കായിക പ്രേമികൾക്ക് പുത്തൻ ഉണർവാകും

ഒപി. ജെ. കുര്യൻ (രാജ്യസഭാ ഉപാധ്യക്ഷൻ)
ദേശസ്നേഹത്തിന്റെയും കൂട്ടായ്മയുെടയും സന്ദേശമുയർത്തി ദേശീയ ഗെയിംസ് വീണ്ടും എത്തുകയാണ്. 27 വർഷത്തിനു ശേഷം ദേശീയ ഗെയിംസിന് ആതിഥ്യമരുളുന്ന കേരളം ഗെയിംസിന്റെ സന്ദേശം പ്രചരിപ്പി ക്കാൻ റൺ കേരള റൺ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത് സ്വാഗതാർഹമാണ്. 20നു നടക്കുന്ന റൺ കേരള റണ്ണോടെ ദേശീയ ഗെയിംസിനും കേരളത്തിലെ കായിക പ്രേമികൾക്കും പുത്തനുണർവുണ്ടാകുമെന്നതിൽ സംശയമില്ല. നമ്മുടെ രാജ്യത്തിന്റെ വികസനത്തിന്, പ്രത്യേകിച്ച് കായിക രംഗത്തിന്റെ വികസനത്തിനും സാംസ്കാരിക വിനിമയത്തിനും പ്രയോജനകരമായ കരുത്തിന്റെ ഇൗ ഉത്സവത്തെ വിജയിപ്പിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. വർഷങ്ങൾക്കു ശേഷം മാത്രം ഓരോ സംസ്ഥാനത്തിനും ലഭിക്കുന്ന അവസരമാണ് ദേശീയ ഗെയിംസിന് ആതിഥ്യമരുളുക എന്നത്. അതിനാൽ തന്നെ ഏറ്റവും ആμകർഷകവും വിജയകരവുമായി മേള സംഘടിപ്പിക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. റൺ കേരള റൺ എന്ന പ്രചാരണ കൂട്ടയോട്ടം ദേശീയ ഗെയിംസിന്റെ ഉന്നതമായ മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും സാധൂകരിക്കാൻ സഹായിക്കുമെന്നതിൽ തർക്കമില്ല.റൺ കേരള റണ്ണിന് എല്ലാ വിജയാശംസകളും നേരുന്നു.

കൂട്ടയോട്ടം വൻവിജയമാകണം
(കെ. എൻ. ബാലഗോപാൽ എംപി)
ദേശീയ ഗെയിംസ് സ്പോർട്സ്മാൻ സ്പിരിറ്റോടുകൂടി ദേശീയ ഉൽസവമാക്കി മാറ്റണം. 20നു കേരളമെമ്പാടും കൂട്ടയോട്ടം നടക്കുമ്പോൾ കൊല്ലത്ത് അതിനൊപ്പം ഞാനുമുണ്ടാകും. സച്ചിൻ തെൻഡുൽക്കർ തുടങ്ങിയ പ്രമുഖ കായിക താരങ്ങളും സാമൂഹിക - സാംസ്കാരിക നായകരും ഉൾപ്പെടെ എല്ലാവരും പങ്കെടുക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനു വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. അതിന്റെ വിജയത്തിന് എല്ലാ ആശംസയും നേരുന്നു. കൂട്ടയോട്ടവും ദേശീയ ഗെയിംസും ഏറ്റവും നല്ല നിലയിൽ വിജയിപ്പിക്കുക എന്നതാണു പ്രധാനകാര്യം. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ സർക്കാർ ഗൗരവപൂർവം പരിഗണിക്കുകയും പരിഹരിക്കുകയും വേണം. എന്നാൽ ഏറ്റവും പ്രധാന കാര്യം ഗെയിംസിന്റെ വിജയം തന്നെയാണ്. എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന ആവേഗ ശക്തിയാണു സ്പോർട്സ്. അതിന്റെ വിജയം തന്നെയായിരിക്കണം നമ്മുടെ ലക്ഷ്യവും പ്രവൃത്തിയും. ദേശീയഉൽസവമാക്കി മാറ്റുന്നതിനു നമുക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണം.

ജീവിത ശൈലിമാറ്റാനുള്ള സന്ദേശം
രാജു ഏബ്രഹാം എംഎൽഎ
കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസ് രാജ്യത്തിന്റെ കായിക സംസ്കാരത്തിനു പുത്തൻ മാനങ്ങൾ നൽകുമെന്ന് ഉറപ്പാണ്. പുത്തൻ വേഗവും ഉയരവും കണ്ടെത്താൻ കായിക താരങ്ങൾ കുതിക്കുമ്പോൾ അവർക്ക് പിന്തുണയുമായി കേരള ജനത ഒട്ടാകെ ഉണ്ടാകും എല്ലാവർക്കും സ്പോർ ട്സ്മാൻ സ്പിരിറ്റ്, അതാകണം കേരളത്തിന്റെ ലക്ഷ്യം. ഏറിയും കുറഞ്ഞും ഏവരും ഒരു കായികതാരമാവുക. ഫാസ്റ്റ് ഫുഡും വ്യായാമമില്ലാത്ത ജീവിത ശൈലിയും മലയാളികളെ രോഗികളുടെ സംസ്ഥാനമാക്കി മാറ്റി. അതിൽ നിന്നൊരു മോചനമാണ് റൺ കേരള റൺ കൂട്ടയോട്ടത്തിലൂടെ നാം ലക്ഷ്യമിടുന്നത്. ദേശീയ ഗെയിംസിനു പിന്തുണയേകി എല്ലാവരും റൺ കേരള റണ്ണിൽ പങ്കാളിയാവുക. അതിന് ആരും ആരെയും ക്ഷണിക്കേണ്ടതില്ല. നമ്മുടെ കടമയാണെന്ന് ഉൾക്കൊണ്ട് പങ്കെടുക്കണം. റൺ കേരള റൺ കേരളം ഏറ്റെടുത്തു കഴിഞ്ഞു. കേരളം മുഴുവൻ ഓടുമ്പോൾ എന്നോടൊപ്പം നിങ്ങളും ഉണ്ടാകണം.