റണ്‍ കേരള റണ്ണിന് ആവേശം പകരാന്‍ മുതിര്‍ന്നവരും

കാഞ്ഞിരപ്പള്ളി . ജീവിത വിഥീയില്‍ ഒാടിയും നടന്നും തളര്‍ന്നവരാണെങ്കിലും മനസ്സില്‍ ഇനിയും ബാല്യം അവശേഷിക്കുന്നുവെന്ന മനോബലത്തില്‍ ഞങ്ങളും ഈ സംരംഭത്തില്‍ തീര്‍ച്ചയായും പങ്കെടുക്കും. കാഞ്ഞിരപ്പള്ളി സീനിയര്‍ സിറ്റിസണ്‍സ് ഫോറം അംഗങ്ങളാണ് റണ്‍ കേരള റണ്ണില്‍ അണി ചേരുമെന്ന് അറിയിച്ചത്. റണ്‍ കേരള റണ്ണിന് ചരിത്ര സംഭവമാക്കാന്‍ മലയോരവും ഒരുങ്ങുകയാണ്.

ദേശീയ ഗെയിംസിനു മുന്നോടിയായി 20ന് നടക്കുന്ന റണ്‍ കേരള റണ്ണില്‍ പ്രായഭേദമന്യേ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അണി ചേരാന്‍ തയാറെടുത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിലെ മുഴുവന്‍ അംഗങ്ങളും റണ്‍ കേരളാ റണ്ണില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ഭാവി തലമുറയെ ക്രിയാത്മകമാക്കാന്‍ ദേശീയ ഗെയിംസ് കേരളത്തില്‍ നടത്തുന്നത് ഉചിതമായെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.  റണ്‍ കേരള റണ്‍ ചരിത്ര സംഭവമാക്കാന്‍ ഗ്രാമ പഞ്ചായത്തില്‍ ഇന്ന് യോഗം ചേരുമെന്ന് പ്രസിഡന്റ് പി.എ. ഷെമീര്‍ അറിയിച്ചു. പഞ്ചായത്തിലെ ഒട്ടുമിക്ക ജനങ്ങളെയും പങ്കെടുപ്പിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് മേഖലയിലെ   വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ ക്ളബ്ബുകള്‍ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ പ്രതിനിധികളുടെ യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. റണ്‍ കേരള റണ്ണില്‍ പങ്കെടുക്കുവാന്‍ താലൂക്കിലെ സ്കൂളുകള്‍, കോളജുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക സംഘടനകള്‍, എന്നിവിടങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.