ഓട്ടോറിക്ഷാ റാലി

കൊകൊല്ലം : റൺ കേരള റണ്ണിന് അഭിവാദ്യമർപ്പിച്ച് കൊല്ലം നഗരത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ റാലി നടത്തും. കൊല്ലം ജില്ലാ ഓട്ടോ-ടാക്സി ആൻഡ് ഹെവി വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) യുടെ നേതൃത്വത്തിലുള്ള റാലി രാവിലെ 11 ന് ആനന്ദവല്ലീശ്വരത്ത് കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ ഫ്ലാഗ് ഓഫ് ചെയ്യും. ചിന്നക്കടയിൽ സമാപിക്കും.

ആവേശം പടർത്തി ആർട്ട് ഓഫ് ലിവിങും

കൊല്ലം : റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ ആവേശം ഏറ്റെടുത്ത് ആർട്ട് ഓഫ് ലിവിങ് പ്രസ്ഥാനവും. ആർട്ട് ഓഫ് ലിവിങിനു കീഴിലുള്ള ശ്രീ ശ്രീ അക്കാദമി വിദ്യാർഥികളും അധ്യാപകരും ആർട്ട് ഓഫ് ലിവിങ് പ്രവർത്തകരും നടത്തിയ മെഴുകുതിരിയും കത്തിച്ചുപിടിച്ചുകൊണ്ടുള്ള വിളംബരയാത്ര കൊല്ലം നഗരത്തിൽ കൂട്ടയോട്ടത്തിന്റെ ആവേശം പടർത്തി. പേപ്പർ കൂടിനുള്ളിൽ മെഴുകുതിരി കത്തിച്ചു പിടിച്ചും റൺ കേരള റണ്ണിന്റെ പ്ലക്കാർഡും കൊടികളും ഉയർത്തിയും പ്രത്യേക ജാക്കറ്റ് ധരിച്ചും വിദ്യാർഥികളും മറ്റും അണിനിരന്നു. കാൻഡിൽ റേസ് ആർട്ട് ഓഫ് ലിവിങിനു കീഴിലുള്ള വേദിക് ജ്ഞാൻ സംസ്ഥാൻ അപ്പക്സ് ബോഡി ചെയർമാൻ വി.ആർ. ബാബുരാജ് ഫ്ലാഗ് ഓഫ് ചെയ്തു. ജി. പത്മാകരൻ, എസ്. തിലകൻ, ജനാർദ്ദനൻ പിള്ള, ഡോ. സാജൻ എന്നിവർ പ്രസംഗിച്ചു.