റണ്‍ കേരള റണ്‍ കൂട്ടയോട്ടം ജനുവരി 20 ന്

തിരുവനന്തപുരം. ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന്റെ ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദനും ചേര്‍ന്നു പ്രകാശനം ചെയ്തു. കൂട്ടയോട്ടത്തിന്റെ തീയതിയും പുതുക്കിയ സമയവും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. ജനുവരി 20നാണു സംസ്ഥാനത്തെ 7000 കേന്ദ്രങ്ങളില്‍ ദശലക്ഷങ്ങള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം.

മുന്‍നിശ്ചയത്തില്‍ നിന്നു വിഭിന്നമായി കൂട്ടയോട്ടം രാവിലെ 10.30നും 11.30നും മധ്യേയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗെയിംസ് ബ്രാന്‍ഡ് അംബാസഡര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇതില്‍ പങ്കുചേരും. റണ്‍ കേരള റണ്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്നു തിരുവഞ്ചൂര്‍ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ú ജില്ലാതലങ്ങളില്‍ ആരംഭിച്ചു. എം എല്‍എ മാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളുടെ യോഗം ഭൂരിപക്ഷം ജില്ലകളില്‍ കലക്ടര്‍മാര്‍ വിളിച്ചു ചേര്‍ത്തു.

ദേശീയ ഗെയിംസിനു സ്വാഗതമോതി കേരളം ഒന്നായി ഒരേ സമയം നടത്തുന്ന കൂട്ടയോട്ടമാണു റണ്‍ കേരള റണ്‍. രാജ്യത്തെ ഏറ്റവും വലിയ കൂട്ടയോട്ടമാകുന്നതിനൊപ്പം ഇതു ഗിന്നസ് റെക്കോര്‍ഡായി രേഖപ്പെടുത്താനും ശ്രമം ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. ഓരോ ജില്ലയിലും ശരാശരി 500 പോയിന്റുകളില്‍ കൂട്ടയോട്ടം നടക്കും. ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് ഏഴു പോയിന്റ്.

മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ ഓരോ വാര്‍ഡിലും ഒരു പോയിന്റ് ഉണ്ടാകും. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള പോയിന്റില്‍ പങ്കെടുക്കാം .കൂട്ടയോട്ടം വര്‍ണാഭമാക്കുന്നതിന് ഓരോ കേന്ദ്രങ്ങളിലും പങ്കെടുക്കുന്നവര്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ശ്രമം നടത്തണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു. ദേശീയ ഗെയിംസ് സി ഇഒ ജേക്കബ് പുന്നൂസ്, സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് എന്നിവരും ലോഗോ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.