വിളംബര ഓട്ടം ഏഴിന് പത്തനംതിട്ടയിൽ

പത്തനംതിട്ട : ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന് മുന്നോടിയായിഏഴിന് പത്തനംതിട്ടയിലും എട്ടിന് അടൂരിലും ഒന്‍പതിന് തിരുവല്ലയിലും വിളംബര ഓട്ടം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ടയും ജില്ലാ കലക്ടര്‍ എസ്. ഹരികിഷോറും അറിയിച്ചു. പത്തനംതിട്ടയില്‍ സെന്റ് പീറ്റേഴ്സ് ജംക് ഷനില്‍ നിന്നു ഗാന്ധിസ്ക്വയറിലേക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ വിളംബരയോട്ടം നടത്തും.

അടൂരില്‍ യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിലും തിരുവല്ലയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലിലെ കുട്ടികളുടെയും ജെസിഐ യുടെയും പങ്കാളിത്തത്തിലാണ് വിളംബരയോട്ടം. മൂന്നു സ്ഥലങ്ങളിലും ഒാട്ടം 9.30ന് ആരംഭിക്കും. റണ്‍ േകരള റണ്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചിന് 3.30ന് ഹരിദാസ് ഇടത്തിട്ടയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ നഗരസഭാധ്യക്ഷരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ചേരും.

തദ്ദേശസ്ഥാപനങ്ങളിലെപ്രാദേശിക സംഘാടക സമിതിയോഗം എല്ലാ സ്ഥലത്തും ഒരേസമയം ചേരാന്‍ നിര്‍ദേശിക്കും. ജില്ലയിലെ എല്ലാ രാഷ്ട്രീയ, യുവജന, വിദ്യാര്‍ഥി സംഘടനകളും സന്നദ്ധ സംഘടനകളും റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും അഭ്യര്‍ഥിച്ചു. റണ്‍ കേരള റണ്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഏഴിന് കാള്‍ സെന്റര്‍ തുടങ്ങും.

റണ്‍ കേരള റണ്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന വിവിധ പാര്‍ട്ടികളുടെയും സംഘടനകളുടെയും ഭാരവാഹികളുടെ യോഗത്തില്‍ ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സലിം പി. ചാക്കോ, ഡിഡിഇ പി.എസ്. മാത്യു, റണ്‍ കേരള റണ്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് കോര, ഡിഇഒമാരായ പി. രാമപ്പ, എസ്. രമണി, വിവിധ സംഘടനാ പ്രതിനിധികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, ജോര്‍ജ് വര്‍ഗീസ്, എന്‍.സി. മനോജ്, വി.ആര്‍. രാജേഷ്, എം.എസ്. അബ്ദുല്‍ സലാം, ഹാഷിം മുഹമ്മദ്, വിനോദ് സെബാസ്റ്റ്യന്‍, ടി.എച്ച്. സിറാജുദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.