റൺ മലയോരം റൺ; ചുവടുകളിൽ ആവേശം

കാഞ്ഞിരപ്പള്ളി ∙ ദേശീയ ഗെയിംസിന്റെ ആവേശം മലയോരമാകെ പടരുന്നു റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളായി. ടൗണിൽ നടക്കുന്ന കൂട്ടയോട്ടം നിയന്ത്രിക്കുവാൻ കുട്ടിപ്പൊലീസ് തയാറെടുത്തു കഴിഞ്ഞു. സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾക്കു പൊലീസ് വകുപ്പിന്റെ നേതൃത്വത്തിൽ നിർദേശങ്ങൾ നൽകി. ഓട്ടം നിയന്ത്രിക്കുന്നതിനൊപ്പം ഗതാഗത കുരുക്കൊഴിവാക്കുവാനും കുട്ടിപ്പൊലീസിന്റെ സഹായം പൊലീസിനു ലഭിക്കും. വിവിധ സ്കൂളുകളിലെ എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, നാഷനൽ സർവീസ് സ്കീം അംഗങ്ങളും വൊളന്റിയർമാരാകും. ഗ്രാമപഞ്ചായത്തിന്റെയും വിവിധ സ്കൂളുകളുടെയും ഓട്ടം പേട്ടകവലയിൽ സംഗമിക്കുമ്പോൾ കൂടെ ഓടുവാൻ ഡോ. എൻ. ജയരാജ് എംഎൽഎയും എത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റിലെ വ്യാപാരികളും കൂട്ടയോട്ടത്തിൽ പങ്കുചേരുമെന്നു ജനറൽ സെക്രട്ടറി മാത്യു ചാക്കോ വെട്ടിയാങ്കൽ അറിയിച്ചു. റൺ കേരള റണ്ണിൽ മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിക്കുവാൻ ജനശ്രീ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജില്ലാ ചെയർമാൻ പി.എ. സലീം, നിയോജകമണ്ഡലം ചെയർമാൻ ഷിൻസ് പീറ്റർ, ജോമോൻ മേലേടം, എം.കെ. ഷെമീർ, അഭിലാഷ് ചന്ദ്രൻ, മനോജ് മണിമല, ആശാ ഉണ്ണി, വിനീതാ ഹരി. ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകും. ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ നടക്കുന്ന കൂട്ടയോട്ടത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആശാനിലയം സ്പെഷൽ സ്കൂളും പങ്കെടുക്കും. ഓട്ടം ടൗണിൽ എത്തിച്ചേരുമ്പോൾ കുട്ടികളുടെ ബാന്റ് മേളം നടക്കും. സ്കൂളുകൾക്കു പുറമെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ കുടുംബശ്രീകൾ യുവജന സംഘടനകൾ ക്ലബ്വുകൾ എന്നിവരെയും ഉൾപ്പെടുത്തി വൻ ജനപങ്കാളിത്തം ഒരുക്കുവാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഹെഡ്ലോഡ് ആൻഡ് ടിംബർ വർക്കേഴ്സ്, ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവരെ പങ്കെടുപ്പിക്കുവാൻ ഐഎൻടിയുസി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.