കാത്തിരിക്കുകയാണ് ‍‍ഞാൻ

പാലക്കാട്: ദേശീയ ഗെയിംസിനു മുന്നോടിയായുള്ള 'റണ്‍ കേരള റണ്‍' 20ന് നടക്കാനിരിക്കുമ്പോള്‍ ഇപ്പോഴേ ദേശീയ ഗെയിംസിന്റെ ഭാഗമായിരിക്കുകയാണ് രാജ്യത്തിനൊപ്പം പാലക്കാടിന്റെ കൂടി അഭിമാനമായ അത് ലിറ്റ് ഒളിംപ്യന്‍ പ്രീജ ശ്രീധരന്‍. ലക്ഷക്കണക്കിനു പേര്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം കേരളത്തില്‍ നടക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ തന്നെ ത്രില്ലടിപ്പിക്കുന്നുണ്ടെന്ന് പ്രീജ ആവേശത്തോടെ പറഞ്ഞു.

ഇത്തരമൊരു കൂട്ടയോട്ടം കാണാന്‍ തന്നെ എന്തു രസമായിരിക്കും. കായിക കേരളത്തിന് ഉണര്‍വായിരിക്കും ദേശീയ െഗയിംസ് എന്നും പ്രീജ പറഞ്ഞു. ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ക്യാംപിന്റെ ഭാഗമായി ഒരു മാസത്തോളമായി പ്രീജ തിരുവനന്തപുരത്താണ്. ചില ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും മത്സരത്തിന് ഇറങ്ങാനാകുമെന്നാണു പ്രതീക്ഷ. 5000, 10,000 മീറ്റര്‍ ഇനങ്ങളിലാണ് പ്രീജ മത്സരിക്കാനൊരുങ്ങുന്നത്.

റണ്‍ കേരള റണ്ണില്‍ പങ്കെടുക്കാനാകുമോയെന്നത് കോച്ചിന്റെ നിര്‍ദേശാനുസരണമായിരിക്കും. ഇപ്പോള്‍ പരിശീലനത്തിലാണു ശ്രദ്ധ. ഡല്‍ഹി മാരത്തണിൽ സമ്മാനം നേടിയ പ്രീജയ്ക്കു കൊച്ചി മാരത്തണ്‍ തളര്‍ച്ച മൂലം പൂര്‍ത്തിയാക്കാനായിരുന്നില്ല. തലേന്നു പനി വന്നത് അറിയാതെ പോയതാണു പണി പറ്റിച്ചത്. അതിന്റെ ക്ഷീണം പൂര്‍ണമായിമാറിയിട്ടില്ലെന്നും പ്രീജ പറഞ്ഞു.