നാടിന്റെ ആവേശമായിറൺ കേരള റൺ

കൊല്ലം : കേരളത്തിന്റെ കായിക പുരോഗതി ആഗ്രഹിക്കുന്ന മുഴുവൻ സംഘടനകളും വ്യക്തികളും റൺ കേരള റൺ കൂട്ടയോട്ടത്തിനു തയാറെടുക്കുന്നു. കേരളം വേദിയാകുന്ന ദേശീയ ഗെയിംസിന്റെ പ്രചാരണാർഥം 20നാണു സംസ്ഥാനത്തെ ആവേശത്തിലാക്കുന്ന കൂട്ടയോട്ടം. രണ്ടര പതിറ്റാണ്ടിനു ശേഷം കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെയും കൂട്ടയോട്ടത്തിന്റെയും വിജയത്തിനു വ്യാപാരി സമൂഹം ഒറ്റക്കെട്ടായി ഇറങ്ങും. ജില്ലയിലെ എല്ലാ പ്രധാനപോയിന്റുകളിലും അതതു യൂണിറ്റുകളുടെ നേതൃത്വത്തിൽ കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ പറഞ്ഞു. ഏകോപന സമിതിക്കു ജില്ലയിൽ 215 യൂണിറ്റും 28,000 അംഗങ്ങളുമുണ്ട്.

റൺ കേരള റൺ കൂട്ടയോട്ടത്തിൽ നഗരത്തിലെ വ്യാപാരികൾ പങ്കെടുക്കുമെന്നു ക്വയിലോൺ മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.എം.എസ്. മണി പറഞ്ഞു. സംഘടനയിൽ 500 അംഗങ്ങളുണ്ട്. കൂട്ടയോട്ടം വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു ദേശീയ ഗെയിംസ് കായിക കേരളത്തിന്റെ ഭാവിക്കു വലിയ സംഭാവന നൽകുമെന്നും ചൂണ്ടിക്കാട്ടി. 1941ൽ രൂപീകൃതമായ ക്വയിലോൺ മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്സ് ആണ് കേരളത്തിലെ ആദ്യത്തെ വ്യാപാരി സംഘടന. റൺ കേരള റണ്ണിൽ പുസ്തക പ്രസാധകരും അണിനിരക്കും. ഓൾ കേരള പബ്ലിഷേഴ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കൊല്ലം ഉൾപ്പെടെ വിവിധ ജില്ലകളിലെ പുസ്തക പ്രസാധകരാണ് കൂട്ടയോട്ടത്തിൽ പങ്കെടുക്കുകയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം ഭാസി അറിയിച്ചു.

റൺ ജനകീയ ഉൽസവമാക്കുമെന്ന് കൊച്ചി മേയർ ടോണി ചമ്മണി
കൊച്ചി : കൂട്ടയോട്ടത്തെക്കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കാൻ സാധിക്കുന്ന കൊച്ചി നഗരസഭ റൺ കേരള റണ്ണും വലിയ ജനകീയ ഉൽസവമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണെന്നു മേയർ ടോണി ചമ്മണി. രണ്ടു ഹാഫ് മാരത്തണുകൾ സംഘടിപ്പിച്ചിട്ടുള്ള കൊച്ചിക്ക് റൺ കേരള റണ്ണിന്റെ ആവേശം ഏറ്റെടുക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ജില്ലയിലെ പ്രധാന പരിപാടി സംഘടിപ്പിക്കുന്നതു കൊച്ചി നഗരസഭാ പരിസരത്തായതിനാൽ അതിന്റെ വിജയത്തിനായുള്ള പ്രവർത്തനത്തിലാണ് നഗരസഭ. ഏഴിനു ചേരുന്ന കൗൺസിലിൽ തുടർചർച്ച നടത്തും. കൗൺസിലർമാർ, കുടുംബശ്രീപ്രവർത്തകർ, നഗരസഭാ ജീവനക്കാർ തുടങ്ങി എല്ലാവരും റൺ കേരള റണ്ണുമായി സഹകരിക്കും. നഗരസഭയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുന്ന തരത്തിലാകും നഗരസഭ റൺ കേരള റണ്ണിനെ വരവേൽക്കുകയെന്നും അദ്ദേഹം പറഞ്ഞു.