ട് സർക്കാരുകളെ കണ്ടിരുന്നു. അതിനു ശേഷം കൂടുതലും കണ്ടു. പാർലമെന്റ് പ്രതിഷേധത്തിനുള്ള വേദിയാകുന്നതും കണ്ടു. ഇതു ശരിയല്ല. വികസന രാഷ്ട്രീയത്തിലൂന്നിവേണം പാർലമെന്റ് പ്രവർത്തിക്കാൻ, അദ്ദേഹം പറഞ്ഞു.

അപ്പോൾ തന്നെ ഐഐഎം ഷില്ലോങ്ങിലെ വിദ്യാർഥികൾക്കായി ഒരു അപ്രതീക്ഷിത അസൈൻമെന്റ് ചോദ്യം തയാറാക്കാൻ അദ്ദേഹം തന്നോട് ആവശ്യപ്പെട്ടു. പ്രബന്ധം അവതരിപ്പിച്ചതിനു ശേഷം ഈ അസൈൻമെന്റ് അവർക്കു നൽകാമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് കൂടുതൽ ഉൽപ്പാദനക്ഷമമായും ഊർജസ്വലമായും പ്രവർത്തിപ്പിക്കുന്നതിനു ആവശ്യമായ മൂന്നു കാര്യങ്ങൾ നിർദേശിക്കുക എന്നതായിരുന്നു ആ ചോദ്യം. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, പക്ഷേ, എനിക്കു തന്നെ പരിഹാരം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഞാനെങ്ങനെ അവരോടു ചോദ്യം ചോദിക്കും? അഡ്വാന്റേജ് ഇന്ത്യ എന്ന പേരിൽ അടുത്തു തന്നെ എഴുതാനിരിക്കുന്ന ഞങ്ങളുടെ പുസ്തകത്തിൽ ഈ ചോദ്യവും ചർച്ചകളും ഉൾപ്പെടുത്തണമെന്നും ഞങ്ങൾ ആഗ്രഹിച്ചു.

മൂന്നാമത്തേത്, അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ പെരുമാറ്റത്തെക്കുറിച്ചായിരുന്നു. ആറ് - ഏഴ് കാറുകളുടെ അകമ്പടിയോടെയാണ് ഞങ്ങൾ പോയത്. രണ്ടാമത്തെ കാറിലായിരുന്നു ഞങ്ങള്‍. മുന്നിൽ പോകുന്ന തുറന്ന ജിപ്സിയിൽ മൂന്നു സൈനികരുണ്ടായിരുന്നു. അതിലൊരാൾ തോക്കുമായി എഴുന്നേറ്റ നിൽക്കുകയാണ്. ഒരു മണിക്കൂറോളം ഇയാൾ ഇങ്ങനെ നിൽക്കുന്നത് ശ്രദ്ധയിൽപെട്ട കലാം അദ്ദേഹത്തോട് ഇരിക്കാൻ വയർലെസ് മെസേജ് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ സുരക്ഷ മുൻനിർത്തി ഇങ്ങനെ ചെയ്യണമെന്ന് ഉറപ്പായപ്പോൾ ആ സൈനികനെ തനിക്കു കാണമെന്ന് കലാം ആവശ്യപ്പെട്ടു. ഷില്ലോങ്ങിലെത്തിയപ്പോൾ സൈനികനെ കലാമിന്റെ അടുത്തെത്തിച്ചു. തനിക്കു വേണ്ടി സൈനികനെ ഇത്രയും നേരം ബുദ്ധിമുട്ടിച്ചതിനു അദ്ദേഹം ക്ഷമചോദിച്ചു. ക്ഷീണമാണെങ്കിൽ ഭക്ഷണം കഴിക്കാനും അദ്ദേഹം സൈനികനെ ക്ഷണിച്ചു.

അതിനു ശേഷം അദ്ദേഹം ഉടൻ തന്നെ പ്രബന്ധം അവതരിപ്പിക്കാൻ പോയി. ഒരിക്കലും ഒരിടത്തും താമസിച്ചുചെല്ലാൻ അദ്ദേഹം തയാറായിരുന്നില്ല. വിദ്യാർഥികളെ ഒരിക്കലും കാത്തിരിപ്പിക്കരുതെന്നു അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ കോട്ടിൽ മൈക്ക് ഘടിപ്പിച്ചപ്പോൾ അദ്ദേഹം തമാശയായി പറഞ്ഞു, ഫണ്ണി ഗയ്! ആർ യു ഡൂയിങ് വെൽ? ഇതായിരുന്നു അദ്ദേഹം എന്നോട് അവസാനമായി സംസാരിച്ചത്.

പ്രബന്ധം അവതരിപ്പിക്കാനായി എഴുന്നേറ്റ അദ്ദേഹം രണ്ടു മിനിറ്റ് സംസാരിച്ചു. പെട്ടെന്നു നിർത്തി. നോടക്കുമ്പോൾ അദ്ദേഹം തളർന്നു വീഴുന്നു. ഉടൻ തന്നെ ഡോക്ടർ എത്തി. എന്റെ ഒരു കൈയിലായിരുന്നു അദ്ദേഹത്തിന്റെ ശിരസ്സ്. കൈകൾ ചുരുട്ടിപ്പിടിച്ചിരുന്നു. എന്റെ വിരലിൽ പിടിച്ചിരുന്നു. അദ്ദേഹം ഒരു വാക്കു പോലും പറഞ്ഞില്ല. ഒരു വേദനയും പ്രകടിപ്പിച്ചില്ല. അഞ്ചുമിനിറ്റിനുള്ളിൽ ഞങ്ങൾ അദ്ദേഹത്തെയുമായി ആശുപത്രിയിലെത്തി. അടുത്ത അഞ്ച് മിനിറ്റിനുള്ളിൽ അദ്ദേഹം ഈ ലോകത്തുനിന്നു പോയെന്നു മനസ്സിലായി. ഒരിക്കൽക്കൂടി ഞാൻ അദ്ദേഹത്തിന്റെ കാലിൽ തൊട്ടു വന്ദിച്ചു...

അദ്ദേഹം പോയി, ദൗത്യങ്ങൾ ഇനിയും ജീവിക്കും...

താങ്കളുടെ കടപ്പെട്ട വിദ്യാർഥി

ശ്രീജൻ പാൽ സിങ്