തലസ്ഥാനത്ത് വന്‍ ഒരുക്കം

തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കാണാത്ത ജനകീയക്കൂട്ടായ്മയ്ക്കു ട്രാക്കൊരുക്കുന്ന റണ്‍കേരള റണ്ണില്‍ പങ്കെടുക്കാന്‍ ആവേശത്തോടെ നാടൊഴുകിയെത്തുന്നു. ഇന്നലെ മാത്രം നൂറിലേറെ സം
ഘടനകളും സ്ഥാപനങ്ങളുമാണു പരിപാടിയില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തത്. പത്തു ലക്ഷത്തോളം പേര്‍ തലസ്ഥാന ജില്ലയില്‍ ഓടാനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

ആവേശത്തില്‍ പങ്കുചേരാന്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുക്കര്‍ തലസ്ഥാനത്തെത്തും. കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനായി ഈ മാസം 20 നാണു റണ്‍ കേരള റണ്‍ എന്ന പേരില്‍ കൂട്ടയോട്ടം. സംസ്ഥാനത്ത് ഏഴായിരത്തിലേറെ കേന്ദ്രങ്ങളിലാണു കൂട്ടയോട്ടം. തിരുവനന്തപുരത്ത് 650 കേന്ദ്രങ്ങളാണ് ഉണ്ടാവുക. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പ്രായഭേദമെന്യേ റണ്‍ കേരള റണ്ണില്‍ പങ്കുചേരും.

ജില്ലയിലെ ഭൂരിഭാഗം സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബി എസ്ഇ, ഐസിഎസ്ഇ സ്കൂളുകളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നൂറുകണക്കിനു ക്ളബുകളും സന്നദ്ധസംഘടനകളും കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ പേര്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. വൈവിധ്യമാര്‍ന്ന പരിപാടികളാണു സ്കൂളുകളും സംഘടനകളും കൂട്ടയോട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

റണ്‍ കേരള റണ്ണിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഏഴിനു രാവിലെ 11നു ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കലക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ യോഗം ചേരും. ജില്ലയിലെ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, പിടിഎ ഭാരവാഹികള്‍, വിവിധ കോളജുകളുടെ പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. റണ്‍ കേരള റണ്ണില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സാമൂഹി
കസാംസ്കാരിക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്കൂളുകള്‍, കോളജുകള്‍, ക്ളബുകള്‍ എന്നിവയ്ക്കു 0471 2165355 എന്നീ നമ്പറില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ വിളിച്ചു പേര് റജിസ്റ്റര്‍ ചെയ്യാം.

അവരവരുടെ കേന്ദ്രങ്ങളോടുതന്നെ ബന്ധപ്പെട്ടു സൗകര്യപ്രദമായ രീതിയില്‍ 200 മീറ്റര്‍ മുതല്‍ 800 മീറ്റര്‍ വരെയാണു കൂട്ടയോട്ടത്തിന്റെ ദൈര്‍ഘ്യം. കേരളം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസില്‍ സംസ്ഥാനം ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനം കൂടിയായിരിക്കും കേരളം ഒന്നാകെ പങ്കെടുക്കുന്ന റണ്‍ കേരള റണ്‍.