ഐ നോ ഇന്ത്യ, ഐ നോ ഗാന്ധി; ബട് ഷീ ആൾ സോ ന്യൂ കലാം

ഇ. സോമസാഥ്


തിരുവനന്തപുരം∙ ഏതൻസിലെ അക്രോപൊലിസ് ദൈവങ്ങളുടെ പർവതമാണ്. ആ പർവതത്തിലേക്ക് ഒരിക്കൽ എ.പി.ജെ. അബ്ദുൽ കലാം നടന്നു കയറുന്നതു കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിനു പിന്നാലെ മല കയറാൻ അവസരം കിട്ടിയത് അദ്ദേഹത്തെ അനുഗമിക്കുന്ന മാധ്യമ സംഘത്തിൽ ഉൾപ്പെട്ടതു കൊണ്ടാണ്.

മല കയറുമ്പോൾ കലാമിന് അകമ്പടിയായി ഇന്ത്യയിൽ നിന്നും ഗ്രീസിൽ നിന്നുമുള്ള സുരക്ഷാഭടൻമാർ കൂടെയുണ്ടായിരുന്നു. പെട്ടെന്നാണ് അതു സംഭവിച്ചത്. ഒരു സ്ത്രീ ഒാടിവന്നു കലാമിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ഞെട്ടിപ്പോയ സുരക്ഷാഭടൻമാർ സ്ത്രീയെ കൈകാര്യം ചെയ്യാൻ ഒരുങ്ങി. പക്ഷേ ഒന്നും വേണ്ടെന്നു കലാം കൈയാഗ്യം കാണിച്ചു. ആലിംഗനം അവസാനിപ്പിച്ച ശേഷം ആ സ്ത്രീ പറഞ്ഞു: ഐ നോ ഇന്ത്യ, ഐ നോ ഗാന്ധി.

തനിക്ക് ഇന്ത്യയെയും ഗാന്ധിജിയെയും അറിയാമെന്നു പറഞ്ഞ ആ ഗ്രീക്ക് വനിത പറയാതെ പറഞ്ഞു വച്ചതു തനിക്കു കലാമിനെയും അറിയാമെന്നാണ്. ഗാന്ധിജിക്കും നെഹ്‍റുവിനും ശേഷം ഇന്ത്യയ്ക്കു പുറത്ത് ഇന്ത്യയുടെ മുഖമാകാൻ കഴിഞ്ഞ വ്യക്തിത്വം കലാമിന്റേതാകും.

∙∙∙

ഫ്രാൻസിലെ സ്ട്രാസ്ബുർഗിലെ യൂറോപ്യൻ പാർലമെന്റ് മന്ദിരം. ഇന്ത്യൻ രാഷ്ട്രപതി അബ്ദുൽകലാം പ്രസംഗിക്കുന്നു. കൊച്ചുകൊച്ചു വാക്യങ്ങളിൽ വലിയ വലിയ ആശയങ്ങൾ പ്രവഹിക്കുന്നു. ഡൂൺ സ്കൂളിലോ ഊട്ടി ലവ്ഡെയ്്ലിലോ പഠിച്ചതിന്റെ ഭാണ്ഡങ്ങൾ ഉച്ചാരണത്തിൽ കാണാനില്ല. ഒരുപക്ഷേ രാമേശ്വരത്തെ സർക്കാർ സ്കൂളിന്റെ സ്വാധീനമായിരിക്കും കൂടുതൽ.

പ്രസംഗം തുടങ്ങുമ്പോൾ തന്നെ കൈയടി ആരംഭിച്ചിരുന്നു. പ്രസംഗം തീർന്നപ്പോൾ കൈയടി ഭൂകമ്പമായി. അതിന്റെ പ്രഭവകേന്ദ്രം കറുത്തു മെലിഞ്ഞ ആ മനുഷ്യനായിരുന്നു. യൂറോപ്പ് മുഴുവൻ എഴുന്നേറ്റു നിന്നു കൈയടിച്ചാണ് അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിച്ചത്.

∙∙∙

യുറോപ്യൻ പാർലമെന്റിൽ മാത്രമല്ല കേരള നിയമസഭയിലും കലാമിനെ കാണാനുള്ള ഭാഗ്യമുണ്ടായി. 2005 ജൂലൈ 28ന് ആയിരുന്നു അത്. അതായതു കൃത്യം 10 വർഷം മുമ്പ്. കേരളത്തിന്റെ വികസനത്തിനായുള്ള 10 പദ്ധതികൾ പ്രഖ്യാപിച്ച ആ പ്രസംഗം ആരം‌ഭിച്ചപ്പോൾ ആദ്യം കൈയടി മുഴങ്ങിയതു ഭരണപക്ഷത്തു നിന്നു മാത്രമായിരുന്നു. വികസനം ഭരണപക്ഷത്തിന്റെ മാത്രം അജൻഡയല്ലെന്നു കൃത്യമായും വിശ്വസിച്ച കലാം പറഞ്ഞു: രണ്ടു ഭാഗത്തു നിന്നും കൈയടി വരട്ടെ.

പറയാത്ത താമസം, രണ്ടു ഭാഗത്തു നിന്നും കൈയടി മുഴങ്ങി. പിന്നെ കേരള വികസനത്തെക്കുറിച്ചു വ്യക്തവും യുക്തിഭദ്രവുമായ 10 പദ്ധതികളുടെ പ്രഖ്യാപനമായിരുന്നു. 52 മിനിറ്റ് നീണ്ട ആ പ്രസംഗത്തിൽ ഒരിക്കൽ പോലും ഇടപെടൽ ഉണ്ടായില്ല, കൈയടികളുടെ രൂപത്തിൽ അല്ലാതെ.

∙∙∙

പ്രസംഗം കഴിഞ്ഞു കലാം ചെയ്തതു പുറത്തു വന്നു നിയമസഭാ മന്ദിരത്തിനു മുന്നിൽ ഒരു ചെമ്പകത്തൈ നടുകയായിരുന്നു. സ്പീക്കർ തേറമ്പിൽ രാമകൃഷ്ണനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ ഉപനേതാവു കോടിയേരി ബാലകൃഷ്ണനുമെല്ലാം തൈ നടുന്നതിനു സാക്ഷികളായിരുന്നു. എന്നാൽ 10 വർഷം കഴിഞ്ഞിട്ടും 10 അടി പോലും പൊക്കമാകാതെ വളർച്ച മുരടിച്ചു നിൽക്കുകയാണ് ആ ചെമ്പകം. കലാം നിർദേശിച്ച വികസന പദ്ധതികൾ കേരളം ഏറ്റെടുത്തില്ലെങ്കിലും അദ്ദേഹം മനസിൽ കണ്ടതു പോലെ ചെമ്പകത്തിൽ പൂക്കളും കായ്കളും ഇപ്പോഴുമുണ്ട്. അതു കേരളമെമ്പാടും പൂത്തുലയിക്കേണ്ട ബാധ്യത ഉത്തരവാദപ്പെട്ടവർ ഏറ്റെടുക്കാത്തതു കലാമിന്റെ കുറ്റമല്ല.