കനൽ കലാം

ബിജീഷ് ബാലകൃഷ്ണൻ

രാമേശ്വരത്തെ കടൽ കണ്ടാണു കലാം വളർന്നത്. നിലയ്ക്കാത്ത തിരയലുകളുടെ, അടങ്ങാത്ത ഊർജത്തിന്റെ ബലിഷ്ഠപാഠങ്ങൾ ആ കുട്ടിക്കു പഠിപ്പിച്ചു കൊടുത്തത് അവിടത്തെ തിരക​ളാണ്. അവിടെ വച്ചാണ് പക്ഷികൾ ചിറകടിച്ചുയരുന്നതും അനായാസം ദിശമാറ്റുന്നതും ശിവസുബ്രഹ്മണ്യ അയ്യരെന്ന അധ്യാപകൻ കലാമിനു കാണിച്ചുകൊടുത്തത്. ഇതേ തത്വമാണ് വിമാനങ്ങളിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുകൊടുത്തു. പക്ഷികൾ പറക്കുന്നതിന്റെ‌ രഹസ്യമെന്തെന്ന് അയ്യർ സാർ പഠിപ്പിച്ചതു കലാമിന്റെ പിൽക്കാല ജീവിതത്തെ‌ തന്നെ വഴി തിരിച്ചു വിട്ടു. സാർ എ​നിക്കൊരു ലക്ഷ്യം തന്നു എ​ന്നാണു പിൽക്കാലത്തു കലാം അതേക്കുറിച്ച് എഴുതിയത്. ഫിസിക്സ് പഠിക്കാനുള്ള പ്രചോദനം ആ ദിവസമായിരുന്നു. രാമേശ്വരത്തിന്റെ തീരത്തു നിന്ന് അഗ്നിച്ചിറകുകളുമായി ആ കുട്ടിയുടെ സ്വപ്നങ്ങൾ ആകാശത്തേക്കു പറന്നുയരുകയായിരുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്തു പത്രങ്ങളെ‌ത്തുന്നതു കാത്തിരുന്നതിനെക്കുറിച്ചും കലാം പറഞ്ഞിട്ടുണ്ട്. പോർവിമാനങ്ങളുടെ ചിത്രങ്ങൾ കാണാനായിരുന്നു അത്! അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ കലാം പത്ര വിതരണക്കാരനായി. ചേട്ടന്റെ സൈക്കിൾ കടമെടുത്തായിരുന്നു പുലർച്ചെയുള്ള പത്ര വിതരണം. സ്റ്റേഷനിലെത്തിയാൽ തെല്ലു നേരം അവിടെത്തന്നെ നിൽക്കും. പിന്നെ പത്രക്കെട്ടിൽ നിന്ന് ഒരെണ്ണം വലിച്ചൂരിയെ‌ടുക്കും. ദിനമണിയെന്ന തമിഴ് പത്രമായിരുന്നു അത്. അതിന്റെ‌ ഒന്നാം പേജിൽ തന്നെ പോർവിമാനങ്ങളുടെ ചിത്രങ്ങളും യുദ്ധ വാർത്തുകളുമുണ്ടാകുമായിരുന്നു. അതുകഴിഞ്ഞാൽ സൈക്കിളുമെടുത്ത് ഒരു പാച്ചിലാണ്. ചായക്കടകളിലും ഓഫിസുകളിലും അപൂർവം ചില വീ‌ടുകളിലും പത്രമിട്ട ശേഷമായിരുന്നു സ്കൂളിൽ പോയിരുന്നത്. വളർന്നപ്പോൾ കലാം, തലക്കെട്ടുകൾ തീർത്തു, ഒരിക്കൽ ആവേശത്തോടെ വായിച്ച ഒന്നാം പേജുകളിൽ തന്നെ.

രാമേശ്വരത്തെ ഇടത്തരം തമിഴ് കുടുംബത്തിൽ ജൈനുലാബുദ്ദീന്റ‌െയും ആസ്യാമ്മയു‌ടെ‌യും മകനായാണ് അവുൽ പക്കീർ ജൈനുലാബുദ്ദീൻ അബ്ദുൽ കലാം എ​ന്ന ഇന്ത്യയുടെ മിസൈൽ മാൻ പിറന്നത്. ഉപ്പയ്ക്കും ഉമ്മയ്ക്കും കാര്യമായ വിദ്യാഭ്യാസമില്ലായിരുന്നു; വലിയ ധനവും. കടൽ പഠിപ്പിച്ചു കൊടുത്ത കരുതലിന്റെയും കനിവിന്റെയും അറിവുകളാണ് അവർ മകനു പകർന്നുകൊടുത്തത്. കുട്ടിക്കാലത്തേക്കു തിരിഞ്ഞു നോക്കിയപ്പോഴൊക്കെ കലാം കണ്ടത് ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ വലഞ്ഞെത്തുന്നവരെ നിറച്ചൂട്ടുന്ന ഉമ്മയെ ആണ്. എന്നും ഉണ്ണാൻ, വീട്ടിലെ അംഗങ്ങളേക്കാൾ പുറത്തു നിന്നുള്ളവരുണ്ടായിരുന്നു.

മോസ്ക് സ്ട്രീറ്റിലെ വീട്ടിൽ ആർഭാടത്തിന്റെ തരിമ്പുമില്ലായിരുന്നു. ഉപ്പയിൽ നിന്നു സത്യസന്ധതയും അച്ചടക്കവും, ഉമ്മയിൽ നിന്നു നൻമയിലുള്ള വിശ്വാസവും അതിരില്ലാത്ത അലിവും കലാം പഠിച്ചെ‌ടുത്തു. കൂട്ടുകാർക്കൊപ്പം ചെലവിട്ട നേരങ്ങൾ പിൽക്കാല ജീവിതത്തിൽ തന്നെ വലിയ സ്വാധീനമായി.

ഉള്ളിൽ കടലെന്ന പോലെ കെടാത്ത കനലും കൊണ്ടു നടന്നു കലാം. ഇന്ത്യയുടെ ചെറുപ്പത്തിന്റ‌െ മനസ്സിലേക്കു ചിന്തയുടെയും സ്വപ്നങ്ങളുടെയും ചൂടു പകരാൻ ആ കനൽ തുണച്ചു. ‘‘നിങ്ങൾക്കു ഭാവിയെ മാറ്റാനാവില്ല, നിങ്ങളുടെ ശീലങ്ങളെ മാറ്റാനാവും. നിങ്ങളുടെ ശീലങ്ങൾക്കാകട്ടെ നിങ്ങളുടെ‌ ഭാവിയെ മാറ്റാനാകും, ഉറപ്പ് ’’. എ​ന്നു കനലിൽച്ചുട്ട വാക്കുകൾ കലാം തൊടുത്തപ്പോൾ ഇന്ത്യയുടെ യുവത്വം പ്രചോദിതമായി. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ദശലക്ഷക്കണക്കിനു കുട്ടികളുമായാണ് കലാം സംവദിച്ചത്.

കലാം കാലത്തിനു തിരശീല വീഴുമ്പോൾ അണയുന്നത് സ്വപ്നങ്ങളുടെ കനൽ കൂടിയാണ്.