റൺ കേരള റൺ വൻ വിജയമാക്കണം

മന്ത്രി കെ സി ജോസഫ്

കൊല്ലം ∙ ദേശീയ ഗെയിംസിന്റെ പ്രചരണാർത്ഥം നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടം വൻ വിജയമാക്കണമെന്ന് സാംസ്കാരിക പബ്ലിക് റിലേഷൻസ് മന്ത്രി കെ സി ജോസഫ് നിർദേശിച്വു. റൺ കേരള റണിന്റെ കൊല്ലം ജില്ലയിലെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്ന ഒരു പരിപാടിയായി ഇതു മാറണം. എല്ലാവരുടെയും മനസും ശരീരവും ഇതിന്റെ വിജയത്തിനായി സമർപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്വു. ജില്ലയിലെ 581 കേന്ദ്രങ്ങളിലാണ് റൺ കേരള റണിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ദേശീയ ഗെയിംസിന്റെ ഭാഗമായി കായിക കേരളത്തിന് ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ കായിക രംഗത്തിന് വൻ മുതൽക്കൂട്ടായി മാറുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രി ഷിബു ബേബി ജോൺ, എൻ കെ പ്രേമചന്ദ്രൻ എം പി, എം എൽ എമാരായ സി ദിവാകരൻ, എ എ അസീസ്, പി കെ ഗുരുദാസൻ, ഐഷാ പോറ്റി, കെ രാജു, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹൻ, ജില്ലാ കളക്ടർ ഡോ എ കൗശിഗൻ, സ്പോർട്ട്സ് ഡയറക്ടർ പുകഴേന്തി, ആർ ഡി ഒ സി സജീവ്, എ ഡി എം എസ് രാധാകൃഷ്ണൻ നായർ, ഡെപ്യൂട്ടി കളക്ടർ വർഗീസ് പണിക്കർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ദേശീയ ഗെയിംസിനുള്ള ഒരുക്കങ്ങൾ മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. ജനുവരി 17നകം ഹോക്കി സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കും. അവസാനഘട്ട ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരുന്നു. ദേശീയ ഗെയിംസിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. .