എല്ലാം മാറ്റിവച്ച് അണിചേരാം

കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ

കേരളം 27 വർഷങ്ങൾക്കു ശേഷം വീണ്ടും ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുവാൻ ഒരുങ്ങുകയാണ്. രാജ്യത്തിന്റെ അഖണ്ഡതയും സംസ്കാരവും പൈതൃകവും സമന്വയിക്കുന്ന ഈ കായിക മാമാങ്കം നമ്മുടെ രാജ്യത്തെ പൗരബോധമുള്ള ജനതയിൽ ദേശാഭിമാനവും മതേതര മൂല്യങ്ങളും വളർത്തുമെന്നതിൽ സംശയമില്ല. ഇതിനു മുന്നൊരുക്കമായി ഈ ഉദ്ദേശ്യലക്ഷ്യങ്ങൾ വിളംബരം ചെയ്യുന്ന റൺ കേള റൺ കൂട്ടയോട്ടം 20നു നടത്തുകയാണല്ലോ.

കേളത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രധാന കേന്ദ്രങ്ങളിലെല്ലാം അരങ്ങേറുന്ന ഈ കൂട്ടയോട്ടത്തിൽ സംസ്ഥാനത്തെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇവിടെ നാം ഒന്നാണ്, ഇവിടെ നമുക്ക് ഏകമനസ്സാണ്, നമ്മുടെ ഉത്സാഹത്തിന് ഒറ്റക്കാരണമേയുള്ളു.

നമ്മുടെ സംസ്ഥാനത്തു കക്ഷിരാഷ്ട്രീയം മറന്ന്, മതവ്യത്യാസങ്ങൾ മറന്ന്, ഉച്ചനീചത്വങ്ങൾ മറന്നു നാം ഒറ്റക്കെട്ടായി ഈ മഹാസംഭവത്തിൽ അണിചേരുമ്പോൾ, നഷ്ടപ്പെടുന്ന ചില മൂല്യങ്ങൾ നമ്മുടെ പൊതുസമൂഹത്തിൽ പുനപ്രതിഷ്ഠിക്കുകയാണ്.എല്ലാം മാറ്റിവച്ചു റൺ കേരള റൺ വിജയമാക്കാം. നമുക്കെല്ലാവർക്കും അതിൽ അണിചേരാം. തിരക്കിട്ട പരിപാടികൾ ആ ദിവസങ്ങളിൽ ഡൽഹിയിൽ ഉണ്ടെങ്കിലും റൺ കേള റൺ കൂട്ടയോട്ടത്തിൽ പങ്കുചേരാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്. എന്റെ എല്ലാ ആശംസകളും അറിയിക്കുന്നു.