റണ്‍ കേരള റണ്‍: ആവേശത്തില്‍ നാട്

കുണ്ടറ . ദേശീയ ഗെയിംസിനു മുന്നോടിയായി 20നു സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിനു നാലു ദിവസം ബാക്കി നില്‍ക്കെ പരിപാടിയുടെ വിജയത്തിനായി നാടെങ്ങും ആവേശത്തില്‍. കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്കും കായികപ്രേമികള്‍ക്കും പുറമെ തൊഴിലാളികളടക്കം ജീവിതത്തിന്റെ നാനാ മേഖലകളിലുള്ളവര്‍ സ്വയം മുന്നോട്ടു വരികയാണ്. കുണ്ടറയില്‍ ഇളമ്പള്ളൂര്‍, മുക്കട ജംക്ഷന്‍, ആശുപത്രിമുക്ക്, പള്ളിമുക്ക്, ആറുമുറിക്കട, പെരുമ്പുഴ, കേരളപുരം, ചിറ്റുമല തുടങ്ങിയ സ്ഥലങ്ങളില്‍ മെഗാ റണ്‍ നടക്കും. കുണ്ടറയിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവന്‍ സ്കൂളുകളും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കൂട്ടയോട്ടത്തില്‍ പങ്കാളികളാവും.