റണ്‍ കേരള റണ്‍: ജില്ലകളില്‍ മന്ത്രിമാർക്ക് ചുമതല

തിരുവനന്തപുരം. ദേശീയ ഗെയിംസിന് അഭിവാദ്യം അര്‍പ്പിച്ചു സംസ്ഥാനമൊട്ടാകെ ജനുവരി 20 നു സംഘടിപ്പിക്കുന്ന 'റണ്‍ കേരള റണ്‍' കൂട്ടയോട്ടം ജില്ലകളില്‍ വിജയിപ്പിക്കുന്നതിനു 14 മന്ത്രിമാരെ ചുമതലപ്പെടുത്തിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സമൂഹത്തിലെ എല്ലാ ആളുകളുടെയും പിന്തുണ ഗെയിംസിന് ഉറപ്പാക്കുന്നതിനാണു കൂട്ടയോട്ടം. തിരുവനന്തപുരത്തു മുഖ്യമന്ത്രിക്കു പുറമെ മന്ത്രി വി എസ് ശിവകുമാറും കൊല്ലത്തു മന്ത്രി ഷിബു ബേബിജോണും പങ്കെടുക്കും.

പത്തനംതിട്ടയില്‍ അടൂര്‍ പ്രകാശ്, ആലപ്പുഴയില്‍ രമേശ് ചെന്നിത്തല, കോട്ടയത്തു കെ എം മാണി, ഇടുക്കിയില്‍ പി ജെ ജോസഫ്, എറണാകുളത്തു കെ ബാബു, തൃശൂരില്‍ വി കെ ഇബ്രാഹിംകുഞ്ഞ്, പാലക്കാട്ട് മഞ്ഞളാംകുഴി അലി, മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി, കോഴിക്കോട്ട് എം കെ മുനീര്‍, വയനാട്ടില്‍ പി കെ ജയലക്ഷ്മി, കണ്ണൂരില്‍ കെ പി മോഹനന്‍, കാസര്‍കോട്ട് അനൂപ് ജേക്കബ് എന്നിവരും നേതൃത്വം നല്‍കും.
ജനപ്രതിനിധികള്‍, സിനിമാ താരങ്ങള്‍ സ്പോര്‍ട്സ് താരങ്ങള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.

സിനിമാ രംഗത്തെ ആറു സംഘടനകളുടെയും പിന്തുണ തേടിയതായി തിരുവഞ്ചൂര്‍ അറിയിച്ചു. സിനിമാതാരങ്ങള്‍ അവര്‍ക്കു സൌകര്യപ്രദമായ സ്ഥലങ്ങളില്‍ പങ്കു ചേരും. റണ്‍ കേരള റണ്ണിന്റെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്താല്‍, വിദേശത്തുപോലും കേരളത്തിന്റെ വികാരം പങ്കിടാനുള്ള കൂട്ടയോട്ടം സംഘടിപ്പിക്കാന്‍ അവസരമുണ്ടാകുമെന്നു തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ഗെയിംസിനുള്ള ഏഴു സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം ജനുവരിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയം (ജനുവരി അഞ്ച്), വെള്ളായണി ഇന്‍ഡോര്‍ സ്റ്റേഡിയം(ജനുവരി ആറ്), തിരുവനന്തപുരം സ്ക്വാഷ് കോര്‍ട്ട് (ഏഴ്), കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം(15), കൊച്ചി ലോണ്‍ബോള്‍കോര്‍ട്ട് (16), തൃശൂര്‍ വി കെ എന്‍ മേനോന്‍ സ്റ്റേഡിയം(22), തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയം(22) എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.