നെഞ്ചേറ്റണം, ഈ അവസരം

ഉണ്ണിമേനോൻ
കേരളം ഓടിക്കയറുന്ന ചരിത്രത്തിന്റെ ഭാഗമാകാൻ ഗായകൻ ഉണ്ണിമേനോനും. റൺ കേരള റണിന് 20ന് മണ്ണാർക്കാട് തുടക്കമിടുമ്പോൾകായികക്കുതിപ്പിന് ഉൗർജം പകരാൻ ഉണ്ണിമേനോൻ മുന്നിലെത്തും. പഠന കാലത്ത് ട്രാക്കിൽ ഓടിയെടുത്ത ഓർമകളുമായാണ് ഉണ്ണിമേനോൻ കൂട്ടയോട്ടത്തിനെത്തുന്നത്. തിരക്കിനിടയിലും ഫുട്ബോൾ കണ്ടാൽ ഒരു കാൽ നോക്കുന്ന കായികവീര്യമാണ് ഉണ്ണിമേനോനെ ദേശീയ ഗെയിംസിനും റൺകേരള റണിനുമൊപ്പം ചേർക്കുന്നത്. പുതിയ താരങ്ങൾക്ക് പ്രതീക്ഷയേകി കടന്നെത്തുന്ന ദേശീയ ഗെയിംസ് സംസ്ഥാനത്തെ കായിക പ്രതിഭകൾക്ക് മുതൽക്കൂട്ടാകണമെന്ന പക്ഷത്താണ് ഉണ്ണിമേനോൻ. ‘‘പ്രതിഭ തെളിയിച്ച കായിക താരങ്ങളും പരിശീലനം നൽകാൻ ഏറെ ഗുരുക്കൻമാരും മികച്ച കളിക്കളങ്ങളുമുണ്ടായിട്ടും രാജ്യാന്തര മൽസരങ്ങളിൽ മിന്നിത്തിളങ്ങാൻ മലയാളികളില്ലാത്തത് പോരായ്മയാണ്. നമ്മുടെ താരങ്ങളെ വളർത്തിയെടുക്കാൻ ആത്മാർഥമായ പരിശ്രമം വേണം. അവസരങ്ങൾ കൈയെത്തും ദൂരത്താണ്. ദേശീയ ഗെംയിസിന്റെ വേദിയിൽകേരളത്തിന്റെ പൊൻതിളക്കമാണ് കാണേണ്ടത്. ആ മെഡലുകളിൽ ഒതുങ്ങുന്നതാകരുത് കായികനേട്ടം. അതിനപ്പുറം പ്രതിഭകളെ വളർത്താൻ വേണ്ട പദ്ധതികൾ ഉണ്ടാകണം. എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള നാടാണ് നമ്മുടേത്. ദേശീയ ഗെയിംസിന്റെ വിജയത്തിനൊപ്പമാണ് നമ്മുടെ താരങ്ങളുടെ ഭാവിയും പ്രതീക്ഷകളും. ദേശീയ ഗെയിംസിന്റെ ഓരോ വേദിയിലും എത്തണമെന്നുണ്ട്. തിരക്കുകൾക്കിടയിലും കേരളത്തിലെത്തി നമ്മുടെ താരങ്ങളുടെ പ്രകടനങ്ങൾക്കു പ്രോൽസാഹനമേകും. ഇത്രയും വലിയ ഒരു ഉൽസവം വിജയിക്കുന്നതിന്റെ പ്രധാന ഘടകം ജനങ്ങളാണ്. തിരക്കുപിടിച്ച ഫെബ്രുവരിയിലേക്കാണ് നാം ഓടിക്കയറുന്നത്. ജനങ്ങളെയും കായിക താരങ്ങളെയും കുരുക്കിലാക്കാത്ത ഗതാഗതവും സുരക്ഷയും ഉണ്ടാകണം. നാട് നെഞ്ചേറ്റുന്ന റൺ കേരള റൺ വന്നെത്താൻ കാത്തിരിക്കുകയാണ് ഞാനും...’’ൎ

ഒപ്പം എന്റെ മനസ്സും
വി.എസ്. വിജയരാഘവൻ
പാലക്കാട് ∙ കേരളം മുഴുവൻ ഓടാനിറങ്ങുന്ന റൺ കേരള റണ്ണിനൊപ്പം ചേരാൻ മനസ്സുകൊണ്ടൊരുങ്ങി മുൻ എംപി വി.എസ്. വിജയരാഘവൻ. 20നു മറ്റുപരിപാടികളുണ്ടെങ്കിലും കഴിയുമെങ്കിൽ നാടിനൊപ്പം ചേരുമെന്നു വിജയരാഘവൻ. സ്വയം ആർജിച്ചെടുത്ത കായിക വീര്യവുമായി കളിക്കളത്തിലെത്തുന്നവർക്ക് ആശംസകളേകാൻ ഉണ്ടാകും. ദേശീയ ഗെയിംസ് കേരളത്തിലെത്തിക്കുന്നതു പുതിയ കായിക സംസ്കാരമാണ്. മറ്റു രാജ്യങ്ങളിൽ കുട്ടികൾക്കു ബാല്യകാലം മുതൽ കായിക പരിശീലനമുണ്ട്. നമ്മുടെ കുട്ടികൾ സ്വയം പരിശീലിച്ചാണു മൽസരങ്ങൾക്കെത്തു
ന്നത്. ദേശീയ ഗെയിംസിനായി ഒരുക്കുന്ന കളിക്കളങ്ങളും ജനങ്ങളെ ഒന്നാക്കുന്ന റൺ കേരള റണ്ണുമാണു നമുക്കു മുതൽക്കൂട്ട്. മുൻ താരങ്ങൾ പരിശീലിച്ച കളിക്കളങ്ങളേക്കാൾ മികച്ച, രാജ്യാന്തര നിലവാരത്തിലുള്ള മൈതാനങ്ങളിലാകട്ടെ പുതുതലമുറയുടെ പ്രതീക്ഷകൾ.