കേരളം ഓടാന്‍ ഒരുങ്ങുന്നു ആലപ്പുഴയും

ആലപ്പുഴ. കായിക മഹാമേളയുടെ കാഹളം മുഴങ്ങിക്കഴിഞ്ഞു. മികവിന്റെ ആ മേളയ്ക്കു കൂട്ടായ്മയുടെ കരുത്തില്‍ സ്വാഗതമോതാനൊരുങ്ങുകയാണ് കേരളം. നാട് ഇന്നോളം കാണാത്ത കൂട്ട ഓട്ടത്തിലൂടെ,
കേരളം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസിന്റെ വരവേല്‍പിനായി നാടാകെ നിരത്തില്‍ ഇറങ്ങുന്ന ' റണ്‍ കേരള റണ്ണിന് ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ജനുവരി 20നു 10.30നു കേരളത്തിലെ 7000 കേന്ദ്രങ്ങളിലാണു ചരിത്ര സംഭവമാകുന്ന ഈ കൂട്ടയോട്ടം നടക്കുക.

നാടിന്റെ ഒരുമയും പെരുമയും ഉയര്‍ത്തിക്കാട്ടുന്ന ഈ അപൂര്‍വ ഓട്ടത്തില്‍ ആബാലവൃദ്ധം അണിചേരും. ഒരേ ദിവസം ഒരേ സമയം കേരളമാകെ ട്രാക്കിലിറങ്ങുമ്പോള്‍ ലോകം അദ്ഭുതത്തോടെ കണ്ടു നില്‍ക്കും. കേരളത്തിലെ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും കായിക താരങ്ങള്‍ക്കുമൊപ്പം മന്ത്രിമാരും ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക നേതാക്കളുമെല്ലാം കൈകോര്‍ക്കുന്ന ഈ ഓട്ടത്തില്‍ ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പങ്കെടുക്കും

ചരിത്ര രേഖകളിലും റെക്കോര്‍ഡ് പുസ്തകങ്ങളിലും സ്ഥാനം പിടിക്കുന്ന ഈ മഹാ പ്രയാണത്തിന് ആലപ്പുഴയും ഒരുങ്ങിക്കഴിഞ്ഞു. ജില്ലയില്‍ അറുന്നൂറോളം കേന്ദ്രങ്ങളിലാണു കൂട്ടയോട്ടം നടക്കുക. സ്കൂളുകള്‍, കോളജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ക്ളബ്ബുകള്‍, കായിക കൂട്ടായ്മകള്‍, റസിഡന്റ് അസോസിയേഷനുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു കൂട്ടയോട്ടത്തില്‍ പങ്കു ചേരാം

റണ്‍ കേരള റണ്ണില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി ദേശീയ ഗെയിംസിന്റെ വോളന്റിയര്‍മാര്‍ സമൂഹത്തിന്റെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കും. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ കേരളത്തിലെ 29 സ്റ്റേഡിയങ്ങളില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ 11,500 കായിക താരങ്ങളാണു പങ്കെടുക്കുന്നത്.

നമ്മുടെ താരങ്ങള്‍ തങ്കത്തിളക്കമേകുമെന്നു കരുതുന്ന ഈ മഹാമേളയുടെ വിളംബരമായി 21 നടക്കുന്ന ഒരുമയുടെ ഓട്ടവും പ്രഖ്യാപിക്കും. ഒന്നാണു കേരളം ഇന്നും എന്നും.