ചരിത്രത്തില്‍ പങ്കാളികളാവാം

പി.കെ. ശ്രീമതി എംപി (സിപിഎം കേന്ദ്രകമ്മിറ്റി അംഗം)

ദേശീയ ഗെയിംസിന്റെ ഭാഗമായി 20നു നടക്കുന്ന കൂട്ടയോട്ടത്തിന് എല്ലാ ആശംസകളും. കണ്ണൂരില്‍ നടക്കുന്ന കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ ശ്രമിക്കും. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കുടുംബശ്രീപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും വായനശാലകളും റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കണം. കൂട്ടയോട്ടം അതില്‍ പങ്കെടുക്കുന്നവരുടെ കായികശേഷി വളര്‍ത്താനും കാണികള്‍ക്കു കായികമേഖലയെപ്പറ്റി അവബോധം വളര്‍ത്താനും ഉപകരിക്കും.

എന്റെ രണ്ട് അനുജന്മാരും സ്ഥിരമായി കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നവരാണ്. ഡല്‍ഹി,മുംബൈ,കൊച്ചി മാരത്തണുകളില്‍ അവര്‍ മുഴുവന്‍ ദൂരവും ഓടാറുണ്ട്. കായികരംഗം എനിക്കും ഇഷ്ടമാണ്.

മാരത്തണ്‍ ആകുമ്പോള്‍, അതൊരു കൂട്ടായ്മയുടെ ഭാഗംകൂടിയാവുകയാണ്. സമൂഹത്തിലെ പല തലങ്ങളില്‍നിന്നുള്ളവര്‍ക്കൊപ്പം അല്‍പദൂരം ഓടുകയെന്നത് അപൂര്‍വമായ അനുഭവമാകും. റണ്‍ കേരള റണ്ണിനൊപ്പം ഓടുക. കേരളം ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ അതില്‍ പങ്കാളികളാവുക.