ഓടാം; കേരളത്തോടൊപ്പം

സി.പി. മുഹമ്മദ് എംഎൽഎ
ദേശീയ ഗെയിംസിന്റെ ഉണർത്തുപാട്ടായ റൺ കേരള റൺ എന്ന പേരിലുള്ള കൂട്ടയോട്ടത്തിൽ ആകുന്ന രീതിയിൽ ഞാനും ഓടും. എല്ലാവരും ഒരുമിച്ചുനിന്നു മികച്ച സംഘാടനത്തോടെ ഗെയിംസ് നടത്തിയില്ലെങ്കിൽ നാടിനാണു നഷ്ടം.അതിനാൽ എല്ലാവരും അന്ന് ഓട്ടത്തിൽപങ്കുചേരണം. രാജ്യത്തിന്റെ കായിക ഭൂപടത്തിൽ കേരളത്തിനു അഭിമാനകരമായസ്ഥാനമാണുള്ളത്. പലപ്പോഴും രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ചതു കേരളത്തിന്റെ കായികതാരങ്ങളാണ്. മുൻ ദേശീയ ഗെയിംസുകളിലും നമ്മൾ മികച്ച നേട്ടമാണു കൊയ്തിട്ടുള്ളത്. ദേശീയ ഗെയിംസ് മൽസരത്തിന്റെ മാത്രം കാര്യമല്ല, നമ്മുടെ കായിക വികസനത്തിനുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും നേടിയെടുക്കാനുമുള്ള അവസരം കൂടിയാണ്. അതിനാൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചു സംസ്ഥാനത്തിനായി എല്ലാവരും പങ്കെടുക്കണം, ഓടണം. നടപടികൾ സുതാര്യമാക്കുന്നതോടെ എതിരഭിപ്രായങ്ങൾ ഇല്ലാതാകും. പ്രതിഭകളെ കണ്ടെത്തുകയും കണ്ടെത്തിയവർക്കു പ്രോൽസാഹനം നൽകുകയും അവരുടെ കഴിവ് പരമാവധി മുതലെടുക്കാനുള്ള ശ്രദ്ധയില്ലായ്മയുമാണുകായിക രംഗത്തെ നമ്മുടെ വലിയ പരിമിതി.എതുകായിക മൽസരം നടന്നാലും അതിനെ വിവാദത്തിലാക്കുന്നതോടെ നമ്മുടെ അവസരവും മികവുമാണ് ഇല്ലാതാകുന്നത്.രാജ്യത്തിന്റെ നൂറിലൊന്നുപോലും ജനസംഖ്യയില്ലാത്ത രാജ്യങ്ങൾ അത് ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ മെഡലുകൾ വാരിക്കൂട്ടുമ്പോൾ, ചന്ദ്രയാനും മംഗൾയാനും വിജയകരമായി നിർവഹിച്ച ഇന്ത്യ പിന്നോട്ടുപോകുകയാണ്. ദേശീയ, അന്തർദേശീയ മൽസരങ്ങളിൽ അഭിമാനകരമായ നേട്ടം കൈവരിക്കാൻകഴിഞ്ഞ കേരളത്തിനു മറ്റൊരു വലിയ നേട്ടം ദേശീയ ഗെയിംസിലൂടെ ഉണ്ടാക്കാനാകും. മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കാനും പരസ്പരം സ്നേഹംപങ്കുവയ്ക്കാനുള്ള വേദികളും കൂടിയാണ് അവ. ഒരു വേർതിരിവുകളും അവിടെയുണ്ടാകുന്നില്ല. ഗെയിംസ് നടത്താൻ ലഭിച്ചതു നമ്മുടെ സുകൃതമാണ്. ജാഗ്രത പുലർത്തികൊണ്ട്, അടിസ്ഥാനസൗകര്യ വികസനത്തിനുള്ള അവസരം പരമാവധി ഉപയോഗിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

വി. വിജയദാസ് എംഎൽഎ
കേരളം ആതിഥേയത്വം വഹിക്കുന്നദേശീയ ഗെയിംസ് ഇന്ത്യൻ കായിക ചരിത്രത്തിനു പുതിയ സന്ദേശം നൽകുന്നതാകുമെന്നു കരുതുന്നു. നമ്മുടെ രാജ്യത്തിന് ഒട്ടേറെ കായികതാരങ്ങളെ സമ്മാനിച്ച നാടാണു കേരളം. പി.ടി. ഉഷ ജിമ്മി േജാർജ്, അഞ്ജു എന്നിങ്ങനെ പ്രശസ്ത താരങ്ങൾക്ക് ജന്മം നൽകിയ നാട്ടിൽ അവരുടെപിൻതലമുറക്കാർക്ക് ക്ഷാമമില്ല. കായികരംഗത്തെ വറ്റാത്ത ഉറവയാണു കേരളം. സ്കൂൾ തലത്തിൽ നമ്മുടെ കുട്ടികൾ വാരികൂട്ടിയ മെഡലുകൾ അഭിമാനാർഹമാണ്. ഇങ്ങനെ ഒരുപാട് അനുകൂല ഘടകങ്ങളുടെ പശ്ചാത്തലമുള്ള സംസ്ഥാനത്തു നടക്കുന്ന ദേശീയ ഗെയിംസ് കായിക പ്രേമികൾക്കു വലിയ ആവേശം പകരും. അതിനുമപ്പുറം നമ്മുടെ ഭാവി താരങ്ങൾക്ക് വലിയ പ്രചോദനവുമാകും. കായികരംഗം മനുഷ്യരുടെ ഏറ്റവും വലിയ മാധ്യമമായി തീർന്നിട്ടുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും ഊട്ടിഉറപ്പിക്കുവാൻ പോലും ഇതു സഹായകമാവുന്നു. സംസ്ഥാനത്തും ദേശീയതലത്തിലും ജില്ലയുടെ മിന്നും താരങ്ങൾ തുടർച്ചയായി നേടുന്ന വിജയഗാഥ തിളക്കമേകുന്ന സുവർണ്ണ നേട്ടങ്ങളാണ്. പി.യു. ചിത്ര, മുഹമ്മദ് അഫ്സൽ, നീന, ജിഷ എന്നിങ്ങനെ നാളെയുടെ പ്രതീക്ഷകളായ താരനിര ഏറെയുണ്ട്. കായിക കേരളത്തിന് അഭിമാന മുഹൂർത്തം സമ്മാനിക്കുന്ന റൺ കേരള റൺ എന്ന കൂട്ടയോട്ടത്തെ നാട് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

സി. കൃഷ്ണകുമാർ ബി
ബിജെപി ജില്ലാ പ്രസിഡന്റ ്
ദേശീയ ഗെയിംസിനെ ജനകീയമാക്കാനും മികവുറ്റതാക്കാനും 20നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം സഹായിക്കും. അതിൽ പങ്കെടുക്കുന്നതുകൊണ്ടു നാടിനെ പരിപാടിയിൽ പങ്കാളിയാക്കുകയാണു നമ്മൾ ചെയ്യുന്നത്.ഓട്ടത്തിൽ ഞാനും പങ്കെടുക്കും. ഗെയിംസിനു രണ്ടാം തവണ ആതിഥ്യമരുളാൻ അവസരം ലഭിച്ചതു കായിക കേരളത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടും. യുവാക്കളുടെ സർവതോന്മുഖമായ വളർച്ചയ്ക്കു സ്പോർട്സ് അവിഭാജ്യഘടകമാണെന്നു ചരിത്രം തെളിയിച്ചിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും അതാണ് ഊന്നി പറഞ്ഞിട്ടുള്ളത്. അദ്ദേഹം
തന്നെ ഗെയിംസ് ഉദ്ഘാടനത്തിനെത്തുന്നുവെന്നതു പരിപാടിയുടെ മാറ്റുവർധിപ്പിക്കുന്നു. ഗെയിംസ് നടക്കുമ്പോൾ മാത്രം ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം എല്ലാ ജില്ലകളിലും സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്ന കാര്യവും പരിഗണിക്കണം. കേരളത്തിന്റെ മറ്റൊരു കായിക ചരിത്രമായി അതുമാറും. ദീർഘവീക്ഷണത്തോടു കൂടിയ നടപടികളാണ് ആവശ്യം. നമുക്കു കായിക പ്രതിഭകൾ കുറവല്ല, അവർക്ക് ആവശ്യ മായ പരിശീലനവും പ്രോൽസാഹനവും ലഭിക്കുന്നില്ലെന്നതാണു വിഷമം. എന്നിട്ടും പരിമിതമായ സൗകര്യങ്ങളിൽ നിന്ന് അവർ കേരളത്തെ ലോകത്തോളമുയർത്തി. രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ചുവരുന്നു. കൂട്ടായ്മകൾക്കു നേട്ടം കൊയ്യാനാകും. അതാണു റൺ കേരള റൺ എന്നു പ്രതീക്ഷിക്കാം. പരിപാടി വിജയിപ്പിക്കുന്നതിലൂടെ നമ്മുടെ കായിക സംസ്കാരമാണ് ഉയരുന്നത്. വളർന്നുവരുന്ന കായികതാരങ്ങൾക്കു നേട്ടം കൊയ്യാനുള്ള വഴിയായി മാറട്ടെ.