ആവേശക്കുതിപ്പിന് ഒരുങ്ങി കേരളം

റൺ കേരള റൺ സാംസ്കാരിക സമ്പന്നതയുടെ പ്രതിഫലനം
ഡോ. ജോസഫ് മാർത്തോമ്മാമെത്രാപ്പൊലീത്ത (മാർത്തോമ്മാ സഭാധ്യക്ഷൻ)

കേരളത്തിന്റെ കായിക പ്രേമം മാത്രമല്ല, സാംസ്കാരിക സമ്പന്നത കൂടി പ്രതിഫലിക്കുന്ന ഒന്നാണ് റൺ കേരള റൺ. ദേശീയ ഗെയിംസിന്റെ വിളംബരമായി നടത്തുന്ന ഇൗ പരിപാടിയിൽ കായിക താരങ്ങൾ മാത്രമല്ല പങ്കെടുക്കുന്നത് എന്നത് എറെ ശ്രദ്ധേയമാണ്.എല്ലാ വിഭാഗത്തിലുമുള്ളവർ ഇൗ കൂട്ടയോട്ട ത്തിൽ പങ്കെടുക്കുന്നു. നമ്മുടെ സംസ്ഥാനത്തോടു മാത്രമല്ല, രാജ്യത്തോടും െഎക്യദാർഢ്യം പ്രകടിപ്പിക്കാൻ ലഭിക്കുന്നവലിയൊരു അവസരം കൂടിയാണിത്. സംസ്ഥാനത്തെ ഒരോ മൂന്നുപേരിലും ഒരാളെങ്കിലും ഇതിൽ പങ്കാളിയാകുന്നു എന്ന പ്രത്യേകതയും റൺ കേരള റണ്ണിനുണ്ട.്. ലോകത്തിലെ തന്നെ മറ്റൊരു കായിക മാമാങ്കത്തിനും ഇങ്ങനെയൊരു പങ്കാളിത്തം ഉണ്ടായിട്ടില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. കായിക ഭൂപടത്തിൽ നമ്മുടെ രാജ്യം മുന്നിലല്ലെങ്കിലും കായിക വിനോദങ്ങളിലും താരങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്നതിലും നമ്മൾ പ്രത്യേക താത്പര്യം കാണിക്കുന്നു എന്നതിൽ ഒരോ കേരളീയനും അഭിമാനിക്കാം. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഇൗ സംരംഭത്തിനു പങ്കാളിത്തമുണ്ടാവും. സഭയുടെ വിവിധ സന്നദ്ധ സംഘടന പ്രവർത്തകരും പങ്കാളികളാകണമെന്ന് ഉദ്ബോധിപ്പിക്കുന്നു.

ഇൗ ഓട്ടം കൂട്ടായ്മയുടെ വിളംബരം
കർദിനാൾ മാർ ജോർജ് ആലഞ്ചേരി (സിറോ മലബാർ സഭ മേജർആർച്ച് ബിഷപ്)
ദേശീയ ഗെയിംസിന്റെ ആവേശവും ആരവവും 27 വർഷങ്ങൾക്കു ശേഷം കേരളത്തിന്റെ മണ്ണിലെത്തുമ്പോൾ, പൊതുസമൂഹവും സന്തോഷപൂർവം ഈ ദേശീയ ഉൽസവത്തെ വരവേൽക്കുകയാണ്. കായിക രംഗത്തിന്റെ നവോൻമേഷവും ഉൽസാഹവും കളിമനസ്സിനൊപ്പം പൊതുമനസ്സിനെക്കൂടി ഉണർ ത്താനും ഉയർത്താനും തികച്ചും പര്യപ്തമാണ്. വിജയവും പരാജയവും തീരുമാനിക്കുകയെന്നത് ഏതു മൽസരങ്ങളുടെയും സ്വഭാവമാണ്. കായിക രംഗത്തും മറിച്ചല്ല. എന്നാൽ എതിരാളിμളെ തോൽപ്പിച്ച ു കളിക്കളത്തിൽ വിജയം സ്വന്തമാക്കുമ്പോഴും വിജയിക്കുന്നവരും തോൽക്കുന്നവരും ചേർന്നുയർത്തുന്ന ആരവമുണ്ട്. വിജയികൾ, പരാജിതർ, കുതിച്ചു തിളങ്ങിയവർ, കിതച്ചുവീണവർ, പരിശീലിപ്പിച്ചവർ, കൈയ്യടിച്ചവർ, അടുത്തും അകലെയും നിന്ന് ആസ്വദിച്ചവർ...എല്ലാവരും ചേർന്നുയർത്തുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെതുമായ നവസംസ്കാരത്തിന്റെ ആരവം. ഇതേറ്റുവാങ്ങാൻ കളിക്കളത്തിനു പുറത്തും നല്ല മനസ്സുകളുണ്ടാകും. ദേശീയ ഗെയിംസ്, ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിന്റെ മഹിമയും നല്ലആതിഥ്യവും കൂട്ടായ്മയും അടയാളപ്പെടുത്തുന്നതു കൂടിയാവട്ടെ. പരിമിതികളെയും അപര്യാപ്തതകളെയും നമുക്കു മറക്കാം. പുതുതലമുറയിൽ മാനവികതയുടെ പുത്തൻ ഉണർത്തുപാട്ടാകട്ടെ ഈ ദേശീയ ഉൽസവം. 20നുനടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം ദേശീയ ഗെയിംസിന്റെ മാത്രമല്ല, മലയാളിമനസ്സുകളുടെ കൂട്ടായ്മയുടെ കൂടി വിളംബരമാകട്ടെ.

റൺ കേരള റണ്ണിലൂടെ കേരളം ഒന്നാകുന്നു
ഡോ.കെ പി. യോഹന്നാൻ മെത്രാപ്പൊലീത്ത (ബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ)
എല്ലാവരെയും ഒരേ നിരത്തിൽ കൊണ്ടെുവരികയെന്നത് ക്ലേശകരമായ ദൗത്യമാണ്. എന്നാൽ, റൺ കേരള റണ്ണിലൂടെ കേരളം ഒന്നാകുന്നു എന്നത് വളരെ സന്തോഷം നൽകുന്നു. കാൽ നൂറ്റാണ്ടിനു ശേഷമാണ് കേരളത്തിൽ വീണ്ടും ദേശീയ ഗെയിംസ് എത്തുന്നത്. ഇവിടെ ആര് വിജയിക്കുന്നു എന്നതിനല്ല പ്രാധാന്യം. ആരൊക്കെ പങ്കാളികളാകുന്നു എന്നതിനാണ്. പങ്കെടുക്കുന്ന കായിക താരങ്ങൾക്കും സംഘാടക സമിതിക്കുമെല്ലാം ആശംസകൾ നേരുന്നു. ബിലീവേഴ്സ് ചർച്ചിന്റെ കേരളത്തിലെ എല്ലാ സ്ഥാപനങ്ങളും ഇൗ കൂട്ടയോട്ടത്തിൽ അണിചേരും. എല്ലാവരും റൺ കേരള റണ്ണിൽ പങ്കാളികളാകണമെന്ന് അഭ്യർഥിക്കുന്നു.