റണ്‍ കേരള റണ്‍ ജനുവരി മൂന്നാം വാരം

തിരുവനന്തപുരം. ദേശീയ ഗെയിംസിന് അഭിവാദ്യമര്‍പ്പിച്ചു കേരളം ഒന്നാകെ പങ്കെടുക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം ജനുവരി മൂന്നാം വാരം നടക്കും. 28വര്‍ഷത്തിനു ശേഷം കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസിനെ വരവേറ്റു സംസ്ഥാനത്തെ 7000 കേന്ദ്രങ്ങളില്‍ നടക്കുന്ന കൂട്ടയോട്ടം രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടയോട്ടമായിരിക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കേരള ജനതയുടെ നല്ലൊരു പങ്കും പങ്കാളികളാകുന്ന റണ്‍ കേരള റണ്ണില്‍ ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പങ്കെടുക്കും.ദേശീയ ഗെയിംസിനു കേരളം ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനം കൂടിയാണു കൂട്ടയോട്ടം. മുഖ്യമന്തിയും മന്ത്രിമാരും ചലച്ചിത്ര താരങ്ങളും കായിക താരങ്ങളും വിദ്യാര്‍ഥികളും പൊതുജനങ്ങളും വിവിധ സ്ഥാപനങ്ങളിലുള്ളവരും പങ്കെടുക്കും.

200 മുതല്‍ 800 വരെ മീറ്ററാണു കൂട്ടയോട്ടത്തിന്റെ ദൈര്‍ഘ്യം.സച്ചിന്റെ സൌകര്യാര്‍ഥം ജനുവരി 20,21,22 എന്നിവയില്‍ ഏതെങ്കിലുമൊരു ദിവസം വൈകിട്ടു മൂന്നിനായിരിക്കും കൂട്ടയോട്ടം. അന്നു വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാര്‍ വരെ കൂട്ടയോട്ടത്തില്‍ പങ്കെടുക്കണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു.
റണ്‍ കേരള റണ്ണിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കും. ജില്ലാതലത്തില്‍ ഈ മാസം ആറിനകം കലക്ടര്‍മാര്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും.

ഓരോ ജില്ലയിലും ശരാശരി 500 പോയിന്റുകളില്‍ കൂട്ടയോട്ടം നടക്കും. ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് ഏഴു പോയിന്റ്. നഗരസഭകളിലും കോര്‍പറേഷനുകളിലും ഓരോ വാര്‍ഡിലും ഒരു പോയിന്റുണ്ടാകും. പൊതുജനങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു പങ്കെടുക്കാം. ഓരോ കേന്ദ്രത്തിലും പങ്കെടുക്കുന്നവര്‍ കൂട്ടയോട്ടം വര്‍ണാഭമാക്കുന്നതിനു സ്പോര്‍ട്മാന്‍ സ്പിരിറ്റോടെ ശ്രമം നടത്തണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു.

ഏറ്റവും ആകര്‍ഷകമായ കൂട്ടയോട്ടം സംഘടിപ്പിക്കുന്നവര്‍ക്കു ജില്ലാതലത്തില്‍ പുരസ്കാരങ്ങള്‍ നല്‍കും. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയാണ് ദേശീയ ഗെയിംസ്. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാപനച്ചടങ്ങിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും എത്തുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ദേശീയ ഗെയിംസ് സിഇഒ: ജേക്കബ് പുന്നൂസ് എന്നിവര്‍ അറിയിച്ചു.