റണ്‍ കേരള റണ്‍... ഒാടൂ, കേരളം ഒാടൂ...

അഞ്ജു ബോബി ജോര്‍ജ്.
കേരളമൊന്നാകെ ഒന്നിച്ച് ഒാടുന്നു. സങ്കല്‍പിക്കുമ്പോള്‍ തന്നെ എന്തൊരു ആവേശം...അത്ലിറ്റുകളും മറ്റു കായിക താരങ്ങളും പ്രശസ്തരും കായിക പ്രേമികളും എല്ലാവരും ഒരുമിച്ച് ഒാടുമ്പോള്‍ കൂടെയുള്ളതോ ഇന്ത്യയുടെ കായിക വികാരമായ സച്ചിന്‍ തെന്‍ഡുല്‍ക്കറും! ഇൗ മാസം 20നുള്ള 'റണ്‍ കേരള റണ്‍' ഒരു 'സ്പോര്‍ട്സ് ഹബ്' എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ ഒാട്ടം കൂടിയാണ്.

മനസ്സു കൊണ്ടു ഞാനിപ്പോഴേ അതില്‍ അണിചേര്‍ന്നു കഴിഞ്ഞു.ഇതുപോലുള്ള രണ്ട് ഒാട്ടങ്ങളാണ് എന്റെ മനസ്സിലുള്ളത്. രണ്ടും നടന്നതു ന്യൂഡല്‍ഹിയില്‍. ഒളിംപിക്സ് ദീപശിഖാ പ്രയാണവും മെല്‍ബണ്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് ക്വീന്‍സ് ബാറ്റണ്‍ റിലേയുമായിരുന്നു അവ. ക്വീന്‍സ് ബാറ്റണ്‍ റിലേയില്‍ ഇന്ത്യയുടെ ഇതിഹാസതാരം മില്‍ഖാ സിങ്ങില്‍ നിന്നാണു ഞാന്‍ ബാറ്റണ്‍ ഏറ്റുവാങ്ങിയത്.

കേരളത്തില്‍ ദേശീയ ഗെയിംസ് എത്തുന്നതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അതിരില്ലാത്ത സന്തോഷം തന്നെ. ചെറിയൊരു നൊമ്പരവുമുണ്ട്. കേരളത്തില്‍ വലിയൊരു മീറ്റില്‍ പങ്കെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ട്രാക്കില്‍ ഞാന്‍ സജീവമായിരുന്ന കാലത്തു കേരളത്തില്‍ വലിയ മീറ്റുകളൊന്നും നടന്നിട്ടില്ല. ആശ്വസിക്കാന്‍ ഒന്നുമാത്രം, വര്‍ഷങ്ങള്‍ക്കു മുന്‍പു തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഇന്‍വിറ്റേഷന്‍ മീറ്റിലായിരുന്നു എന്റെ ആദ്യ ദേശീയ റെക്കോര്‍ഡ് പ്രകടനം.

ദേശീയ ഗെയിംസ് പോലുള്ള കായികമേളകള്‍ വരുമ്പോള്‍ സംസ്ഥാനത്തെ കായിക സൌμര്യങ്ങളും വര്‍ധിക്കും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്പോര്‍ട്സിനോടുള്ള താല്‍പര്യം കൂടും.അതിനുള്ള ഒരു തുടക്കമാണ് 'റണ്‍ കേരള റണ്‍' കൂട്ടയോട്ടം.എന്റെ എല്ലാവിധ ആശംസയും. ഒാടൂ... കേരളം, ഒാടൂ..