റണ്‍ കേരള റണ്‍ കൂട്ടയോട്ടം ജില്ലയില്‍ 616 കേന്ദ്രങ്ങളില്‍

തികണ്ണൂര്‍. ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന റണ്‍ കേരള റണ്‍-കൂട്ടയോട്ടം ജില്ലയിലെ 616 പോയിന്റുകളില്‍ നടക്കും. ദേശീയ ഗെയിംസിന്റെ പ്രചരണാര്‍ഥം ഒരേ ദിവസം ഒരേ സമയം സംസ്ഥാനത്തെ ഏഴായിരത്തോളം വേദികളില്‍ സംഘടിപ്പിക്കുന്ന കൂട്ടയോട്ടമാണ് റണ്‍ കേരള റണ്‍. ജില്ലയില്‍ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിക്കുക.

ഓരോ പോയിന്റിലും സംഘടിക്കുന്ന ജനം 200 മീറ്റര്‍ മുതല്‍ 800 മീറ്റര്‍ വരെ ഓടും.ജനുവരി മൂന്നാം വാരത്തില്‍ കേരളം ഒരേ സമയം ഒരുമിച്ചോടുന്ന റണ്‍ കേരള റണ്ണില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും പങ്കെടുക്കുന്നുണ്ട്. ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡറായ സച്ചിന്റെ സൌകര്യാര്‍ഥമാകും തീയതി തീരുമാനിക്കുക.

ജില്ലയിലെ പഞ്ചായത്തുകളില്‍ കുറഞ്ഞത് ഏഴു സ്ഥലങ്ങളിലും നഗരസഭകളില്‍ പത്തു സ്ഥലങ്ങളിലും കൂട്ടയോട്ടം സംഘടിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാതല അവലോകനയോഗത്തില്‍ ധാരണയായി. ഡിസംബര്‍ 31 നു മുന്‍പായി തദ്ദേശസ്ഥാപനങ്ങളില്‍ സംഘാടസമിതി രൂപീകരിക്കും.
യോഗത്തില്‍ എഡിഎം ഒ മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു

എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കൃഷ്ണന്, നഗരസഭാധ്യക്ഷ റോഷ്നി ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാര്‍, കായിക സംഘടനകളുടെ ഭാരവാഹികള്‍, യൂത്ത് ക്ളബ് ഭാരവാഹികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.